സംവരണ അട്ടിമറി; കരാർ അധ്യാപക നിയമനം നിർത്തണമെന്ന് പാർലമെന്റ് സമിതി
text_fieldsന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ സംവരണം എന്ന ഭരണഘടനാ വ്യവസ്ഥക്ക് തുരങ്കംവെക്കുന്ന കരാർ അധ്യാപക നിയമനം നിർത്തണമെന്ന് വിദ്യാഭ്യാസ പാർലമെൻറ് സമിതി റിപ്പോർട്ട്. സംസ്ഥാന സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഒഴിഞ്ഞുകിടക്കുന്ന പത്തുലക്ഷം അധ്യാപക തസ്തികകൾ അടിയന്തരമായി നികത്തണമെന്നും രാജ്യസഭ എം.പി ദിഗ്വിജയ് സിങ് അധ്യക്ഷനായ സമിതി വെള്ളിയാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സമയബന്ധിതമായി ഒഴിവുകൾ നികത്താനുള്ള സമിതിയുടെ ആവർത്തിച്ചുള്ള ശിപാർശകൾ സംസ്ഥാന സർക്കാറുകൾ മുഖവിലക്കെടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. രാജ്യത്ത് മൂന്ന് പതിറ്റാണ്ടുകളായി ഗുണനിലവാരമുള്ള അധ്യാപകരെ സൃഷ്ടിച്ച വിദ്യാഭ്യാസ പ്രോഗ്രാമുകളിലൊന്നായ ബാച്ചിലേഴ്സ് ഇൻ എലിമെന്ററി എജുക്കേഷൻ (ബി.എൽ.എഡ്) പ്രോഗ്രാം പുനഃസ്ഥാപിക്കണം. ദരിദ്രരും ഗ്രാമീണരുമായി വിദ്യാർഥികളെ പ്രാഥമിക സ്കൂൾ അധ്യാപകരായി ഉയർത്തിക്കൊണ്ടുവരുന്നതിന് ബി.എൽ.എഡ് ഏറെ പ്രയോജനകരമായിരുന്നു.
പദ്ധതിക്ക് പരിമിതികൾ ഉണ്ടെങ്കിൽ പാഠ്യപദ്ധതി നവീകരിച്ചും മറ്റുമുള്ള പ്രവർത്തനമാണ് വേണ്ടത്. പദ്ധതി നിർത്തലാക്കൽ ദീർഘ വീക്ഷണമില്ലാത്ത നടപടിയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ന്യൂനപക്ഷ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള നിർണായക സ്കോളർഷിപ് പദ്ധതികൾക്ക് അംഗീകാരം വൈകിപ്പിക്കുന്നതിനെതിരെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ വിമർശിച്ച് സാമൂഹികനീതി ശാക്തീകരണ സ്ഥിര സമിതി റിപ്പോർട്ട്.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽനിന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം തടയുകയാണെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നാഷനൽ ഫെലോഷിപ്, നാഷനൽ ഓവർസിസ് സ്കോളർഷിപ്, സൗജന്യ കോച്ചിങ്, റസിഡൻഷ്യൽ എജുക്കേഷൻ തുടങ്ങി നിരവധി പദ്ധതികൾ സാമൂഹികനീതി ശാക്തീകരണ വകുപ്പ്, ഭിന്നശേഷി ശാക്തീകരണ വകുപ്പ്, ഗോത്രകാര്യ മന്ത്രാലയം എന്നിവ നന്നായി നടപ്പാക്കുമ്പോൾ ന്യൂനപക്ഷകാര്യ മന്ത്രാലയം ഈ പദ്ധതികൾ നിർത്തലാക്കുകയാണ് ഉണ്ടായത്. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും സമിതി ശിപാർശ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.