82,000 പേർക്ക് പ്രതിവർഷം 20,000 രൂപ വരെ; കേന്ദ്ര സർക്കാർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: പ്ലസ് ടുവിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ്. പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ പ്രോത്സാഹൻ (പിഎം-യു.എസ്.പി) സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
82,000 വിദ്യാർഥികൾക്ക് അവസരം
എല്ലാ വർഷവും 82,000 പുതിയ വിദ്യാർഥികൾക്കാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബിടെക്, എംബിബിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നവർക്കും അർഹതയുണ്ട്.
എത്ര തുക ലഭിക്കും?
- ബിരുദ കോഴ്സുകൾ: ആദ്യ മൂന്ന് വർഷം പ്രതിവർഷം 12,000 രൂപ
- ബിരുദാനന്തര കോഴ്സുകൾ: പ്രതിവർഷം 20,000 രൂപ
- ഇന്റഗ്രേറ്റഡ് കോഴ്സുകൾ: നാല്, അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 20,000 രൂപ
- ബിടെക് / ബിഇ: ആദ്യ മൂന്ന് വർഷം 12,000 രൂപ, നാലാം വർഷം 20,000 രൂപ
യോഗ്യതകൾ
പ്ലസ് ടു പരീക്ഷയിൽ ബന്ധപ്പെട്ട സ്ട്രീമിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ റെഗുലർ കോഴ്സിന് പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കവിയരുത്.
സ്കോളർഷിപ്പ് തുടർന്ന് ലഭിക്കാൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും നേടണം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്.
വിശദവിവരങ്ങൾക്ക് ഔദ്യോഗിക പോർട്ടലിലെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.

