‘നാക്’ അക്രഡിറ്റേഷനിൽ കേരളത്തിലെ സ്ഥാപനങ്ങൾക്ക് കുതിപ്പ്
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന നാഷനൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷനിൽ (നാക്) രണ്ടുവർഷത്തിനിടെ കേരളത്തിന് വൻ കുതിപ്പുണ്ടായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘നാക്’ അക്രഡിറ്റേഷനില്‍ കേരളത്തിൽ എ പ്ലസ് പ്ലസ്, എ പ്ലസ് ഗ്രേഡുകൾ നേടിയ സർവകലാശാലകളെയും കോളജുകളെയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ആദരിക്കും. ‘എക്സലൻഷ്യ 23’ എന്ന പേരിൽ വെള്ളിയാഴ്ച എറണാകുളം കാക്കനാട് രാജഗിരി വാലിയിലെ ആർ.എസ്.ഇ.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അക്രഡിറ്റേഷന് തയാറെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാർഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള സിംപോസിയവും നടക്കും.
രാവിലെ 11ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനംചെയ്യും. ‘നാക്’ ചെയർമാൻ പ്രഫ. ഭൂഷൺ പട്വർധൻ മുഖ്യപ്രഭാഷണം നടത്തും.
2023ലെ കണക്കുകൾ പ്രകാരം കേരളത്തിലെ 13 കോളജുകൾ രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ പ്ലസ് പ്ലസ് നേടി. 23 കോളജുകള്‍ക്ക് എ പ്ലസും 41 കോളജുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു. കേരള സർവകലാശാല എ പ്ലസ് പ്ലസും കാലിക്കറ്റ്, കാലടി, കൊച്ചി സർവകലാശാലകൾ എ പ്ലസ് ഗ്രേഡുകളും നേടി. എം.ജി സർവകലാശാല റീഅക്രഡിറ്റേഷൻ നടപടികളുടെ അവസാന ഘട്ടത്തിലാണ്.
2021ലെ കണക്കുകൾ പ്രകാരം അക്രഡിറ്റ് ചെയ്യപ്പെട്ട 45 സർക്കാർ കോളജുകളിൽ 17 എണ്ണം എ ഗ്രേഡും ഒരെണ്ണം എ പ്ലസ് ഗ്രേഡും നേടി. 185 എയ്ഡഡ് കോളജുകളിൽ 92 എണ്ണം എ ഗ്രേഡും ഏഴെണ്ണം എ പ്ലസ് ഗ്രേഡും രണ്ടെണ്ണം എ പ്ലസ് പ്ലസ് ഗ്രേഡുകളും നേടി. 60 സ്വാശ്രയ കോളജുകളിൽ 14 എണ്ണം എ ഗ്രേഡ് ഉള്ളവയാണ്. സർവകലാശാലകളിൽ ഏഴെണ്ണത്തിന് മാത്രമാണ് സാധുവായ അക്രഡിറ്റേഷൻ ഉണ്ടായിരുന്നത്. അഞ്ച് സർവകലാശാലകൾക്ക് എ ഗ്രേഡും ഓരോന്നിനു വീതം ബി പ്ലസ് പ്ലസ് ഗ്രേഡും ബി ഗ്രേഡുമാണ് ഉണ്ടായിരുന്നത്.
നിലവിൽ സംസ്ഥാനത്ത് 194 എയ്ഡഡ് കോളജുകളും 88 ഗവ. കോളജുകളും 756 സ്വാശ്രയ കോളജുകളുമുണ്ട്. 85 ശതമാനത്തിലധികം ഗവ., എയ്ഡഡ് കോളജുകൾക്കും സാധുവായ നാക് അക്രഡിറ്റേഷൻ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. എ പ്ലസ് പ്ലസ് നേടിയ കോളജുകളിൽ ഒരെണ്ണം സ്വാശ്രയ മേഖലയിൽനിന്നുള്ളതാണ്. ‘നാക്’ അക്രഡിറ്റേഷൻ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടുത്ത രണ്ടുവർഷത്തിനുള്ളിൽ നേടാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.