സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കില്ല, ഓപ്ഷനൽ ആയി പഠിച്ചാൽ മതി; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി
text_fieldsമുംബൈ: പ്രതിഷേധം ശക്തമായതിന് പിന്നാലെ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി മഹാരാഷ്ട്ര സർക്കാർ. വിവാദ നീക്കത്തിൽ മാധ്യമപ്രവർത്തകരിൽ നിന്ന് നിരവധി ചോദ്യങ്ങളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ നേരിട്ടത്. ഹിന്ദി നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായും അദ്ദേഹം അറിയിച്ചു. മാത്രമല്ല, ഹിന്ദി ഓപ്ഷനൽ വിഷയമായി പഠിച്ചാലും മതി. മൂന്നാംഭാഷയായി എന്ത് പഠിക്കണമെന്ന് വിദ്യാർഥികൾക്ക് സ്വയം തീരുമാനിക്കാമെന്ന പുതുക്കിയ ഉത്തരവ് ഉടൻ തന്നെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
2020 ലെദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അനുസരിച്ച് ഹിന്ദി ത്രിഭാഷാ ഫോർമുലയുടെ ഭാഗമാണ്. എന്നാൽ അത് നിർബന്ധമല്ലെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ ദ്വിഭാഷാ സമ്പ്രദായം അട്ടിമറിച്ച് ഇംഗ്ലീഷിനും മറാത്തിക്കുമൊപ്പം ഹിന്ദി നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കേന്ദ്രസർക്കാറിന്റെ അജണ്ടയനുസരിച്ചാണ് മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപിക്കുന്നതും എന്നും ആരോപണമുണ്ടായി.
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കേന്ദ്രസർക്കാർ ഒരു ഭാഷയും നിർബന്ധമാക്കിയിട്ടില്ല. ഹിന്ദിക്ക് മറാത്തിയുമായി വളരെ സാമ്യമുണ്ട്. അതിനാൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. അഞ്ചാംക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്നുമുണ്ട്. ഒന്നാംക്ലാസ് മുതൽ ഹിന്ദി പഠിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. മറാത്തിയും ഇംഗ്ലീഷും പഠിക്കുന്നതിനൊപ്പം ഹിന്ദിയും പഠിക്കാം. എന്നാൽ വിദ്യാർഥികൾക്ക് മൂന്നാംഭാഷയായി മറ്റൊന്നാണ് പഠിക്കാൻ ആഗ്രഹമെങ്കിൽ അതിനും അവസരമൊരുക്കുമെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിൽ നിന്ന് പിൻവാങ്ങുമെന്ന് രണ്ടുദിവസം മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സൂചന നൽകിയിരുന്നു. ''പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് സ്‍കൂളുകളിൽ മൂന്ന് ഭാഷകൾ പഠിപ്പിക്കൽ നിർബന്ധമാണ്. അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷയായിരിക്കണം. സംസ്ഥാനത്തുടനീളം ഹിന്ദി പഠിപ്പിക്കാൻ ആവശ്യത്തിന് അധ്യാപകരുണ്ട്. അതിനാലാണ് മൂന്നാമത്തെ ഭാഷയായി ഹിന്ദി നിർദേശിച്ചത്. തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളും ഞങ്ങൾ പരിഗണിച്ചിരുന്നു. എന്നാൽ ആ ഭാഷകൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരുടെ കുറവ് നന്നായി ഉണ്ട്. എന്നാൽ ഹിന്ദിക്ക് പകരം മറ്റേതൊരു ഭാഷയും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതിന് സൗകര്യമൊരുക്കുകയും ചെയ്യും.'-ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 20ലേറെ വിദ്യാർഥികൾ ഹിന്ദിയിതര ഭാഷ പഠിക്കാൻ താൽപര്യപ്പെട്ടാൽ പഠിപ്പിക്കാനായി പ്രത്യേകം അധ്യാപകരെ നിയമിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.