സർക്കാർ മെഡിക്കൽ കോളജുകളിൽ 15 ശതമാനം എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ
text_fieldsബംഗളൂരു: കര്‍ണാടകയിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ 15 ശതമാനം എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ അനുവദിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് ആര്. പട്ടേല്‍ പറഞ്ഞു. സംസ്ഥാനത്തെ 450 അധിക മെഡിക്കല്‍ സീറ്റുകള്‍ക്ക് ദേശീയ മെഡിക്കല്‍ കമീഷന് (എന്‍.എം.സി) അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. മെഡിക്കല്‍ കോളജുകള്‍ക്ക് സംസ്ഥാന ഗ്രാന്റിനെ ആശ്രയിക്കുന്നതിന് പകരം സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.രാജ്യവ്യാപകമായി 8000 സീറ്റുകള്‍ നല്‍കുമെന്ന് എന്‍.എം.സി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സർക്കാർ മെഡിക്കൽ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് കര്‍ണാടക നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ കനത്ത ഫീസ് താങ്ങാന്‍ സാധിക്കുന്നില്ല എന്ന സാഹചര്യം വന്നപ്പോഴാണ് അധിക സീറ്റ് ആവശ്യപ്പെട്ടത്. അഭ്യര്‍ഥന അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. 2025-26 അധ്യയന വർഷം മുതൽ പുതിയ എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ നിലവില്‍വരും. ഇതോടെ സംസ്ഥാനത്തെ ആകെ സീറ്റുകളുടെ എണ്ണം 9663 ആയി ഉയരും. നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റിൽ 9263 സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.
അധിക സീറ്റുകൾ ബംഗളൂരു, മൈസൂരു, ബെലഗാവി, കലബുറഗി, ചിക്കബെല്ലാപൂർ, ഹസൻ, റായ്ച്ചൂർ, വിജയനഗര എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകള്‍ക്ക് തുല്യമായി വീതിക്കും. ഓരോ സ്ഥാപനത്തിനും 50 സീറ്റുകൾ വീതം ലഭിക്കും. ഹുബ്ബള്ളിയിലെ മൂരുസാവിര മഠം നടത്തുന്ന കോളജിനും 50 സീറ്റ് അധികം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.