6, 9 ക്ലാസുകളിലേക്ക് അഖിലേന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരിയിൽ
text_fieldsരാജ്യത്തെ സൈനിക സ്കൂളുകളിൽ 2026-27 അധ്യയനവർഷത്തെ 6, 9 ക്ലാസുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷ (എ.ഐ.എസ്.എസ്.ഇ.ഇ-2026) ജനുവരിയിൽ നടത്തും. ഓൺലൈനിൽ ഒക്ടോബർ 30 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനവും വിവരണ പത്രികയും https://exams.nta.nic.in/sainik-school-society വെബ്സൈറ്റിൽ ലഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 700 രൂപ. 31 രാത്രി 11.50 വരെ ഫീസടക്കാം.
● പ്രവേശന യോഗ്യത: ആറാം ക്ലാസ് പ്രവേശനത്തിന് വയസ്സ് 31.03.2026ൽ 10നും 12നും മധ്യേയാവണം. (2014 ഏപ്രിൽ ഒന്നിനും 2016 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം). അഞ്ചാം ക്ലാസ് പാസായവരോ പഠിക്കുന്നവരോ ആകണം.
ഒമ്പതാം ക്ലാസ് പ്രവേശനത്തിന് പ്രായം 13നും 15നും മധ്യേയാവണം. (2011 ഏപ്രിൽ ഒന്നിനും 2013 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം). എട്ടാം ക്ലാസ് പാസായവരോ പഠിക്കുന്നവരോ ആകണം.
എ.ഐ.എസ്.എസ്.ഇ.ഇ-2026 മെറിറ്റ് ലിസ്റ്റിൽനിന്ന് നിലവിലുള്ള 33 സൈനിക സ്കൂളുകളിൽ 6, 9 ക്ലാസുകളിലും പുതിയ 69 സൈനിക സ്കൂളുകളിൽ (എൻ.എസ്.എസ്) ആറാം ക്ലാസിലും 19 പുതിയ സൈനിക സ്കൂളുകളിൽ ഒമ്പതാം ക്ലാസിലും പ്രവേശനം ലഭിക്കും.
നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ദേശീയതലത്തിൽ പ്രവേശന പരീക്ഷ നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്.
● പ്രവേശന പരീക്ഷ: പേപ്പർ, പെൻസിൽ ഉപയോഗിച്ച് ഒ.എം.ആർ ഉത്തരക്കടലാസിൽ മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളിൽനിന്നും ഉത്തരം കണ്ടെത്തുന്ന രീതിയിലാണ് പരീക്ഷ. ആറാം ക്ലാസ് പരീക്ഷയിൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, ഇന്റലിജൻസ്, പൊതുവിജ്ഞാനം എന്നിവയിലായി 125 ചോദ്യങ്ങൾ, 300 മാർക്കിന്.
ഒമ്പതാം ക്ലാസ് പരീക്ഷയിൽ മാത്തമാറ്റിക്സ്, ഇന്റലിജൻസ്, ഇംഗ്ലീഷ്, ജനറൽ സയൻസ്, സോഷ്യൽ സയൻസ് എന്നിവയിലായി 150 ചോദ്യങ്ങൾ, 400 മാർക്കിന്. ഉത്തരം തെറ്റിയാൽ മാർക്ക് കുറക്കില്ല. കൂടുതൽ വിവരങ്ങൾ വിവരണ പത്രികയിലുണ്ട്.
● പരീക്ഷ കേന്ദ്രങ്ങൾ: കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
● സൈനിക സ്കൂളുകളും സീറ്റുകളും: പ്രവേശനം ലഭിക്കുന്ന സൈനിക സ്കൂളുകളും ക്ലാസുകളും സീറ്റുകളും വിവരണപത്രികയിൽ ലഭ്യമാണ്. സ്വന്തം സംസ്ഥാനക്കാർക്ക് 67 ശതമാനം സീറ്റുകളിലും ഇതര സംസ്ഥാനക്കാർക്ക് 33 ശതമാനം സീറ്റുകളിലും പ്രവേശനം ലഭിക്കും.
തിരുവനന്തപുരം (കഴക്കൂട്ടം) സൈനിക സ്കൂളിൽ 6ാം ക്ലാസിൽ ആൺകുട്ടികൾക്ക് 70 സീറ്റുകളിലും (ഹോം സ്റ്റേറ്റ് - 49, ഇതര സംസ്ഥാനക്കാർക്ക് 21) പെൺകുട്ടികൾക്ക് 10 സീറ്റുകളിലും (5 + 5) പ്രവേശനമുണ്ട്.
ഒമ്പതാം ക്ലാസിൽ ആൺകുട്ടികൾക്ക് 20 സീറ്റുകളിലും (14 + 6) പെൺകുട്ടികൾക്ക് രണ്ട് സീറ്റിലും (ഹോം സ്റ്റേറ്റുകാർക്ക് മാത്രം) പ്രവേശനം ലഭിക്കും.
കേരളത്തിലെ പുതിയ സ്കൂളുകൾ:വേദവ്യാസ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്; വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ ആലപ്പുഴ; ശ്രീ ശാരദ വിദ്യാലയ എറണാകുളം; ഡോ. രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂൾ, മാള (തൃശൂർ), മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം. സീറ്റ് വിവരങ്ങൾ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

