ഉയർന്ന ക്ലാസുകളിൽ പാഠ്യപദ്ധതി മാറ്റവുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യസ നയം അനുസരിച്ച് ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ മാറ്റവുമായി സി.ബി.എസ്.ഇ. പരീക്ഷാ ഘടന, വിദ്യാർഥി പങ്കാളിത്തം, അധ്യാപന രീതി എന്നിവയിലടക്കം മാറ്റം വരുത്തിയാണ് പുതിയ പാഠ്യപദ്ധതിയെന്ന് സി.ബി.എസ്.ഇ അധികൃതർ പറയുന്നു.
നിർദിഷ്ട സിലബസ് പിന്തുടരുന്നതിനോടൊപ്പം നൂതന അധ്യാപന രീതികൾ കൈക്കൊള്ളണം. വിദ്യാർഥികളുടെ വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര കഴിവുകൾ, വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ളവരാക്കൽ, അനുഭവാധിഷ്ഠിത പഠനം, കഴിവ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ, അധ്യാപന സമീപനങ്ങൾ എന്നിവയിൽ ഊന്നിയാണ് പാഠ്യപദ്ധതിയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വിലയിരുത്തലിൽ കൂടുതൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ പുനർമൂല്യനിർണയ പ്രക്രിയ പരിഷ്കരിക്കും. ബഹുമുഖ കാഴ്ചപ്പാടുകളിൽ നിന്ന് ആശയങ്ങളെ പര്യവേക്ഷണം ചെയ്യാനും ചോദ്യം ചെയ്യാനും വിശകലനം ചെയ്യാനും വിദ്യാർഥികളെ പ്രേരിപ്പിക്കും. കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. 2025-26 അധ്യയന വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ നടത്തും. ഇതിനായുള്ള കരട് ചട്ടക്കൂട് തയാറാക്കിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.