റിക്രൂട്ട്മെന്റ് തട്ടിപ്പ് തടയാൻ 'ഓപറേഷന് ശുഭയാത്ര'
text_fieldsതിരുവനന്തപുരം: എല്ലാത്തരം വിദേശ റിക്രൂട്ട്മെന്റുകളും ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലേ വിസിറ്റിങ് വിസയില്‍ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്ന് മറ്റ് രാജ്യങ്ങളില്‍ എത്തിച്ച് ചൂഷണം നടത്തുകയും ചെയ്യുന്നത് ഫലപ്രദമായി തടയാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായകമാകുമെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് 'ഓപറേഷന് ശുഭയാത്ര' ആരംഭിക്കും. മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സർക്കാർ അതിഗൗരവമായി കാണുന്ന വിഷയമായതിനാൽ ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫിസറായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. നോഡല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലയിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റുകളും രൂപവത്കരിച്ചിട്ടുണ്ട്. വിദേശത്ത് വീട്ടുജോലിക്ക് പോകുന്നതിന് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല. ഈ യോഗ്യത ഇല്ലാത്തവര്‍ക്ക് ക്ലിയറന്‍സ് ആവശ്യമാണ്. ഇവരെ വിസിറ്റിങ് വിസയില്‍ വിദേശത്ത് കൊണ്ടുപോയി അവിടെനിന്ന് മറ്റ് രാജ്യങ്ങളില്‍ എത്തിക്കുന്നതാണ് അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ രീതി. അതിനാല്‍ സ്പോണ്‍സറെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.