അഗ്രികൾച്ചർ യു.ജി, പി.ജി, പി.എച്ച്.ഡി: ചോയിസ് ഫില്ലിങ് നാളെ വരെ
text_fieldsഅഗ്രികൾചർ ആൻഡ് അലൈഡ് സയൻസസ് (വെറ്ററിനറി സ്ട്രീം ഒഴികെ) യു.ജി, പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ 2025-26 വർഷത്തെ ഐ.സി.എ.ആർ ഓൺലൈൻ കൗൺസലിങ് നടപടികൾ തുടങ്ങി.
മോപ് അപ് റൗണ്ട് അടക്കം അഞ്ച് ഘട്ടങ്ങളായിട്ടാണ് സീറ്റ് അലോട്ട്മെന്റ്. സീറ്റ് മെട്രിക്സ്, ഫീസ് നിരക്ക് ഉൾപ്പെടെ പ്രവേശന നടപടികളടങ്ങിയ പരിഷ്കരിച്ച കൗൺസലിങ് ബ്രോഷറും അലോട്ട്മെന്റ് ഷെഡ്യൂളുകളും www.icarcounseling.com ൽ ലഭിക്കും. കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, ഫീസ് പേയ്മെന്റ്, ഡോക്മെന്റ് അപ് ലോഡിങ് നടപടികൾ ഒക്ടോബർ 17 രാത്രി 11.50നകം പൂർത്തിയാക്കണം.
അലോട്ട്മെന്റ് ഷെഡ്യൂൾ: ഒന്നാംഘട്ട സീറ്റ് അലോട്ട്മെന്റ് അടക്കമുള്ള പ്രവേശന നടപടികൾ 21ന് വൈകീട്ട് അഞ്ചിന് ആരംഭിക്കും. സീറ്റ് അക്സപ്റ്റൻസ് ഫീസ് അടച്ച് താൽക്കാലിക പ്രവേശന ലെറ്റർ ജനറേറ്റ് ചെയ്ത് ഒക്ടോബർ 24നകം പ്രവേശനം നേടാം. ഇതിനിടയിൽ സർവകലാശാലകളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ആവശ്യപ്പെടുന്ന രേഖകൾ വീണ്ടും അപ് ലോഡ് ചെയ്യുകയും വേണം.
രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ 27ന് രാവിലെ 11 മുതൽ തുടങ്ങും. 28 വരെ ഫീസടച്ച് പ്രവേശനം നേടാം.
മൂന്നാംഘട്ട സീറ്റ് അലോട്ട്മെന്റ്, പ്രവേശന നടപടികൾ 31ന് രാവിലെ 10ന് തുടങ്ങി നവംബർ ഒന്നിന് അവസാനിക്കും. നാലാം റൗണ്ട് അലോട്ട്മെന്റ്, പ്രവേശന നടപടികൾ നാലിന് തുടങ്ങി ആറിന് അവസാനിക്കും.
നാലാംഘട്ടം അവസാനിക്കുമ്പോൾ മോപ് അപ്/ അവസാന റൗണ്ടിലേക്കുള്ള ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. നവംബർ എട്ടിന് വൈകീട്ട് അഞ്ചു മുതൽ കൗൺസലിങ് ഫീസ് അടച്ച് പുതിയ ചോയ്സുകൾ നൽകണം. 10 ന് രാത്രി 11.50 മണിവരെ ചോയ്സ് ഫില്ലിങ് സ്വീകരിക്കും. 12ന് ഒരുമണി മുതൽ സീറ്റ് അലോട്ട്മെന്റ് തുടരും. പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിന് നവംബർ 14 ന് രാത്രി 11.50 മണി വരെ സൗകര്യമുണ്ടാവും.
അഗ്രികൾചർ ബിരുദ പ്രവേശനം: നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ സി.യു.ഇ.ടി (ഐ.സി.എ.ആർ യു.ജി) 2025 പരീക്ഷയിൽ നേടിയ സ്കോർ അടിസ്ഥാനമാക്കി വിഷയാധിഷ്ഠിതമായി തയാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും അഗ്രികൾചർ/ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ്. 74 കാർഷിക സർവകലാശാലകളിലേക്കാണ് പ്രവേശനം.
ഐ.സി.എ.ആർ നേരിട്ട് വിദ്യാർഥികൾക്ക് കോളജ് അലോട്ട് ചെയ്യില്ല. സർവകലാശാലകളാണ് പ്രവേശന നടപടികൾ സ്വീകരിക്കുക.
ഐ.സി.എ.ആർ അഖിലേന്ത്യാ ക്വോട്ടയിൽ 20 ശതമാനം സീറ്റുകളിലേക്കും നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഡി.ആർ.ഐ) കർണാൽ, ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.ആർ.ഐ) ന്യൂഡൽഹി, ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ബരേലി, ആർ.എൽ.ബി.സി.എ.യു ഝാൻസി, ഡോ.ആർ.പി.സി.എ.എൽ.ഐ സമസ്തിപൂർ എന്നിവിടങ്ങളിലെ 100 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈൻ കൗൺസലിങ് വഴി അഗ്രികൾചർ/അനുബന്ധ കോഴ്സുകളിൽ പ്രവേശനം.
സി.യു.ഇ.ടി (ഐ.സി.എ.ആർ യു.ജി) 2025ൽ അഭിമുഖീകരിച്ച സബ്ജക്ട് കോമ്പിനേഷനിൽപ്പെട്ട അതേ വിഷയങ്ങൾ പ്ലസ് ടു പരീക്ഷയിലും പാസായിരിക്കണം എന്ന നിബന്ധന ഈ വർഷത്തെ പ്രവേശന മാനദണ്ഡത്തിലുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
രജിസ്ട്രേഷൻ: ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് അർഹതയുള്ളവർ 500 രൂപ ഫീസ് അടച്ച് https://icarcounseling.com ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം താൽപര്യമുള്ള സർവകലാശാല/ സ്ഥാപനങ്ങളും കോഴ്സുകളും യഥേഷ്ടം തിരഞ്ഞെടുത്ത് ചോയ്സ് ഫില്ലിങ് നടത്തണം. ചോയ്സുകൾ എത്രവേണമെങ്കിലും നൽകാം.
അലോട്ട്മെന്റ് ലഭിക്കുന്നവർ 10,000 രൂപ അടച്ച് താൽക്കാലിക പ്രവേശനം നേടാം. ഇതിനായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതില്ല.
കോഴ്സുകളും സീറ്റുകളും: രാജ്യത്തെ വിവിധ കാർഷിക സർവകലാശാല/ സ്ഥാപനങ്ങളിലായി അഗ്രികൾചർ/അനുബന്ധ കോഴ്സുകളിൽ ലഭ്യമായ ഐ.സി.എ.ആർ സീറ്റുകൾ ചുവടെ.
ബി.എസ് സി (ഓണേഴ്സ്)- അഗ്രികൾചർ- 3121, (കെ.എ.യു, വെള്ളാനിക്കര-92), ബി.എസ് സി (ഓണേഴ്സ്) ഹോൾട്ടികൾചർ- 774, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസസ് (ബി.എഫ്.എസ് സി)- 307, ബി.എസ് സി (ഓണേഴ്സ്) ഫോറസ്ട്രി- 275 (വെള്ളാനിക്കര- 7), ബി.എസ് സി (ഓണേഴ്സ്) ഫുഡ് ന്യൂട്രിഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്- 80, ബി.എസ് സി (ഓണേഴ്സ്)- സെറികൾചർ- 22, ബി.എസ് സി (ഓണേഴ്സ്) നാച്വറൽ ഫാമിങ്- 59, ബി.എസ് സി (ഓണേഴ്സ്)- അഗ്രി ബിസിനസ് മാനേജ്െമന്റ്- 32, ബി.ടെക് അഗ്രികൾചറൽ എൻജിനീയറിങ്- 384 (വെള്ളാനിക്കര-11), ബി.ടെക് ഡെയറി ടെക്നോളജി, 215 (കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല പൂക്കോട്- 9), ബി.ടെക് ഫുഡ് ടെക്നോളജി- 262, ബി.ടെക്-ബയോ ടെക്നോളജി- 219.
നാഷനൽ ടാലന്റ് സ്കോളർഷിപ്: അഖിലേന്ത്യ പ്രവേശന പരീക്ഷ വഴി അന്യസംസ്ഥാനങ്ങളിലെ കാർഷിക സർവകലാശാലയിൽ ബാച്ചിലർ/മാസ്റ്റേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് നാഷനൽ ടാലന്റ് സ്കോളർഷിപ്പിന് അർഹതയുണ്ട്. ബിരുദ പ്രോഗ്രാമുകൾക്ക് 2,000 രൂപയും മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് 3,000 രൂപയുമാണ് പ്രതിമാസ സ്കോളർഷിപ്.
പി.ജി/പിഎച്ച്.ഡി, ഓൺലൈൻ കൗൺസലിങ്,സീറ്റ് അലോട്ട്മെന്റ് അടക്കമുള്ള പ്രവേശന നടപടികൾ അതത് കോഴ്സുകളുടെ പ്രത്യേക കൗൺസലിങ് ബ്രോഷറിലുണ്ട്. ഇവ https://icarcounseling.comൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ് നടത്തി ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് നടപടികളിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

