60 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഗെയിമിങ് കമ്പനിയായ എം.പി.എൽ; ഓൺലൈൻ ഗെയിം നിയന്ത്രണം തിരിച്ചടി
text_fieldsന്യൂഡൽഹി: പെയ്ഡ് ഓൺലൈൻ ഗെയിം നിരോധിക്കാനുള്ള കേന്ദ്ര ഗവൺമെന്‍റിന്‍റെ തീരുമാനത്തിനുപിന്നാലെ 60 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നെന്ന് അറിയിച്ച് എം.പി.എൽ. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗെയിമിങ് കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.പി.എൽ.
ഏകദേശം 300 പേർക്കാണ് ജോലി നഷ്ടപ്പെടുക. ഓൺ ലൈൻ ഗെയിമിങിൽ നിയന്ത്രണങ്ങൾ കേന്ദ്രം നടപ്പാക്കാൻ തുടങ്ങിയാൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനം പൂർണമായും നിലക്കുമെന്ന് കമ്പനി പറയുന്നു. ഈ മാസമാദ്യമാണ് പെയ്ഡ് ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്ന ബില്ല് ഗവൺമെന്‍റ് അവതരിപ്പിച്ചത്. ഈ നീക്കം രാജ്യത്തെ ഗെയിമിങ് വ്യവസായത്തിൽ 2029ഓടെ 3.6 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
പിരിച്ചുവിടൽ സംബന്ധിച്ച് ഇന്ത്യയിലെ ജീവനക്കാർക്ക് ഞായറാഴ്ച മെയിൽ വഴി അറിയിപ്പ് നൽകി. എം -ലീഗിന്‍റെ മൊത്തം വരുമാനത്തിന്‍റെ 50 ശതമാനം ഇന്ത്യയിൽ നിന്നാണെന്നും അധിക കാലം ഈ വരുമാനം ലഭിക്കില്ലെന്നും അതിനാൽ തങ്ങൾ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് സന്ദേശത്തിലുള്ളത്. മാർക്കറ്റിങ്, ഓപ്പറേഷൻ, ഫിനാൻസിങ്, എൻജിനീയറിങ് ഡിപ്പാർട്മെന്‍റുകളിലെ ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുക.
2021ൽ 2.3 ബില്യൺ ഡോളറെത്തിയ എം.പി.എല്ലിന്‍റെ മൂല്യം കഴിഞ്ഞ വർഷം 100 മില്യൺ എത്തിയിരുന്നു. നിലവിൽ യു.എസ്, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിൽ പെയ്ഡ് ഗെയിമിങ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ന് അവിടേക്കാവും കമ്പനിയുടെ കൂടുതൽ ശ്രദ്ധ. നിലവിലെ ഗെയിമിങ് നിയന്ത്രണങ്ങൾ രാജ്യത്തെ ഗെയിമിങ് മേഖലയെ ആകെ ഉലച്ചിട്ടുണ്ട്. 8 ബില്യൺ ഡോളർ മൂല്യമുള്ള ഡ്രീം ഇലവൺ ഫാന്‍റസി ക്രിക്കറ്റ് ബിസിനസ് നിർത്തി വച്ചു. റമ്മി പ്ലാറ്റ് ഫോമുകളുൾപ്പെടെയുള്ളവ ഓഫ് ലൈനായി. ഗവൺമെന്‍റിന്‍റെ നടപടിക്കെതിരെ ഗെയിമിങ് കമ്പനിയായ എ23 കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.