അഖിലേന്ത്യ ആയുഷ് ബിരുദ കോഴ്സ് പ്രവേശനം: ചോയ്സ് ഫില്ലിങ് നാളെ മുതൽ
text_fieldsആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി) അഖിലേന്ത്യ ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് നടപടികൾ തുടങ്ങി. 2025-26 വർഷത്തെ ബി.എ.എം.എസ്/ബി.എസ്.എം.എസ്/ബി.യു.എം.എസ്/ബി.എച്ച്.എം.എസ്/ ബിഫാം (ആയുർവേദ) കോഴ്സുകളിലേക്ക് നീറ്റ് യു.ജി 2025 റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. അഖിലേന്ത്യ േക്വാട്ട സീറ്റുകളിലും കേന്ദ്ര സർവകശാല/ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ/ കൽപിത സർവകലാശാലകൾ അടക്കമുള്ള ആയുഷ് സ്ഥാപനങ്ങളിലുമാണ് പ്രവേശനം. ജാംനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദയിൽ (ഐ.ടി.ആർ.എ) ബി.ഫാം (ആയുർവേദ) കോഴ്സിലും പ്രവേശനമുണ്ട്.
മൂന്ന് റൗണ്ട്/ഘട്ടങ്ങളിലാണ് കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ. ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ട് സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെന്റുകളും ഉണ്ടാവും. കൗൺസലിങ് ഷെഡ്യൂളും അലോട്ട്മെന്റ് പ്രവേശന നടപടിക്രമങ്ങളടങ്ങളിയ വിവരണ പത്രികയും എ.എ.സി.സി.സി വെബ്സൈറ്റായ https://aaccc.gov.in ൽ ലഭ്യമാണ്.
കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ:
ഒന്നാം റൗണ്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് സെപ്റ്റംബർ ഒന്ന് ഉച്ചക്ക് രണ്ട് മണിവരെ ഒൺലൈനിൽ രജിസ്റ്റർ ചെയ്ത് ഫീസടക്കാം. ആഗസ്റ്റ് 26 മുതൽ ചോയ്സ് ഫില്ലിങ്/ലോക്കിങ് നടത്താം. സെപ്റ്റംബർ ഒന്ന് രാത്രി 11.55 മണിക്കകം രജിസ്ട്രേഷൻ, ഫീസ് പേമെന്റ്, ചോയ്സ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. 2, 3 തീയതികളിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി സെപ്റ്റംബർ നാലിന് ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിക്കും. 5-12 വരെ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
രണ്ടാം റൗണ്ട് കൗൺസലിങ് രജിസ്ട്രേഷൻ ഫീസ് പേമെന്റ് നടപടികൾ സെപ്റ്റംബർ 17ന് തുടങ്ങും. ചോയ്സ് ഫില്ലിങ്/ ലോക്കിങ് 18നും 22നുമിടയിൽ പൂർത്തിയാക്കണം. 25ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 26 മുതൽ ഒക്ടോബർ മൂന്ന് വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. മൂന്നാം റൗണ്ട് കൗൺസലിങ്ങിലേക്ക് ഒക്ടോബർ 10-13 വരെ രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ് / ലോക്കിങ് നടപടികൾ പൂർത്തിയാക്കും. 16ന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 17-24 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.
സ്ട്രേ വേക്കൻസി റൗണ്ട്
മൂന്ന് റൗണ്ട് അലോട്ട്മെന്റുകളും പൂർത്തിയാക്കിക്കഴിഞ്ഞ് ഒഴിവുള്ള സീറ്റുകളിലേക്കാണ് ഈ അലോട്ട്മെന്റ്. ഇതിലും രണ്ട് റൗണ്ടുകളുണ്ടാവും. ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 30നും നവംബർ മൂന്നിനും മധ്യേ രജിസ്റ്റർ ചെയ്ത് ഫീസ് അടച്ച് ചോയ്സ് ഫില്ലിങ്/ ലോക്കിങ് മുതലായ നടപടികൾ പൂർത്തിയാക്കണം. നവംബർ ആറിന് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 7-12 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
സ്ട്രേ വേക്കൻസി രണ്ടാംഘട്ടം അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ആവശ്യമില്ല. സ്ട്രേ വേക്കൻസി ഒന്നാംഘട്ടത്തിൽ നൽകിയ ചോയ്സ് പരിഗണിച്ച് നവംബർ 18ന് സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 19-25 വരെ പ്രവേശനം നേടാം.
സ്ഥാപനങ്ങളും കോഴ്സുകളും
അലോട്ട്മെന്റിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളും ലഭ്യമായ കോഴ്സുകളും വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ള സ്ഥാപനങ്ങളും കോഴ്സുകളും തെരഞ്ഞെടുത്ത് ചോയ്സ് ഫില്ലിങ് നടത്താം. എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവൺമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലെയും ബി.എ.എം.എസ്/ബി.എസ്.എം.എസ്/ബി.യു.എം.എസ്/ബി.എച്ച്.എം.എസ് കോഴ്സുകളിൽ 15 ശതമാനം സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിൽ ഉൾപ്പെടുത്തി അലോട്ട്മെന്റ് നടത്തും.
ബനാറസ് ഹിന്ദു സർവകലാശാല വാരാണസി, ഐ.ടി.ആർ.എ ജാംനഗർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ജയ്പുർ/പഞ്ചകുല) എന്നിവിടങ്ങളിലെ ബി.എ.എം.എസ് കോഴ്സിൽ 100 ശതമാനം സീറ്റുകളിലും കൊൽക്കത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിൽ ബി.എച്ച്.എം.എസ് കോഴ്സിൽ മുഴുവൻ സീറ്റിലും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ചെന്നൈയിലെ ബി.എസ്.എം.എസ് കോഴ്സിൽ മുഴുവൻ സീറ്റുകളിലും ഗോവയിലെ എ.ഐ.ഐ.എയിലെ ബി.എ.എം.എസ് കോഴ്സിൽ 50 ശതമാനം സീറ്റിലും അരുണാചൽപ്രദേശിലെ നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എ.എം.എസ് കോഴ്സിൽ 50 സീറ്റുകളിലും അലീഗഢ് മുസ്ലിം സർവകലാശാലയിൽ ബി.യു.എം.എസ് കോഴ്സിൽ 50 ശതമാനം സീറ്റുകളിലും നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട് ഓഫ് ആയുർവേദ/ഹോമിയോപ്പതി ഷില്ലോങ്ങിലെ ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിൽ 50 ശതമാനം സീറ്റുകളിലും ഐ.ടി.ആർ.എ ജാംനഗറിലെ ബി.ഫാം (ആയുർവേദ) കോഴ്സിൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും എ.എ.സി.സി.സി യു.ജി കൗൺസലിങ് വഴിയാണ് പ്രവേശനം.‘നീറ്റ്-യു.ജി 2025’ൽ യോഗ്യത നേടിയവർക്ക് കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. മെറിറ്റും ചോയ്സും പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്റ്.
രജിസ്ട്രേഷൻ നടപടിക്രമം
മൂന്ന് മുഖ്യ റൗണ്ടുകളിലും സ്ട്രേ വേക്കൻസി ഒന്നാം റൗണ്ടിലും ഓരോ ഘട്ടത്തിലും പങ്കെടുക്കുന്നതിന് പുതിയ രജിസ്ട്രേഷൻ ചോയ്സ് ഫില്ലിങ് ആവശ്യമാണ്. ഒന്നാം റൗണ്ടിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിന് പുതുതായി രജിസ്റ്റർ ചെയ്യാം. ഈ രണ്ട് റൗണ്ടുകളിലും രജിസ്റ്റർ ചെയ്യാത്തവർക്കും മൂന്നാം റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്ത് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല.
വിവരണ പത്രികയിലെ നിർദേശങ്ങൾ പാലിച്ചാവണം ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പാസ്വേർഡ് രഹസ്യമായി സൂക്ഷിക്കണം. അക്കാദമിക് രേഖകളൊന്നും അപ് ലോഡ് ചെയ്യേണ്ടതില്ല. സമയ ബന്ധിതമായി രജിസ്ഷ്രേൻ ഫീസ് പേമെന്റ് ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. മുൻഗണനാക്രമത്തിൽ കോളജ്, കോഴ്സ്, ചോയ്സുകൾ എത്രവേണമെങ്കിലും നൽകാവുന്നതാണ്. ലോക്ക് ചെയ്തുകഴിഞ്ഞ് പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
രജിസ്ട്രേഷൻ ഫീസ്
രണ്ടുതരം ഫീസുകളാണ് രജിസ്ട്രേഷൻ സമയത്ത് അടക്കേണ്ടത്. ഒന്നാമത്തേത് രജിസ്ട്രേഷൻ ഫീസ്. ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 രൂപ മതി. എന്നാൽ, കൽപിത സർവകലാശാലകളിലേക്ക് എല്ലാ വിഭാഗങ്ങളിൽപ്പെടുന്നവരും 5000 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്.
രണ്ടാമത്തേത് തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി മണി. സർക്കാർ, എയ്ഡഡ് കോളജുകളിലെ അഖിലേന്ത്യ ക്വോട്ട/ കേന്ദ്ര സർവകലാശാല/ ദേശീയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എല്ലാവിഭാഗക്കാർക്ക് സെക്യൂരിറ്റി മണി 20,000 രൂപയാണ്. കൽപിത സർവകലാശാലകളിലേക്ക് 50,000 രൂപയും. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്-യു.പി.ഐ മുഖേന ഫീസ് അടക്കാം. ഫീസ് അടച്ചാൽ മാത്രമേ ചോയ്സ് ഫില്ലിങ് നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.
അലോട്ട്മെന്റ് റിപ്പോർട്ടിങ്
ഒന്നാം ഘട്ടം അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് തൃപ്തിയുള്ള പക്ഷം അസ്സൽ രേഖകൾ ഹാജരാക്കി പ്രവേശനം നേടാം. തൃപ്തനല്ലെങ്കിൽ രണ്ടാം റൗണ്ടിൽ സീറ്റ് അപ്ഗ്രഡേഷനായി സമ്മതം അറിയിക്കാം. ഇനി ലഭിച്ച സീറ്റിൽ പ്രവേശനത്തിന് താൽപര്യമില്ലെങ്കിൽ ‘ഫ്രീ എക്സിറ്റ്’ ഓപ്ഷൻ വിനിയോഗിച്ച് തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കാം.
പ്രവേശനം നേടിയ സീറ്റ് വേണ്ടാത്തപക്ഷം രണ്ടാം അലോട്ട്മെന്റിന് മുമ്പ് ഫ്രീ എക്സിറ്റ് ഉപയോഗിച്ച് തുടർന്നുള്ള റൗണ്ടുകളിലെ അലോട്ട്മെന്റിൽ പെങ്കടുക്കാവുന്നതാണ്. ഇതിലേക്ക് പുതിയ ചോയ്സുകൾ നൽകേണ്ടിവരും. വിശദമായ അലോട്ട്മെൻറ് റിപ്പോർട്ടിങ് വ്യവസ്ഥകളും ചട്ടങ്ങളും വിവരണ പത്രികയിലുണ്ട്.
പ്രവേശനത്തിന് ഹാജരാക്കേണ്ട രേഖകൾ
- പ്രൊവിഷനൽ അലോട്ട്മെന്റ് ലെറ്റർ (ഇത് എ.എ.സി.സി.സി പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.)
- നീറ്റ്, യു.ജി 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
- നീറ്റ്-യു.ജി 2025 സ്കോർ കാർഡ്
- ജനന തീയതിയുള്ള സർട്ടിഫിക്കറ്റ് (പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ജനന തീയതിയുണ്ടെങ്കിൽ അത് മതിയാകും)
- ക്ലാസ് 10, 12 സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകളും
- എട്ട് ഫോട്ടോഗ്രാഫുകൾ (നീറ്റ്-യു.ജി, AACCC യു.ജി കൗൺസലിങ് അപേക്ഷയിൽ പതിച്ചതുപോലുള്ളത്)
- ഐ.ഡി പ്രൂഫ് (ആധാർ/പാൻകാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി, പാസ്പോർട്ട്)
- മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (രജിസ്ട്രേഷൻ മെഡിക്കൽ പ്രാക്ടീഷണർ നിർദിഷ്ട ഫോറത്തിൽ നൽകിയതാവണം.
- അവസാനം പഠിച്ച സ്ഥാപനത്തിൽനിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി)
- ഭിന്നശേഷി, എസ്.സി, എസ്.ടി, ഒ.ബി.സി-എൻ.സി.എൽ മുതലായ സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.