ഹയർ സെക്കൻഡറിയും ക്രെഡിറ്റ് സെമസ്റ്റർ രീതിയിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പഠനം ക്രെഡിറ്റ് സെമസ്റ്റർ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് സാധ്യത തേടുന്നു. പ്ലസ് വൺ, പ്ലസ് ടു പഠനം രണ്ടുവർഷം എന്നതിന് പകരം നാല് സെമസ്റ്റർ രീതിയിലേക്ക് മാറ്റാനാണ് ആലോചന.
ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അവതരിപ്പിച്ച ആശയരേഖയിലാണ് ഈ നിർദേശമുള്ളത്. ആറുമാസം വീതം ദൈർഘ്യമുള്ള നാല് സെമസ്റ്ററിനിടെ 80 മുതൽ 100 വരെ ക്രെഡിറ്റുകൾ നേടി പഠനം പൂർത്തിയാക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്കിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ പഠനം ക്രെഡിറ്റ് സെമസ്റ്റർ രീതിയിലാക്കാൻ നിർദേശമുണ്ട്. ഇതിൽ നാല് വർഷത്തിനിടെ 160 ക്രെഡിറ്റുകൾ പൂർത്തിയാക്കണം. ഇതിന് ബദലായി പ്ലസ് വൺ, പ്ലസ് ടു പഠനം സെമസ്റ്റർ രീതിയിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
30 മണിക്കൂർ പഠനവും വിലയിരുത്തലും ചേരുന്നതാണ് നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് പ്രകാരമുള്ള ഒരു ക്രെഡിറ്റ്. വിഷയങ്ങളുടെ എണ്ണത്തിൽ കുറവുവരുത്തിയ ദേശീയതലത്തിലെ മാറ്റം കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്നാണ് ധാരണ. ദേശീയതലത്തിൽ അഞ്ച് വിഷയങ്ങൾ പഠിച്ചാൽ മതി. കേരളത്തിൽ ഇത് ആറ് വിഷയങ്ങളാണ്.
പരീക്ഷകളുടെ എണ്ണം കൂടും
നിലവിൽ പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വാർഷിക പൊതുപരീക്ഷകളാണുള്ളതെങ്കിൽ ക്രെഡിറ്റ് സെമസ്റ്റർ രീതി വരുന്നതോടെ നാല് സെമസ്റ്റർ പരീക്ഷകൾ വേണ്ടിവരും.
ഇതിൽ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ സ്കൂൾതലത്തിലും രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾ സംസ്ഥാനാടിസ്ഥാനത്തിലും നടത്താനാണ് ആലോചിക്കുന്നത്.
മൾട്ടിഡിസിപ്ലിനറി പഠനവും പരിഗണനയിൽ
സയൻസ് പഠിക്കുന്ന വിദ്യാർഥിക്ക് താൽപര്യമുണ്ടെങ്കിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമിലെ വിഷയങ്ങളും തിരിച്ചും പഠിക്കാൻ സൗകര്യമൊരുക്കുന്ന മൾട്ടിഡിസിപ്ലിനറി പഠനവും ഹയർ സെക്കൻഡറി മേഖലയിൽ നടപ്പാക്കുന്നത് പരിശോധിക്കും.
റഗുലർ വിദ്യാർഥികൾക്ക് താൽപര്യമുള്ള മറ്റ് വിഷയങ്ങൾ സ്കോൾ കേരളക്ക് (പഴയ ഓപൺ) കീഴിൽ പഠിക്കാൻ അവസരം നൽകുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുക. നൈപുണി വിദ്യാഭ്യാസത്തിനുള്ള ഊന്നലും വർധിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.