സിബിഎസ്ഇ പരീക്ഷ: തിയറിക്കും പ്രാക്ടിക്കലിനും മാർക്ക് എത്ര? അറിയേണ്ടതെല്ലാം
text_fieldsന്യൂഡൽഹി: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഓരോ വിഷയത്തിനും തിയറി, പ്രാക്ടിക്കൽ, പ്രോജക്ട്, ഇന്റേണൽ എന്നിങ്ങനെ എത്ര മാർക്ക് വീതം ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തി സിബിഎസ്ഇ. 2026-27 അധ്യയന വർഷത്തെ പരീക്ഷക്കുള്ള വിശദമായ മാർക്ക് ഘടനയാണ് ബോർഡ് പുറത്തുവിട്ടിരിക്കുന്നത്. ഏതൊക്കെ പരീക്ഷകൾക്ക് പുറത്തുനിന്ന് എക്സാമിനർ വരും, പരീക്ഷ എത്ര മണിക്കൂർ നീളും എന്നിവയും ഇതിൽ പറയുന്നുണ്ട്.
പത്താം ക്ലാസിൽ കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നിവയിൽ 80 മാർക്കിന്റെ എഴുത്തുപരീക്ഷയും 20 മാർക്കിന്റെ ഇന്റേണൽ മൂല്യനിർണയവുമാണ് ഉണ്ടാവുക. എന്നാൽ മറ്റ് വിഷയങ്ങളിൽ മാർക്ക് ഘടന മാറും. ഹോം സയൻസിൽ പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യമുണ്ട്. ഇവിടെ 70 മാർക്ക് തിയറിക്കും 30 മാർക്ക് പ്രാക്ടിക്കലിനുമാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ രണ്ടിനും 50 മാർക്ക് വീതവും.
സംഗീതം, പെയിന്റിങ് പോലുള്ള വിഷയങ്ങളിലാണ് ഏറ്റവും വലിയ വ്യത്യാസം. കർണാടക, ഹിന്ദുസ്ഥാനി സംഗീതത്തിലും പെയിന്റിങ്ങിലും തിയറിക്ക് 30 മാർക്ക് മാത്രമേയുള്ളൂ. പ്രാക്ടിക്കലിന് 50 മാർക്കും ഇന്റേണലിന് 20 മാർക്കുമാണ്. തൊഴിലധിഷ്ഠിത വിഷയങ്ങളിൽ പലതിനും തിയറിക്കും പ്രാക്ടിക്കലിനും 50 മാർക്ക് വീതമാണ്. എലമെന്റ്സ് ഓഫ് ബിസിനസിൽ പ്രോജക്ടിനാണ് 30 മാർക്ക്.
പ്ലസ് ടുവിൽ സയൻസ് വിഷയങ്ങൾക്ക് പൊതുവെ 70:30 എന്ന രീതിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവയിലെല്ലാം 70 മാർക്ക് തിയറിക്കും 30 മാർക്ക് പ്രാക്ടിക്കലിനുമാണ്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ പലതിനും 80 മാർക്ക് തിയറിക്കും 20 മാർക്ക് പ്രോജക്ടിനുമാണ് രീതി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നിവ ഇതിൽപ്പെടും. ജ്യോഗ്രഫിയിൽ വീണ്ടും 70:30 രീതിയാണ്. എന്നാൽ ഫൈൻ ആർട്സിൽ നേരെ തിരിച്ചാണ്, തിയറിക്ക് 30 മാർക്കും പ്രാക്ടിക്കലിന് 70 മാർക്കും.
പ്ലസ് ടുവിലെ വൊക്കേഷണൽ വിഷയങ്ങളിൽ മിക്കതിനും 60 മാർക്ക് തിയറിക്കും 40 മാർക്ക് പ്രാക്ടിക്കലിനുമാണ്. മൾട്ടിമീഡിയയിൽ മാത്രം 50:50 ആണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷക്ക് പുറത്തുനിന്ന് എക്സാമിനർമാരെ നിയമിക്കും. മിക്ക തിയറി പരീക്ഷകളും മൂന്ന് മണിക്കൂറാണ്. സംഗീതം, നൃത്തം, ഫൈൻ ആർട്സ് പരീക്ഷകൾക്ക് രണ്ട് മണിക്കൂറേയുള്ളൂ. വിഷയം തിരിച്ചുള്ള പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

