'വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ വേണ്ട'; കാലിക്കറ്റ് സർവകലാശാല വിദഗ്ധ സമിതിയുടെ ശുപാർശ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. വൈസ് ചാൻസലർ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.
മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്.
ഇതിനെതിരെ സിന്‍ഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു.
മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ല. അതിനാൽ ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.