പ്ളസ് വണ്‍: ആദ്യ അലോട്ട്മെന്‍റ് 16ന്
text_fieldsതിരുവനന്തപുരം: പ്ളസ് വണിന് സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുട്ടികള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു അപേക്ഷിക്കാനുള്ള സമയപരിധി. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പ്ളസ് വണിന്‍െറ ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ എട്ടിന് പുറത്തിറക്കും. ആദ്യ അലോട്ട്മെന്‍റ് 16നാണ്. ജൂലൈ എട്ടിന് ക്ളാസ് ആരംഭിക്കും.
ജൂലൈ ഒന്നിന് ക്ളാസ് തുടങ്ങാനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സി.ബി.എസ്.ഇ ഫലം വൈകിയതോടെ പ്ളസ് വണ്‍ അപേക്ഷ നല്‍കുന്ന സമയം ആദ്യം മേയ് 30ലേക്കും പിന്നീട് ജൂണ്‍ രണ്ടുവരെയും നീട്ടുകയായിരുന്നു.
അപേക്ഷാ സമയം നീട്ടിയതിനനുസരിച്ച് ട്രയല്‍ അലോട്ട്മെന്‍റും ആദ്യ അലോട്ട്മെന്‍റും ക്ളാസുകള്‍ തുടങ്ങുന്ന തീയതിയുമൊക്കെ നീട്ടേണ്ടിവന്നു. ഇതോടെ പ്ളസ് വണ്‍ പ്രവേശനടപടികളും നീണ്ടു. കഴിഞ്ഞവര്‍ഷം ജൂലൈ 14നാണ് ക്ളാസുകള്‍ ആരംഭിച്ചത്.
ഇക്കൊല്ലം അപേക്ഷിച്ചവരില്‍ 465094 കുട്ടികളും സംസ്ഥാന സിലബസില്‍ പത്താം ക്ളാസ് പൂര്‍ത്തിയാക്കിയവരാണ്. 52285 കുട്ടികള്‍ സി.ബി.എസ്.ഇക്കാരാണ്. സി.ബി.എസ്.ഇക്കാരുടെ അപേക്ഷയില്‍ ഇക്കുറി വന്‍ വര്‍ധനവാണ് വന്നത്. ഐ.സി.എസ്.ഇ പഠിച്ച 4677 കുട്ടികളും മറ്റ് സിലബസുകള്‍ പഠിച്ച 13978 പേരും അപേക്ഷ നല്‍കി.
മൊത്തം 536132 കുട്ടികളാണ് ഓണ്‍ലൈനില്‍ അപേക്ഷിച്ചത്. 533126 പേരും ഓണ്‍ ലൈനില്‍ പ്രിന്‍റൗട്ട് എടുത്തു. ഇതില്‍ 510429 അപേക്ഷകളില്‍ സ്കൂള്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ തവണത്തെക്കാള്‍ ഇക്കുറി അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. 83468 പേര്‍. കോഴിക്കോട് ജില്ലയില്‍ 54076ഉം പാലക്കാട്ട് 48295ഉം അപേക്ഷകരുണ്ട്. കുറച്ച് അപേക്ഷകര്‍ വയനാട്ടിലാണ് -13159 പേര്‍. മറ്റ് ജില്ലകളിലെ അപേക്ഷകരുടെ എണ്ണം: തിരുവനന്തപുരം: 44959, കൊല്ലം: 39755, പത്തനംതിട്ട: 18521, ആലപ്പുഴ: 33135, കോട്ടയം: 29880, ഇടുക്കി: 16388, എറണാകുളം: 47201, തൃശൂര്‍: 47198 കണ്ണൂര്‍: 40008, കാസര്‍കോട്: 20089.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.