ഉയരങ്ങൾ കീഴടക്കാം... ആഘോഷമായി എജുകഫേ, നിറഞ്ഞുകവിഞ്ഞ് സദസ്സ്
text_fieldsഎജുകഫേയുടെ സദസ്സ്കൊച്ചി: വിദ്യാർഥികളുടെ മനസ്സറിഞ്ഞ്, ശോഭനമായ ഭാവിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടപ്പോൾ മാധ്യമം എജുകഫേ കൊച്ചി ഏറ്റെടുത്തു. വിദ്യാർഥികളുടെ സംശയങ്ങൾക്കും മാതാപിതാക്കളുടെ ആശങ്കകൾക്കും ഒരുപോലെ ഉത്തരങ്ങൾ നൽകിയപ്പോൾ നാട് എജുകഫേയെ കരിയർ ഉത്സവമാക്കി മാറ്റുകയായിരുന്നു. ആഴത്തിലുള്ള അറിവ് പകരുന്ന വിദ്യാഭ്യാസ സെഷനുകളും മനഃശാസ്ത്ര സമീപനങ്ങളോടെയുള്ള ക്ലാസുകളും ലോകത്താകമാനമുള്ള അവസരങ്ങൾ തുറന്നുകാണിക്കുന്ന സ്റ്റാളുകളും ശ്രദ്ധേയമായിരുന്നു.
എജുകഫേയിൽ പങ്കെടുക്കാൻ കളമശ്ശേരി ചാക്കോളാസ് പവലിയനിലേക്ക് രാവിലെ മുതൽ നിരവധി വിദ്യാർഥികളും മാതാപിതാക്കളുമാണ് എത്തിച്ചേർന്നുകൊണ്ടിരുന്നത്. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ ഇവിടേക്ക് എത്താൻ പ്രത്യേക വാഹനവും സജ്ജീകരിച്ചിരുന്നു. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പ്രത്യേകം വാഹനങ്ങൾ സ്വയം സജ്ജീകരിച്ച് കൂട്ടമായി എത്തിയവരും നിരവധിയാണ്. ബസിലും മെട്രോ ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലുമൊക്കെയായി വിദ്യാർഥികൾ വന്നതോടെ സദസ്സും സ്റ്റാളുകളും രാവിലെ തന്നെ നിറഞ്ഞുകവിഞ്ഞു.
ആർക്കും മനസ്സിലാകും വിധം കാര്യങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു വിവിധ സെഷനുകൾ. താൽപര്യമുള്ള തൊഴിലിൽ തന്നെ സംരംഭകത്വത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വിവരിച്ച സെഷനായിരുന്നു മിഥു ശ്രീനിവാസ് നയിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അന്താരാഷ്ട്ര നിലവാരത്തിലുള്ള എജുകഫേയുടെ സംഘാടനത്തിന് ‘മാധ്യമ’ത്തെ അഭിനന്ദിച്ചു.
കളമശ്ശേരി ചാക്കോളാസ് പവിലിയനിൽ നടന്ന മാധ്യമം എജുകഫേയുടെ സദസ്സ്
നാടിന്റെ ഭരണചക്രം ചലിപ്പിക്കുന്ന നിർണായക വ്യക്തിത്വങ്ങളാകാൻ ആത്മവിശ്വാസം പകരുന്ന വാക്കുകളായിരുന്നു കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉൾപ്പെടെയുള്ളവർ സംസാരിച്ച സിവിൽസർവിസ് സെഷനിൽ പങ്കെടുത്തവരുടേത്. പേരൻറിങിനെക്കുറിച്ച് വ്യക്തമാക്കിയ അശ്വതി ശ്രീകാന്തിന്റെ സെഷൻ സദസ്സ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോട്ടിവേഷൻ സ്പീക്കർ പ്രവീൺ ചിറയത്തിന്റെ സെഷൻ ഒരേസമയം ചിരിയും ചിന്തയും ഉണർത്തുന്നതായിരുന്നു. പ്രഫ. പി.പി. നൗഷാദ്, ഡെയിൻ ഡേവിസ്, കെ.കെ. കൃഷ്ണകുമാർ, വി.ആർ. രജനീഷ് തുടങ്ങിയവരുടെ സെഷനുകളും ശ്രദ്ധേയമായി.
അപ്രാപ്യമല്ല, സിവിൽ സർവിസ്
എജുകഫേയിലെ സിവിൽ സർവിസ് സെഷൻ നയിക്കുന്ന സബ് കലക്ടർ കെ. മീര, എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷ്, ഡോ. അക്ഷയ് രാജ്, ഡോ. എം.സി ദിലീപ് കുമാർ, എസ്.എസ്. ലക്ഷ്മിപ്രിയ എന്നിവർ
കൊച്ചി: സിവിൽ സർവീസ്....രാജ്യത്തെ ലക്ഷക്കണക്കിന് കൗമാരയൗവനങ്ങളെ മോഹിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന മഹത്വമേറിയ പ്രഫഷൻ.. ആ സ്വപ്നത്തിലേക്ക് നടന്നടുത്ത നാലുപേരുടെ അനുഭവങ്ങളും ജീവിതവഴികളും പങ്കുവെച്ച മാധ്യമം എജുകഫേയിലെ ആദ്യ ദിനത്തിലെ സിവിൽ സർവിസ് സെഷൻ ഏറ്റവും ജനപ്രിയമായി. സംസ്ഥാനത്തെ മികച്ച കലക്ടർക്കുള്ള പുരസ്കാരം നേടിയ എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്, മികച്ച സബ്കലക്ടർക്കുള്ള പുരസ്കാരം നേടിയ ഫോർട്ട്കൊച്ചി സബ് കലക്ടർ കെ. മീര, കഴിഞ്ഞ ദിവസത്തെ സിവിൽസർവിസ് പരീക്ഷ ഫലത്തിൽ 641ാം റാങ്കു നേടിയ ഡോ.അക്ഷയ് രാജ്, ഐ.ഐ.എസ് നേടിയ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അസി. ഡയറക്ടർ എസ്.എസ്. ലക്ഷ്മിപ്രിയ എന്നിവർ സദസ്സുമായി സംവദിച്ചു. സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡ് മുൻ അംഗവും കാലടി സർവകലാശാല മുൻ വി.സിയുമായ ഡോ.എം.സി ദിലീപ് കുമാർ മോഡറേറ്ററായി.
മുന്നിലോടണം എല്ലാവരെക്കാളും
വളരെ കഠിനമായ മത്സരപരീക്ഷയായതിനാൽ തന്നെ കൂടെയോടുന്നവരേക്കാൾ ഒരുപടി മുന്നിൽ പോവേണ്ടി വരുമെന്ന ചിന്ത സിവിൽ സർവീസ് മോഹികളിൽ ഉണ്ടാവണമെന്ന് എൻ.എസ്.കെ. ഉമേഷ് ഓർമിപ്പിച്ചു.
നൂറു ശതമാനം സമർപ്പണം നടത്താൻ ആവണമെന്നില്ല. രണ്ടു തവണ പരാജയപ്പെട്ട്, മൂന്നാം തവണയാണ് താൻ ലക്ഷ്യം നേടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷയുടെയും പരിശീലനകാലത്തെയും അനുഭവങ്ങൾ കലക്ടർ പങ്കുവെച്ചു.
ലോകത്തെ എല്ലാ കാര്യങ്ങളും അറിയണ്ട
സിവിൽ സർവിസ് പരീക്ഷ ഏറെ ചലനാത്മകമാണെന്ന് കെ. മീര പറഞ്ഞു. ലോകത്തിലെ എല്ലാ കാര്യങ്ങളും അറിയണമെന്നില്ല. എന്നാൽ, ഈ തയാറെടുപ്പ് ഒരു സ്കിൽ ഗെയിമും മെൻറൽ ഗെയിമും ആണ്. നാലാം തവണയാണ് താൻ സിവിൽ സർവിസ് നേടിയെടുത്തതന്നും അവർ കൂട്ടിച്ചേർത്തു.
വേണ്ടത് സ്മാർട്ട് വർക്
നിത്യവും 15 മണിക്കൂർ പഠിക്കുന്ന ഒന്നല്ല സിവിൽ സർവിസ് തയാറെടുപ്പെന്നും കൃത്യമായ ഒരു പഠന സ്ട്രാറ്റജി സൃഷ്ടിച്ച് അതനുസരിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഡോ.അക്ഷയ് രാജ് വ്യക്തമാക്കി. താൻ ഈ പഠനരീതി തയ്യാറാക്കാനായി മാത്രം ഒരുപാട് സമയം ചെലവഴിച്ചു. ഹാർഡ് വർക്ക് അല്ല സ്മാർട്ട് വർക്ക് ആണ് പ്രധാനം. പരിമിത വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഠിനാധ്വാനം ഫലംകാണും
നാലാം ശ്രമത്തിൽ ഐ.ഐ.എസ് നേടിയെടുത്ത അനുഭവമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്. നാലുവർഷമെന്നത് വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മർദം വലുതായിരുന്നു. പരീക്ഷാരീതി മാറിയാലും കഠിനാധ്വാനവും സമർപ്പണവും അന്നുമിന്നും ഒരുപോലെയാണെന്നും അവർ കൂട്ടിച്ചേർത്തു.
നവ വൈജ്ഞാനിക സമൂഹം സാധ്യമാക്കൽ ലക്ഷ്യം -മന്ത്രി ആർ. ബിന്ദു
കൊച്ചി: നവ വൈജ്ഞാനിക സമൂഹം കേരളത്തിൽ സാധ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടക്കുന്ന ദ്വിദിന വിദ്യാഭ്യാസ കരിയർ മേളയായ മാധ്യമം എജുകഫേയിലെ ഉന്നത വിദ്യാഭ്യാസ സെമിനാറുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന സമയമാണിത്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയെന്ന പ്രശ്നം പരിഹരിക്കുന്നതിന് കഴിയുന്ന വിധത്തിൽ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ആ രീതിയിലുള്ള കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി നാല് വർഷ ബിരുദ പ്രോഗ്രാം വിജയകരമായി നടപ്പാക്കി വരുന്നു. സിവിൽ സർവിസ് ഫലം വന്നപ്പോൾ ആദ്യ നൂറിൽ ആറുപേർ മലയാളികളാണെന്നതും അതിൽ അഞ്ച് പേരും പെൺകുട്ടികളാണെന്നതും അഭിമാനകരമാണ്. 40ൽപരം പേർ സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ഉയരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ സൂചികകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിഭകളുടെ സംഗമവേദിയായി ടോപ്പേഴ്സ് ടോക്ക്
കൊച്ചി: ആത്മവിശ്വാസത്തിന്റെ ചിറകിലേറി വിജയത്തിന്റെ ആകാശങ്ങളെത്തിപ്പിടിച്ച പ്രതിഭകളുടെ സംഗമമായി മാധ്യമം എജുകഫേയിലെ ടോപ്പേഴ്സ് ടോക്ക്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ ആലുവയുടെ അഭിമാന താരം റംസാന, അമേരിക്കയിലെ ടെന്നിസി സർവകലാശാലയിൽ നിന്നുള്ള 67,000 യു.എസ് ഡോളറിന്റെ സ്കോളർഷിപ്പ് സ്വന്തമാക്കിയ കോട്ടയം സി.എം.എസ് കോളജിൽ നിന്നുള്ള ഗവേഷക വിദ്യാർഥികളായ ഷാജില സലീം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരും 90,404 പൗണ്ടിന്റെ ഏറെ പ്രശസ്തമായ ഫെലിക്സ് സ്കോളർഷിപ്പ് നേടിയ കെ.എം ഹാനിയ മുംതാസ്, സ്പെയിനിൽ നടന്ന അന്താരാഷ്ട്ര ഹാൻഡ്ബാൾ ടൂർണമെൻറിൽ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച റമീസ് പുളിക്കൽ, ഐ.ഐ.ടി യു.ജി ഡിസൈനിങ് കോഴ്സായ യുസീഡ് (യു.സി.ഇ.ഇ.ഡി) പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയ ആദിത്യ ശങ്കർ എന്നിവരാണ് അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്നത്. മേഖലയോടുണ്ടായിരുന്ന താൽപര്യമാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്ന് ഹാനിയ മുംതാസ് പറഞ്ഞു. കലയെ മനുഷ്യർക്ക് വേണ്ടി മാറ്റുന്നതിനെയാണ് ഡിസൈനിങ് എന്ന് പറയുന്നതെന്ന് വ്യക്തമാക്കിയാണ് ആദിത്യ ശങ്കർ സംസാരിച്ചത്.
ടോപ്പേഴ്സ് ടോക്ക് വേദിയിൽനിന്ന്
വ്യത്യസ്ഥ മേഖലകളെ ആഴത്തിൽ പരിശോധിച്ചാൽ മികച്ച വഴികൾ തുറക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലാസ് കട്ട് ചെയ്യാൻ വേണ്ടി കളിക്കാനിറങ്ങിയ താൻ വിജയത്തിന്റെ പടികൾ കയറിയ കഥയായിരുന്നു റമീസ് പുളിക്കലിന് പറയാനുണ്ടായിരുന്നത്. മിപരമ്പരാഗത കരിയർ ഓപ്ഷനുകളിൽ നിന്നു മാറി, ഇഷ്ടമേഖലയിലൂടെ സഞ്ചരിച്ചപ്പോൾ എത്തിപ്പിടിക്കാനായ വലിയ നേട്ടത്തെക്കുറിച്ച് ഷെറിൻ സൂസൻ ചെറിയാനും ഷജില സലീമും സംസാരിച്ചപ്പോൾ നിറകൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. കരിയർ കൺസൾട്ടന്റ് കെ.എസ്. അബ്ദുൽ കരീം മോഡറേറ്ററായി. പ്രതിഭകൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉപഹാരം നൽകി.
അവസരങ്ങളുടെ വിശാലമായ പാത തുറന്നിട്ട് സ്റ്റാളുകൾ
കൊച്ചി: അറിവിന്റെയും അവസരങ്ങളുടെയും വിശാലമായ പാത തുറന്നിട്ട് മാധ്യമം എജുകഫേയിലെ വിദ്യാഭ്യാസ സ്റ്റാളുകൾ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അധികൃതർ പരിചയപ്പെടുത്തി. മികവുറ്റ വിദ്യാഭ്യാസത്തിനും ഭാവിക്കും വിദ്യാർഥികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് മറുപടികൾ നൽകാൻ ഓരോ സ്റ്റാളുകളിലും വിദഗ്ധരുടെ സേവനവുമുണ്ടായിരുന്നു. പഠന രീതി, മികച്ച സ്ഥാപനങ്ങൾ തിരിച്ചറിയൽ, അവിടെ ലഭിക്കുന്ന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ, കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ അവസരങ്ങൾ, പ്രവേശന രീതികൾ, പ്രവേശന പരീക്ഷകൾ എന്നിവയൊക്കെ വിദ്യാർഥികൾ ചോദിച്ച് മനസിലാക്കി.
എജു കഫേയിലെ സ്റ്റാളുകളിൽനിന്നുള്ള ദൃശ്യം
സിജിയുടെ നേതൃത്വത്തിലുള്ള സൗജന്യ കരിയർ കൗൺസലിങ്, സൈക്കോളജിസ്റ്റുകളും ലൈഫ് കോച്ചുകളുമൊക്കെ അണിനിരന്ന ബികമിങ് വെൽനെസ് സ്റ്റാൾ, കരിയർ ടെസ്റ്റുകൾക്കുള്ള സ്റ്റാളുകൾ എന്നിവയൊക്കെ നൂറുകണക്കിന് വിദ്യാർഥികളാണ് പ്രയോജനപ്പെടുത്തിയത്. വിദേശ പഠനത്തിന് അവസരമൊരുക്കുന്ന നിരവധി സ്റ്റാളുകളുമുണ്ടായിരുന്നു. ഏറ്റവും സുരക്ഷിതമായി മികച്ച വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങളെയും പരിചയപ്പെടുത്തി. കേരളത്തിലും പുറത്തുമുള്ള വ്യത്യസ്ത മേഖലകളിലുള്ള കോളജുകളുടെ സ്റ്റാളുകളും ശ്രദ്ധേയമാണ്.
എഞ്ചിനിയറിങ്, മെഡിക്കൽ, ഏവിയേഷൻ, റോബോട്ടിക്സ്, ആർകിടെക്ചർ, ഐ.ടി തുടങ്ങിയ മേഖലകളിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകളും എജുകഫേയിലുണ്ട്. കരിയർ ടെസ്റ്റുകൾക്കുള്ള സ്റ്റാളുകളിലും വിദ്യാർഥികളുടെ നിറസാന്നിധ്യമുണ്ടായിരുന്നു.
എജുകഫേയുടെ സദസ്സ്
എജുകഫേയിൽ ഇന്ന്
തീവ്രവാദി ആക്രമണത്തിൽ സ്വന്തം മുഖം തകർന്നിട്ടും രാജ്യത്തിനായി പൊരുതിയ ഫിയർലെസ് മാൻ ഓഫ് ഇന്ത്യ ലഫ്. കേണൽ ഋഷി രാജലക്ഷ്മിയുമായുള്ള സംവാദം ഇന്ന് എജു കഫേയിൽ. കരിയറിലും വിദ്യാഭ്യാസത്തിലും തിളങ്ങിയ പ്രതിഭകളുടെ വിജയകഥ പറയുന്ന സക്സസ് ചാറ്റും വെള്ളിയാഴ്ചത്തെ ഹൈലൈറ്റാണ്. സോഷ്യൽ മീഡിയ അഡിക്ഷനെ കുറിച്ച് ചർച്ച ചെയ്യുന്ന മെൻറൽ വെൽനസ് ചാറ്റും ശ്രദ്ധേയമാകും. സൈബർ നിയമ വിദഗ്ധൻ അഡ്വ. ജിയാസ് ജമാൽ, ഡിജിറ്റൽ ക്രിയേറ്റർ സൂസൻ അബ്രഹാം, ബ്രിഡ്ജിയോൺ ഫൗണ്ടറും സി.ഇ.ഒയുമായ ജാബിർ ഇസ്മായിൽ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുടെ സെഷനുകളും വെള്ളിയാഴ്ചയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.