വിഭജനത്തിന് ശേഷം ആദ്യമായി സംസ്കൃതവും ഭഗവത്ഗീതയും മഹാഭാരതവും പാകിസ്താനിലെ ക്ലാസ്മുറികളിലേക്ക്
text_fieldsഇസ്ലാമാബാദ്: വിഭജനത്തിനു ശേഷം ആദ്യമായി സംസ്കൃതം പാകിസ്താനിലെ ക്ലാസ്മുറികളിലേക്ക് എത്തുന്നു. ലാഹോർ യൂനിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് ക്ലാസിക്കൽ ഭാഷയായ സംസ്കൃതത്തിൽ നാലു ക്രെഡിറ്റ് കോഴ്സുകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇത് പാകിസ്താനിൽ സംസ്കൃതം പുനരുജ്ജീവിപ്പിക്കാനുള്ള അപൂർവ നടപടിയായാണ് കണക്കാക്കുന്നത്.
ഫോർമാൻ ക്രിസ്ത്യൻ കോളജിലെ സോഷ്യോളജി അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദ് റഷീദ് ആണ് പാകിസ്താനിൽ സംസ്കൃതം പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. വർഷങ്ങളായി ഭാഷാപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഡോ. ഷാഹിദ് റഷീദ്.
''മനുഷ്യരാശിക്ക് ഒരു പാട് വിജ്ഞാനം പകരുന്നതാണ് ക്ലാസിക്കൽ ഭാഷകൾ. അറബി, പേർഷ്യൻ ഭാഷകൾ പഠിച്ച ശേഷമാണ് ഞാൻ സംസ്കൃതം അഭ്യസിക്കാൻ തുടങ്ങിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയായിരുന്നു പഠനം. ക്ലാസിക്കൽ സംസ്കൃത ഗ്രാമർ മനസിലാക്കിയെടുക്കാൻ തന്നെ ഒരു വർഷമെടുത്തു. ഇപ്പോഴും ആ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ്''-ഡോ. ഷാഹിദ് റഷീദ് പറഞ്ഞു. ഹിന്ദു മതഗ്രന്ഥങ്ങളുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഭാഷയായ സംസ്കൃതം പഠിക്കാനുള്ള തന്റെ ശ്രമങ്ങൾ എപ്പോഴും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലാസിക്കൽ പാരമ്പര്യങ്ങൾ പഠിക്കാൻ ആളുകൾ ശ്രമിക്കുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ ഏകീകൃതമായ അവസ്ഥ സംജാതമാകും. ഇന്ത്യയിലെ കൂടുതൽ ഹിന്ദുക്കളും സിഖുകാരും അറബി പഠിക്കാൻ തുടങ്ങിയാൽ, പാകിസ്താനിലെ കൂടുതൽ മുസ്ലിംകൾസംസ്കൃതം അഭ്യസിക്കാൻ തുടങ്ങിയാൽ പ്രത്യാശ നിറഞ്ഞ ഒരു തുടക്കത്തിന് നാന്ദി കുറിക്കും. അവിടെ തടസ്സങ്ങൾക്ക് പകരം പാലങ്ങളായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. റാഷിദിന്റെ സംസ്കൃത അധ്യാപനം സ്വന്തം വീട്ടിൽ നിന്നാണ് തുടങ്ങിയത്. അദ്ദേഹത്തിന്റെ മകളായിരുന്നു ആദ്യ വിദ്യാർഥി. ഇപ്പോൾ അവൾ ദേവനാഗരി ലിപിയിൽ അവഗാഹം നേടി.
നമ്മള്‍ക്ക് എന്തുകൊണ്ട് ആ ഭാഷ പഠിച്ചുകൂടാ... ഈ പ്രദേശം മുഴുവന്‍ ബന്ധിപ്പിക്കുന്ന ഭാഷയാണിത്. സംസ്കൃത വ്യാകരണജ്ഞന്‍ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധുനദീതട നാഗരികതയുടെ കാലത്ത് ഇവിടെ ധാരാളം എഴുത്തുകള്‍ നടന്നിരുന്നു. സംസ്കൃതം ഒരു പർവതം പോലെയാണ്. ഒരു സാംസ്കാരിക സ്മാരകം. നമുക്ക് അത് സ്വന്തമാക്കേണ്ടതുണ്ട്. അത് നമ്മുടേതുമാണ്; അത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് യൂനിവേഴ്സിറ്റി ലൈബ്രറി സംസ്കൃത ശേഖരങ്ങളാൽ സമ്പന്നമാണെന്ന് ഗുർമനി സെന്റർ ഡയറക്ടർ ഡോ. അലി ഉസ്മാൻ ഖാസ്മി പറഞ്ഞു. ''1930 കളിൽ പണ്ഡിതനായ ജെ.സി.ആർ. വൂൾനർ സംസ്കൃത കൈയെഴുത്തുപ്രതികളുടെ ഒരു വലിയ ശേഖരം പട്ടികപ്പെടുത്തിയിരുന്നു, എന്നാൽ 1947ന് ശേഷം ഒരു പാക് ഗവേഷകനോ അക്കാദമിക വിദഗ്ധനോ അതിനു തുനിഞ്ഞിട്ടില്ല. വിദേശ ഗവേഷകർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. പ്രാദേശികമായി പണ്ഡിതർക്ക് പരിശീലനം നൽകുന്നത് അത് മാറ്റും. അത് നമ്മുടേതുമാണ്''-ഖാസിമി പറഞ്ഞു. മഹാഭാരതത്തിന്റെയും ഭഗവദ്ഗീതയുടെയും ഘടനാപരമായ പഠനങ്ങൾ ഉൾപ്പെടുത്തി സർവകലാശാല അതിന്റെ കോഴ്സുകൾ വികസിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നും ഡോ. ഖാസ്മി ദി ട്രിബ്യൂണിനോട് പറഞ്ഞു.
ഇപ്പോൾ എൽ.യു.എം.എസിൽ തുടങ്ങിയ ക്രെഡിറ്റ് കോഴ്സ് മൂന്നുമാസത്തെ വാരാന്ത്യ ശിൽപശാലയിൽ നിന്ന് ഉടലെടുത്തതാണ്. വിദ്യാർഥികളെയും അധ്യാപകരെയും ഏറെ ആകർഷിച്ച ഒന്നായിരുന്നു ആ ശിൽപശാല.
കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ തീം ആയ ഹെ കഥ സംഗ്രാം കിയുടെ ഉർദു പതിപ്പ് പരിചയപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

