കീം: അവസാന പ്രതീക്ഷയും പൊലിഞ്ഞ് കേരള സിലബസ് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: പ്രവേശന നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന കാരണത്താൽ അപ്പീൽ നൽകാനില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതോടെ എൻജിനീയറിങ് പ്രവേശനത്തിൽ അർഹതപ്പെട്ട മാർക്കും മെച്ചപ്പെട്ട റാങ്കും പുനഃസ്ഥാപിക്കാനാകാതെ കേരള സിലബസ് വിദ്യാർഥികൾ. വിഷയത്തിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുന്നുണ്ടോ എന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതേ തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതോടെയാണ് റാങ്ക് പട്ടികയിലെ 70 ശതമാനം വരുന്ന കേരള സിലബസ് വിദ്യാർഥികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചത്. 67,505 പേരടങ്ങിയ റാങ്ക് പട്ടികയിൽ 47,175 പേരും കേരള സിലബസിൽനിന്നുള്ളവരായിരുന്നു. ഇതിൽ 60 ശതമാനത്തോളം പേരും ആദ്യ റാങ്ക് പട്ടികയെ അപേക്ഷിച്ച് റാങ്കിൽ ബഹുദൂരം പിറകിൽ പോയവരാണ്.
വരുംവർഷങ്ങളിൽ പരീക്ഷയെഴുതുന്ന കേരള സിലബസ് വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ മടങ്ങുന്നത്. പല വിദ്യാർഥികളും ലഭിച്ച റാങ്കിൽ തൃപ്തിപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കുമ്പോൾ അടുത്ത വർഷം മികച്ച പ്രകടനം നടത്താൻ വീണ്ടും പരീക്ഷക്ക് തയാറെടുക്കാനുള്ള തീരുമാനവുമുണ്ട്.
പ്രവേശന പരീക്ഷ നടത്തി സ്കോർ പ്രസിദ്ധീകരിച്ച ശേഷം പ്ലസ് ടു മാർക്ക് പരിഗണിക്കുന്നതിലെ അനുപാതം മാറ്റിയുള്ള പ്രോസ്പെക്ടസ് ഭേദഗതിയാണ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്. സർക്കാർ നടപടി ഹൈകോടതി റദ്ദാക്കുകയായിരുന്നു.
അപ്പീലിന് തയാറെന്ന് അറിയിച്ചു -മന്ത്രി ബിന്ദു
തിരുവനന്തപുരം: പ്രവേശന നടപടിക്രമം പൂർത്തീകരിക്കാൻ നിർദേശിച്ച സമയക്രമത്തിൽ എ.ഐ.സി.ടി.ഇ മാറ്റംവരുത്താൻ തയാറാണെങ്കിൽ ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന നിലപാട് സുപ്രീംകോടതിയിൽ സർക്കാർ കൈക്കൊണ്ടുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ആഗസ്റ്റ് 14നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് എ.ഐ.സി.ടി.ഇ മാർഗനിർദേശം നിലവിലുണ്ട്. ഈ സമയക്രമം പാലിക്കാൻ സർക്കാർ നിർബന്ധിതമാണ്. ഇത് ശ്രദ്ധയിൽപെടുത്തിക്കൊണ്ട്, ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് 30 ദിവസമെങ്കിലും ആവശ്യമാണെന്ന നിലപാടാണ് സുപ്രീംകോടതിയിൽ സർക്കാർ സ്വീകരിച്ചത്.
ഏതു സാഹചര്യത്തിലും അടുത്ത വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിൽ പുതുക്കിയ ഏകീകരണ നടപടിയിലേക്ക് കടക്കാനാവുമെന്നാണ് സർക്കാർ വിചാരിക്കുന്നത്. അതുവഴി അടുത്ത അധ്യയന വർഷത്തിലായാൽപോലും എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന സർക്കാറിന്റെ കാഴ്ചപ്പാട് പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.