അധ്യാപകരായി തുടരാൻ ടെറ്റ് നിർബന്ധമെന്ന് സുപ്രീംകോടതി; ന്യൂനപക്ഷ സ്ഥാപനങ്ങളിലെ തീരുമാനം വിശാല ബെഞ്ചിന്
text_fieldsന്യൂഡൽഹി: അധ്യാപകരായി തുടരാനും സ്ഥാനക്കയറ്റത്തിനും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) നിർബന്ധമാക്കി സുപ്രീംകോടതി. വിരമിക്കാൻ അഞ്ച് വർഷത്തിൽ താഴെയുള്ളവർക്ക് ഇതിൽ ഇളവ് നൽകി. ഭാഷ- മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ടെറ്റ് നിർബന്ധമാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതും അത് അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങൾ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു.
ഇക്കാര്യത്തിൽ വിശാല ബെഞ്ച് തീരുമാനം എടുക്കുന്നതുവരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടെറ്റ് യോഗ്യതയിൽനിന്ന് ഒഴിവാക്കി. 2011 ജൂലൈ 29ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നേടേണ്ടതുണ്ടോ, ന്യൂനപക്ഷ എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണോ തുടങ്ങിയവ സംബന്ധിച്ച് തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു കൂട്ടം ഹരജികളിലാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ടെറ്റ് നിയമം പ്രാബല്യത്തിൽ വരുംമുമ്പ് ജോലിയിൽ പ്രവേശിക്കുകയും വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ ഉള്ളവർക്ക് അധ്യാപകരായി തുടരാൻ രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടണം. ഈ സമയക്രമം പാലിക്കാതിരുന്നാൽ രാജിവെക്കുകയോ ആനുകൂല്യങ്ങളോട് കൂടിയ നിർബന്ധിത പിരിച്ചുവിടലിന് വിധേയമാക്കുകയോ വേണം. അഞ്ചുവർഷത്തിൽ കുറഞ്ഞ സർവിസ് ശേഷിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത വേണം -വിധിയിൽ പറയുന്നു.
ന്യൂനപക്ഷ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 2014ലെ സുപ്രീംകോടതി വിധിയിൽ ആശങ്കയുണ്ട്. അതിൽ വിശാല ബെഞ്ച് തീരുമാനം എടുക്കുംവരെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ഇളവ് നൽകുന്നതായി രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.