ഡി.എൽ.എഡിന് ചേരാം; അധ്യാപകരാകാം
text_fieldsഎൽ.പി/യു.പി സ്കൂൾ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്) കോഴ്സ് പഠിക്കാം. നാല് സെമസ്റ്ററുകളായുള്ള രണ്ടുവർഷ റെഗുലർ കോഴ്സാണിത്. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ടി.ടി.ഐ) 2025-27 വർഷം നടത്തുന്ന ‘ഡി.എൽ.എഡ്’ കോഴ്സ് പ്രവേശനത്തിന് ആഗസ്റ്റ് 11 വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും അപേക്ഷ ഫോറ മാതൃകയും https://education.kerala.gov.inൽ അനൗൺസ്ലമെന്റ് വിഭാഗത്തിൽ ലഭ്യമാണ്.വിവിധ ജില്ലകളിലായി സർക്കാർ/എയ്ഡഡ് മേഖലയിൽ 101 ടി.ടി.ഐകളുമാണുള്ളത്. പട്ടിക വിജ്ഞാപനത്തിലുണ്ട്.
പ്രവേശന യോഗ്യത:ഹയർസെക്കൻഡറി/ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. മൂന്ന് ചാൻസിനുള്ളിൽ പാസാകണം.പ്രായപരിധി 1.7.2025ൽ 17 - 33.
സെലക്ഷൻ മാനദണ്ഡം: യോഗ്യത പരീക്ഷയിലെ മാർക്ക് 80 ശതമാനം, ഇന്റർവ്യൂ മാർക്ക് 10 ശതമാനം, സ്പോർട്സ്/ ഗെയിംസ്/ കലോത്സവം എന്നിവയിൽ പ്രാഗല്ഭ്യം തെളിയിച്ചവർക്ക് 10 ശതമാനം എന്നിങ്ങനെ വെയ്റ്റേജ് നൽകിയാണ് തെരഞ്ഞെടുപ്പ്. ആകെ സീറ്റിൽ സയൻസ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം വീതവും കോമേഴ്സിന് 20 ശതമാനം എന്നിങ്ങനെ വിഭജിച്ചാണ് പ്രവേശനം.
അപേക്ഷിക്കേണ്ടവിധം:
സർക്കാർ/ എയ്ഡഡ് ടി.ടി.ഐ പ്രവേശനത്തിന് നിർദിഷ്ട ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം. അല്ലെങ്കിൽ ‘0202-01-102-97-03 other receipt’ എന്ന അക്കൗണ്ട്ഹെഡിൽ അഞ്ച് രൂപ ട്രഷറിയിലടച്ച ചലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം അതത് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലാണ് സമർപ്പിക്കേണ്ടത്. മാനേജ്മെന്റ് ക്വോട്ട അപേക്ഷയുടെ പ്രിന്റൗട്ട് രജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ട മാനേജർക്കും പകർപ്പ് ഡി.ഡി.ഇമാർക്കും നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.