എൻജിനീയറിങ് പ്രവേശനം: ഓപ്ഷൻ സമർപ്പണം നാളെ വരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ സമർപ്പണം ബുധനാഴ്ച അവസാനിക്കും. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിങ് കോളജുകളിലേക്കാണ് ഓപ്ഷനുകൾ നൽകേണ്ടത്.
പ്രവേശന യോഗ്യത നേടിയ വിദ്യാർഥികൾക്ക് ബുധനാഴ്ച രാവിലെ 11വരെ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാം. ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വെബ്സൈറ്റ്: www.cee.kerala.gov.in. ഫോൺ: 0471-2332120, 2338487.
ഫീസ്
ഓപ്ഷൻ രജിസ്ട്രേഷന് 2000 രൂപ ഫീസായി അടക്കണം. പ്രവേശന ഘട്ടത്തിൽ ഈ തുക ട്യൂഷൻ ഫീസിലേക്ക് വകയിരുത്തും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തുക തിരികെ നൽകും. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ഫീസ് പിഴയായി കണക്കാക്കി തിരികെ നൽകില്ല. ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഒടുക്കാം.
ഓപ്ഷൻ രജിസ്റ്റർ
ഇന്റർനെറ്റ് സൗകര്യം സ്വന്തമായി ഇല്ലാത്ത വിദ്യാർഥികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്ററിലൂടെ രജിസ്റ്റർ ചെയ്യാം. സെന്ററുകളുടെ പട്ടിക വെബ്സൈറ്റിൽ.
ടോക്കൺ ഡെപ്പോസിറ്റ്
സർക്കാർ/ എയ്ഡഡ് / എയ്ഡഡ് സ്വയംഭരണ എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മുഴുവൻ ഫീസും അടച്ച് പ്രവേശനം ഉറപ്പാക്കണം. സർക്കാർ കോസ്റ്റ് ഷെയറിങ്/ സ്വകാര്യ സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശനപരീക്ഷ കമീഷണറുടെ പേരിൽ 8000 രൂപ ടോക്കൺ ഡെപ്പോസിറ്റായി ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഓൺലൈനായോ അടക്കണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാർഥികളും മറ്റ് ഫീസിളവുള്ള വിദ്യാർഥികളും ടോക്കൺ ഫീസായി 500 രൂപയാണ് അടക്കേണ്ടത്.
ശ്രദ്ധിക്കാൻ
• ഒന്നാംഘട്ടത്തിൽ ലഭ്യമാക്കിയ ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടത്തിൽ ലഭ്യമാകില്ല. അതിനാൽ പ്രവേശനം ആഗ്രഹിക്കുന്ന കോളജ്/ കോഴ്സ് ഈ ഘട്ടത്തിൽതന്നെ രജിസ്റ്റർ ചെയ്യണം
• അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രമേ ഓപ്ഷനുകൾ നൽകാവൂ.
• വിവധതരം കോളജുകളിലേക്കുള്ള ഫീസ് ഘടന പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം കോളജുകൾ/ കോഴ്സുകൾ തെരഞ്ഞെടുക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.