അർഹതപ്പെട്ടവർക്ക് ജോലിയില്ല; മരിച്ചവർക്ക് അഡ്വൈസ് മെമ്മോ നൽകി പി.എസ്.സിയുടെ കാത്തിരിപ്പ്
text_fieldsകാസർകോട്: മരിച്ചവർക്ക് അഡ്വൈസ് മെമ്മോ നൽകി കാത്തിരിക്കുന്ന പി.എസ്.സി നടപടി തിരുത്തണമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് മരണപ്പെടുന്ന ഉദ്യോഗാർഥിയുടെ മരണ സർട്ടിഫിക്കറ്റ് സമർപ്പിക്കപ്പെട്ടാലും അഡ്വൈസ് മെമ്മോ അയച്ച് കാത്തിരിക്കുന്നതാണ് മറ്റ് ഉദ്യോഗാർഥികൾക്ക് വിനയാകുന്നത്. ഇതുവഴി മറ്റ് ഉദ്യോഗാർഥികൾക്ക് സമയവും ജോലിയും നഷ്ടപ്പെടുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് മരണ സർട്ടിഫിക്കറ്റ് വാങ്ങി പി.എസ്.സിക്ക് സമർപ്പിച്ചാലും പി.എസ്.സി ‘പാരമ്പര്യ രീതി’ കൈവിടാതെ മരിച്ചയാൾക്കും അഡ്വൈസ് മെമ്മോ അയക്കും. അത് എൻ.ജെ.ഡി ആയി തിരിച്ചുവന്നാൽ മാത്രമേ അടുത്തയാൾക്ക് പരിഗണന ലഭിക്കുകയുള്ളൂ. എന്നാൽ, അപ്പോഴേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിരിക്കും. ഫലത്തിൽ അർഹതപ്പെട്ട ഒരാളുടെ ജോലിയാണ് പി.എസ്.സി ഇതുവഴി ഇല്ലാതാക്കുന്നതെന്നാണ് ആരോപണം.
ഇതിനെതിരെ മുമ്പ് സി.കെ. മദനൻ എന്നയാൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഹരജി നൽകുകയും മൂന്നുമാസംകൊണ്ട് വിധി വരുകയും ചെയ്തു. വിധിയിൽ പി.എസ്.സി എടുത്തിരിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണുള്ളത്. അതേസമയം, ഉത്തരവുമായി പി.എസ്.സിയെ സമീപിച്ചപ്പോൾ ഹരജി മടക്കുകയാണ് ചെയ്തത്. വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കുകയും പിന്നീടുള്ള വിധിയിൽ പി.എസ്.സിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

