ഒരു കിലോ അരിക്ക് 2000 ലിറ്റർ വെള്ളം, നെൽകൃഷിക്ക് ഇത്രയധികം വെള്ളം വേണോ? പരിഹാരവുമായി ഐ.ഐ.ടി മദ്രാസ്
text_fieldsചെന്നൈ: ഇന്ത്യക്കാരുടെ സങ്കൽപ്പത്തിൽ നെൽപ്പാടങ്ങളിൽ എപ്പോഴും വെള്ളം നിറഞ്ഞുകിടക്കണം. എന്നാൽ, ഇത്രയും വെള്ളം കൃഷിക്ക് ആവശ്യമാണോ എന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു കിലോഗ്രാം നെല്ല് ഉൽപാദിപ്പിക്കാൻ ഏകദേശം 1500 മുതൽ 2000 ലിറ്റർ വരെ വെള്ളം ആവശ്യമായി വരുമെന്നാണ് കണക്കുകൾ. ഭൂഗർഭജലത്തെ വലിയ തോതിൽ ആശ്രയിക്കുന്ന പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് 2672 ലിറ്റർ വരെയെത്തും. ഇന്ത്യയിലെ ശുദ്ധജല ഉപയോഗത്തിന്റെ ഏകദേശം 90 ശതമാനവും കാർഷിക മേഖലയിലാണെന്നാണ് കണക്കുകൾ.
ജലക്ഷാമം പരിഹരിക്കാൻ കൃഷിയിലെ ജല ഉപയോഗം കുറക്കണം. എന്നാൽ, ഭക്ഷ്യക്ഷാമം, കൃഷിനാശം എന്നിവ ഉണ്ടാകാനും പാടില്ല. അതിനാൽ, രാജ്യത്തെ വർധിച്ചുവരുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ കൃഷിയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജല ഉപഭോഗം കുറക്കാനുള്ള ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.ഐ.ടി മദ്രാസ്. നെല്ല്, കരിമ്പ് തുടങ്ങി കൂടുതൽ വെള്ളം ആവശ്യമായ വിളകളിൽ പ്രിസിഷൻ കൃഷിരീതി വ്യാപകമാക്കുകയാണ് ലക്ഷ്യം. ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രഫ. വി. കാമകോടിയാണ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.
മണ്ണിൽ സ്ഥാപിക്കുന്ന സെൻസറുകളിലൂടെ മണ്ണിലെ ഈർപ്പത്തിന്റെ അളവ് നിരീക്ഷിച്ച് വിളയ്ക്ക് എപ്പോൾ വെള്ളം ആവശ്യമാണ് എന്ന് കൃത്യമായി ഇത് കണ്ടെത്തും. ആവശ്യമായ സമയത്ത് മാത്രം ജലസേചനം നടത്തുന്നതിലൂടെ വെള്ളത്തിന്റെ ചെലവ് കുറക്കാനാകും. ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിലൂടെ വെള്ളം നേരിട്ട് ചെടികളുടെ വേരുകളിലെത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതോടൊപ്പം ഡ്രോണുകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് വിളകളുടെ വളർച്ചയും ആരോഗ്യവും നിരീക്ഷിക്കാനാകും.
കൃത്രിമ ബുദ്ധി, സെൻസറുകൾ, നെറ്റ്‌വർക്ക് സാങ്കേതികവിദ്യ, സൈബർ ഫിസിക്കൽ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഐ.ഐ.ടി മദ്രാസ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷിയിടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി വെള്ളവും വളവും ആവശ്യമായ അളവിൽ മാത്രം നൽകുകയാണ് ലക്ഷ്യം. നാഷണൽ മിഷൻ ഓൺ ഇന്റർ ഡിസിപ്ലിനറി സൈബർ ഫിസിക്കൽ സിസ്റ്റംസിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.ഐ.ടി.എം പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷൻ എന്നറിയപ്പെടുന്ന മിഷൻ പ്രവർത്തക് ആണ് പ്രധാന പങ്കുവഹിക്കുന്നത്. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള ഐ.ഐ.ടി മദ്രാസിന്റെ ടെക്നോളജി ഇന്നൊവേഷൻ ഹബ്ബാണ് പ്രവർത്തക്.
നെൽകൃഷിയിൽ എപ്പോഴും വെള്ളം കെട്ടിനിർത്തുന്ന പരമ്പരാഗത രീതിക്ക് പകരം ആവശ്യമായ സമയത്ത് മാത്രം വെള്ളം നൽകുന്ന രീതിയാണ് ഇതിലൂടെ നടപ്പാക്കുക. ആവശ്യമായ സമയത്ത് മാത്രം വെള്ളം നൽകുകയും പിന്നീട് കൃഷിയിടം ഉണങ്ങാൻ അനുവദിക്കുകയും ചെയ്യും. വിളവിനെ ബാധിക്കാതെ ജല ഉപഭോഗം കുറക്കാൻ ഈ രീതിക്ക് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും ഭൂഗർഭ ജലനിരപ്പിലെ കുറവും രൂക്ഷമാകുന്ന സാഹചര്യത്തിൽ നെൽകൃഷിയിൽ ഈ രീതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഗവേഷകർ കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

