ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്; പ്രതിമാസം 10,000 രൂപ വീതം
text_fieldsകേരളത്തിലെ സർവകലാശാലകളിലെ ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷിക്കാം. മാസം 10,000 രൂപ വീതം മൂന്നു വർഷത്തേക്കാണ് സ്കോളർഷിപ്. 2025 ജനുവരി, ജൂലൈ ബാച്ചുകളിൽ പ്രവേശനം നേടിയ റെഗുലർ ഒന്നാം വർഷ ഗവേഷണ വിദ്യാർഥികൾക്കാണ് അവസരം. ജെ.ആർ.എഫ്, പി.എം.ആർ.എഫ് അടക്കം കേന്ദ്ര/സംസ്ഥാന സർക്കാറിന്റെയോ സർവകലാശാലകളുടെയോ മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്തവരായിരിക്കണം. അഫിലിയേറ്റഡ് കോളജുകളിലെ പിഎച്ച്.ഡി റിസർച്ച് സ്കോളർമാരെയും പരിഗണിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും മാതൃക അപേക്ഷാഫോറവും www.dcescholarship.kerala.gov.in, https://collegiateedu.kerala.gov.in എന്നീ സബ് സെന്ററുകളിൽ (ന്യൂസ് ആൻഡ് അപ്ഡേറ്റ്സ് ലിങ്കിൽ) നിന്ന് ഡൗൺലോഡ് ചെയ്യാം.
നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട/ആവശ്യമായ രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് സെപ്റ്റംബർ 12 വൈകീട്ട് അഞ്ചുമണിക്കുമുമ്പ് സമർപ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ സ്ഥാപനമേധാവി സെപ്റ്റംബർ 23നകം സൂക്ഷ്മപരിശോധന നടത്തി അംഗീകരിച്ച് ഒപ്പോടുകൂടി ആമുഖ കത്ത് സഹിതം തിരുവനന്തപുരത്തേക്ക് ഒക്ടോബർ ഏഴിന് ലഭിക്കത്തക്കവണ്ണം അയക്കണം. സ്പെഷൽ ഓഫിസർ (സ്കോളർഷിപ്), ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജുക്കേഷൻ, ആറാംനില, വികാസ് ഭവൻ, തിരുവനന്തപുരം -695033.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ വിജ്ഞാപനത്തിലുണ്ട്. അർഹതയുള്ള 555 വിദ്യാർഥികളെ സി.എം റിസർച്ചർ സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കും. അക്കാദമിക് മെറിറ്റ് അടിസ്ഥാനത്തിലാവും സെലക്ഷൻ. നിശ്ചിതകാലയളവിൽ ഗവേഷണം പൂർത്തിയാക്കി പ്രബന്ധം/തിസീസ് സമർപ്പിക്കണം. അല്ലാത്തപക്ഷം കൈപ്പറ്റിയ സ്കോളർഷിപ് തുക 18 ശതമാനം പലിശസഹിതം തിരിച്ചടക്കേണ്ടതാണ്.
അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക വർഷത്തിൽ രണ്ട് ഗഡുക്കളായി ജൂണിലും ഡിസംബറിലുമായി അനുവദിച്ചുനൽകും. റിസർച്ച് സ്കോളറായി പ്രവേശനം നേടുന്ന തീയതി മുതൽ ഫെലോഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.