കെ.ടി.യു, ഡിജിറ്റൽ സർവകലാശാല വി.സി നിയമനം: വിജ്ഞാപനമായി
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കേരള ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിന് വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ. കോടതി നോഡൽ വകുപ്പായി ചുമതലപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിജ്ഞാപപനം പ്രസിദ്ധീകരിച്ചത്.
റിട്ട. ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായി സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാറും ചാൻസലറായ ഗവർണറും സമർപ്പിച്ച പട്ടികയിൽനിന്ന് രണ്ടുപേരെ വീതം ഉൾപ്പെടുത്തി അധ്യക്ഷൻ ഉൾപ്പെടെ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സുധാൻഷു ധൂലിയക്കും നിർദേശം നൽകി. കമ്മിറ്റി രൂപവത്കരിച്ചുള്ള ഉത്തരവ് വൈകാതെയുണ്ടാകും.
വൈസ് ചാൻസലർ പദവിയിലേക്ക് യോഗ്യരായവർക്ക് സെപ്റ്റംബർ 19ന് വൈകീട്ട് ആറുവരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് വിലാസത്തിൽ അപേക്ഷ സമർപ്പിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അപേക്ഷകർക്ക് 61 വയസ്സ് കവിയരുത്. സർവകലാശാലയിൽ പ്രഫസർ തസ്തികയിലോ, പ്രശസ്ത ഗവേഷണ/ അക്കാദമിക ഭരണസ്ഥാപനത്തിലോ പത്ത് വർഷത്തിൽ കുറയാത്ത പരിചയം വേണം. സർവകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്ത രീതിയിൽ നാല് വർഷം തന്നെയാണ് നിയമന കാലാവധി.
സെർച്ച് കമ്മിറ്റിയുടെ ഘടന, ആര് രൂപവത്കരിക്കണം, ആര് നിയമന വിജ്ഞാപനം പ്രസിദ്ധീകരിക്കണം എന്നിവയെ ചൊല്ലിയായിരുന്നു ഗവർണറും സർക്കാറും തമ്മിൽ തർക്കം നിലനിന്നിരുന്നത്. തുടർന്നാണ് സുപ്രീംകോടതി ബദൽ നിർദേശങ്ങൾ ഉത്തരവായി ഇറക്കി സ്ഥിരം വി.സി നിയമനത്തിന് നടപടി തുടങ്ങിയത്.
അപേക്ഷകൾ സെർച്ച് കമ്മിറ്റി പരിശോധിച്ച് യോഗ്യരായവരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് മൂന്നിൽ കുറയാത്ത പേരുകൾ മുഖ്യമന്ത്രിക്ക് കൈമാറണം. നിയമനത്തിനുള്ള മുൻഗണന മുഖ്യമന്ത്രിക്ക് ചാൻസലറോട് ശിപാർശ ചെയ്യാം. പേരുകളിൽ എതിർപ്പുണ്ടെങ്കിൽ രേഖാമൂലം ചാൻസലറെ അറിയിക്കാം. മുഖ്യമന്ത്രിയുടെ ശിപാർശകളിൽ ചാൻസലർക്ക് എതിർപ്പുണ്ടെങ്കിൽ ഫയൽ വിളിച്ചുവരുത്തി സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.