‘മൂൺലൈറ്റിങ് വീരൻ’; ആരാണീ സോഹം പരേഖ്?
text_fieldsസിലിക്കൺ വാലി മുതൽ ബംഗളൂരു വരെയുള്ള ഐ.ടി സ്റ്റാർട്ട് അപ് മേധാവികൾ മുതൽ സാദാ ടെക്കികൾ വരെ തിരയുന്ന വിവാദ നായകൻ സോഹം പരേഖ് ആരാണ് ? എന്താണ് സോഹന്റെ പേരിലെ വിവാദം?
‘മൂൺലൈറ്റിങ്’ അഥവാ ഒരേ സമയം ഒന്നിലേറെ കമ്പനികൾക്ക് വേണ്ടി രഹസ്യമായി ജോലി ചെയ്ത് പണമുണ്ടാക്കുന്ന പരിപാടി ഐ.ടി കമ്പനികളിലെ പരസ്യമായ രഹസ്യമാണ്. കോവിഡാനന്തരമാണ് ഇത് വ്യാപകമായത്. റിമോട്ട് വർക്കിങ് എന്ന വർക്ക് ഫ്രം ഹോം പ്രതിഭാസം മൂൺലൈറ്റിങ്ങിനായി ചില വിരുതന്മാർ നന്നായി ഉപയോഗപ്പെടുത്തി. അതിപ്പോഴും തുടരുകയാണ്. അത്തരമൊരു കഥയാണ് സോഹൻ പരേഖിന്റേത്.
ഒരേസമയം നാലും അഞ്ചും പുതിയ ഐ.ടി സ്റ്റാർട്ട് അപ് കമ്പനികൾക്കു വേണ്ടിവരെ ജോലി ചെയ്ത സോഹം പരേഖ് എന്ന യുവ ഐ.ടി എൻജിനീയറുടെ പ്രവൃത്തി തൊഴിൽ മാന്യതക്കു ചേർന്നതല്ല എന്ന് ഒരു വിഭാഗവും ജീനിയസിന്റെ ലക്ഷണമാണെന്ന് മറു വിഭാഗവും സമൂഹമാധ്യമങ്ങളിൽ വാദിക്കുകയാണ്. അനലറ്റിക്സ് കമ്പനിയായ മിക്സപാനലിന്റെ സ്ഥാപകൻ സുഹൈൽ ദോഷി കഴിഞ്ഞ ആഴ്ച ‘എക്സി’ൽ എഴുതിയ കുറിപ്പിലൂടെയാണ് സോഹത്തിന്റെ ‘ക്രൂരകൃത്യങ്ങൾ’ ലോകമറിഞ്ഞത്. ഇയാൾ മൂന്നോ നാലോ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്നുവെന്നാണ് ദോഷി പറഞ്ഞത്.
താൻ ഇദ്ദേഹത്തെ ഹയർ ചെയ്തിരുന്നുവെന്നും എന്നാൽ ആളെ ആവശ്യത്തിന് കിട്ടാതായതോടെ കോൺട്രാക്ട് അവസാനിപ്പിച്ചുവെന്നും വെളിപ്പെടുത്തിയ ദോഷി, മറ്റു പലർക്കും ഇത്തരം അനുഭവം ഉണ്ടായെന്നും കൂട്ടിച്ചേർത്തു. ഇത് ശരിവെച്ച് വേറെ ചിലരും രംഗത്തുവന്നു. എന്നാൽ, സോഹത്തെ പിന്തുണച്ചും പലരും രംഗത്തെത്തി. 70 സ്റ്റാർട്ടപ്പുകളുടെ ഇന്റർവ്യൂകളിൽ വിജയിച്ച ആളാണ് സോഹമെന്നും ഇയാളൊരു ജീനിയസാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇങ്ങനെ മൂൺലൈറ്റിങ് വീരന്റെ അനുഭാവികളും എതിരാളികളും ഏറ്റുമുട്ടുന്നതിനിടെ, സാക്ഷാൽ സോഹം തന്നെ വെളിച്ചത്തുവന്നു.
അത്യാഗ്രഹം കൊണ്ടല്ല താൻ ഇങ്ങനെ ഒരേസമയം പല കമ്പനികൾക്കും വേണ്ടി ജോലി ചെയ്തതെന്നും സാമ്പത്തികമായി വളരെ ഞെരുങ്ങിയപ്പോൾ കഠിനമായി അധ്വാനിച്ചതായിരുന്നുവെന്നും ഒരു വിഡിയോ അഭിമുഖത്തിൽ സോഹം അവകാശപ്പെട്ടു. തന്നെപ്പോലെ വിദഗ്ധ ഐ.ടി ജോലിയിൽ ആഴ്ചയിൽ 140 മണിക്കൂർ ജോലി ചെയ്യുന്നവർ ആരുണ്ടെന്നും ഇയാൾ ചോദിക്കുന്നു. 2020ൽ യു.എസിലേക്ക് കുടിയേറിയപ്പോളാണ് ഇങ്ങനെ രാപ്പകൽ അധ്വാനിച്ചത്. മാസം 30,000-40,000 ഡോളർ വരെ ഇങ്ങനെ സമ്പാദിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ താൻ അതെല്ലാം അവസാനിപ്പിച്ചുവെന്നും ഒരു കമ്പനിക്കുവേണ്ടി മാത്രമാണ് ജോലി ചെയ്യുന്നതെന്നും സോഹം പറയുന്നു. ഇത് ശരിവെച്ച ‘ഡാർവിൻ’ എന്ന ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനി, സോഹം ഇപ്പോൾ തങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം തങ്ങളുടെ മികച്ച അസറ്റാണെന്നും കമ്പനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.