പുതുതലമുറ പറയുന്നു; ഈ ഒത്തു‘കൂടൽ മാണിക്യ’മാണ്...
text_fieldsഹയർ സെക്കൻഡറി വിഭാഗം നാടകമത്സരത്തിൽ
അവതരിപ്പിച്ച ‘പട്ടം’ നാടകത്തിൽനിന്ന്
ഇരിങ്ങാലക്കുട: കലയുടെ ക്ഷേത്രനഗരി കൂടിയാണ് ഇരിങ്ങാലക്കുട. ഉണ്ണായി വാര്യരുടെ നാട്. അതോടൊപ്പം തന്നെ ആധുനിക കാലത്തും തങ്ങൾ ജാതിചിന്ത പഴയതിനേക്കാൾ കാഠിന്യത്തിൽ കൊണ്ടുനടക്കുന്നുവെന്ന് മറയില്ലാതെ വിളിച്ചുപറയുന്ന ജാതിവെറിയന്മാരുമുള്ള നാടാണിത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം പ്രശ്നവുമായി ബന്ധപ്പെട്ടുയർന്ന ജാതിചർച്ചകൾക്ക് ഇനിയും ശമനമായിട്ടില്ല. അതേ ജാതിപ്പെരുമകൾ പേറുന്നവരുള്ള ഇടത്തിൽവന്ന് ജാതിക്കെതിരെയും വർഗീയ ഭിന്നിപ്പിനെതിരെയും ഒത്തൊരുമയുടെ ശബ്ദമുയർത്തുകയാണ് പുതുതലമുറ. കൂടൽമാണിക്യത്തിന്റെ മണ്ണിൽ ശരിക്കും മാണിക്യംപോലെയാണ് ഈ ഒത്തുകൂടലെന്ന് കുട്ടികൾ പറയുന്നു.
തൃശൂർ വിവേകോദയം ബോയ്സ് സ്കൂൾ അതരിപ്പിച്ച ‘എമർജൻസി എക്സിറ്റ്’ എന്ന നാടകം സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഗൗരവമായ ആഖ്യാനമായിരുന്നു. ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പി.കെ. ശ്രീനിവാസന്റെ ചെറുകഥയെ ആസ്പദമാക്കി നിഖിൽ ദാസ് അണിയിച്ചൊരുക്കിയതാണ് നാടകം.
മതവിമർശനങ്ങൾക്കും എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ പരിതസ്ഥിതി തുറന്നുകാട്ടിയ ‘കാഫ്കയുടെ കൂട്ടുകാരൻ’ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാർഥികൾ രചനയും സംവിധാനവും നിർവഹിച്ച ‘നീറുന്ന ഭൂതകാലം’, ഹയർ സെക്കൻഡറി തലത്തിൽ അവതരിപ്പിച്ച ‘പട്ടം’ എന്നീ നാടകങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദുത്വ ഇന്ത്യയിൽ മതങ്ങൾ തമ്മിലുള്ള ഐക്യം കുറഞ്ഞുവരുന്നതും മുസ്‍ലിംകൾ ഒറ്റപ്പെടുന്നതുമാണ് ‘പട്ടം’ നാടകത്തിന്റെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

