പ്രവാസി വിദ്യാർഥികളേ..ഉന്നത കലാലയങ്ങളിൽ ഇടംപിടിക്കാൻ ഇതാണ് സമയം
text_fieldsപ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് രാജ്യത്തെമ്പാടുമുള്ള കേന്ദ്ര സർവകലാശാലകളിലെയും വിവിധ സംസ്ഥാന/സ്വകാര്യ/കൽപിത സർവകലാശാലകളിലെയും ബിരുദ തലത്തിലുള്ള വ്യത്യസ്ത കോഴ്സ് പ്രവേശനത്തിന് അവസരമൊരുക്കുന്ന എൻട്രൻസ് പരീക്ഷ സി.യു.ഇ.ടി-യു.ജിക്ക് (കോമൺ യൂനിവേഴ്സ്റ്റിറ്റി എൻട്രൻസ് ടെസ്റ്റ്) മാർച്ച് 12 വരെ അപേക്ഷിക്കാം.
ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ മേയ് 21 മുതൽ 31 വരെയാണ്. ഇത്തവണ യോഗ്യത പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങൾക്ക് പുറമെ ഷാർജ, ദുൈബ, റിയാദ്, ദോഹ, കുവൈത്ത്, മനാമ, മസ്കത്ത് എന്നിവിടങ്ങളിലടക്കം ഒട്ടേറെ വിദേശ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ഉന്നത കലാലയങ്ങളിലെ പ്രവേശനം
കേരളത്തിലേതുൾപ്പെടെ 44 കേന്ദ്ര സർവകലാശാലകൾക്ക് പുറമെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി (ബംഗളൂരു), ഡോ. ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റി (ഡൽഹി), സർദാർ പട്ടേൽ യൂനിവേഴിറ്റി ഓഫ് പൊലീസ് (രാജസ്ഥാൻ), ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റിന്റെ വിവിധ കാമ്പസുകൾ, ജാമിഅ ഹംദർദ്, അവിനാഷിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയൻസ് ആൻഡ് ഹയർ എജുക്കേഷൻ ഫോർ വിമൺ (കോയമ്പത്തൂർ) തുടങ്ങിയ സ്ഥാപനങ്ങളിലെയും പ്രവേശനത്തിനും സി.യു.ഇ.ടി മാനദണ്ഡമായിരിക്കും.
മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ഒബ്ജക്ടിവ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് മലയാളമടക്കം 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാവും. 1A, 1B, 2, 3 എന്നിങ്ങനെ നാലു സെക്ഷനുകളിലായാണ് പരീക്ഷ. എല്ലാ സെക്ഷനിൽ നിന്നുമായി പരമാവധി 10 വിഷയങ്ങളാണ് തെരഞ്ഞെടുക്കാനാവുക. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിൽ ഇഷ്ടപ്പെട്ട കോഴ്സിന് ബാധകമായ വിഷയങ്ങൾ https://cuet.samarth.ac.in/ എന്ന വെബ്സെറ്റിൽ കൊടുത്തത് മനസ്സിലാക്കി ശ്രദ്ധയോടെ വേണം വിഷയങ്ങൾ തെരഞ്ഞെടുക്കാൻ. പരീക്ഷയുടെ ദൈർഘ്യം സംബന്ധിച്ച വിശദാംശങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാവും. വിദേശത്ത് കേന്ദ്രം തെരഞ്ഞെടുക്കുന്നവർക്ക് മൂന്നു വിഷയങ്ങൾ വരെ തെരഞ്ഞെടുക്കാൻ 3750 രൂപയും ഏഴു വിഷയങ്ങൾ വരെ 7500 രൂപയും 10 വിഷയങ്ങൾ വരെയെങ്കിൽ 11,000 രൂപയും പരീക്ഷാ ഫീസുണ്ടാവും. ഇന്ത്യയിലെ കേന്ദ്രങ്ങളിൽ ഇത് യഥാക്രമം, 750, 1500, 1750 രൂപയാണ്. ഇന്ത്യയിലെ കേന്ദ്രങ്ങളിൽ സംവരണ വിഭാഗക്കാർക്ക് പരീക്ഷാ ഫീസിളവുണ്ട്.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക
ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പരീക്ഷക്ക് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് അതത് സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന പ്രവേശന യോഗ്യത ബാധകമാണ്. പ്രവേശനം അതത് സ്ഥാപനങ്ങളിലെ സംവരണ രീതിയനുസരിച്ചായിരിക്കും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ (ഇ.ഡബ്ല്യു.എസ്), നോൺ ക്രീമിലെയർ വിഭാഗത്തിൽപെടുന്ന പിന്നാക്ക വിഭാഗങ്ങൾ, പട്ടിക വിഭാഗക്കാർ തുടങ്ങിയവർ ബാധകമായ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ സർട്ടിഫിക്കറ്റുകൾ 2022 ഏപ്രിൽ ഒന്നിന് ശേഷം നേടിയതായിരിക്കണം. ഈ തീയതിക്കുശേഷമുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭ്യമായില്ലെങ്കിൽ സത്യവാങ്മൂലം നൽകി പിന്നീട് സമർപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.
ഓരോ സ്ഥാപനവും നടത്തുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ അറിയുവാൻ അതത് വെബ്സൈറ്റുകൾ സന്ദർശിക്കണം. തെരഞ്ഞെടുക്കുന്നതിന് മുമ്പായി കോഴ്സുകളുടെ പ്രവേശനത്തിനായി അതത് സർവകലാശാല നിഷ്കർഷിക്കുന്ന യോഗ്യത പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ മറക്കരുത്. അപേക്ഷ സമർപ്പിക്കാനും പരീക്ഷാ കേന്ദ്രങ്ങൾ, ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾ അറിയുവാനും https://cuet.samarth.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. സി.യു.ഇ.ടിക്ക് അപേക്ഷിക്കുന്നതോടൊപ്പം താല്പര്യമുള്ള സ്ഥാപനത്തിന്റെ വെബ്സൈറ്റ്പരിശോധിച്ച് ആവശ്യപ്പെടുന്ന സമയത്ത് അപേക്ഷ സമർപ്പിക്കാൻ മറക്കരുത്.
അലീഗഢ് മുസ്ലിം സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ എന്നീ സ്ഥാപനങ്ങൾ കേന്ദ്ര സർവകലാശാലകൾ ആണെങ്കിലും അവിടെയുള്ള പല കോഴ്സുകളും സി.യു.ഇ.ടി യുടെ പരിധിയിൽ വരുന്നതല്ലെന്നും അവക്കായി വെവ്വേറെ അപേക്ഷ സമർപ്പിക്കണം എന്നതും പ്രത്യേകം ഓർക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.