കൊച്ചിയിൽ കൊടിയിറങ്ങി, റിയൽ എജു വൈബ്...
text_fieldsകൊച്ചി: ഏതു കോഴ്സ് പഠിക്കും, എന്തെല്ലാം സ്കോളർഷിപ്പ് കിട്ടും, പരീക്ഷക്ക് ഒരുങ്ങുന്നതെങ്ങനെ, ജീവിതം സെറ്റാക്കുന്ന കരിയർ എങ്ങനെ തെരഞ്ഞെടുക്കാം...തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങളുമായി വന്നവർക്ക് മനം നിറഞ്ഞ ഉത്തരങ്ങളുമായി മടക്കം. അറിവിന്റെയും അവസരങ്ങളുടെയും ആഘോഷമായിരുന്നു രണ്ടു ദിവസമായി കളമശ്ശേരി ചാക്കോളാസ് പവലിയനിൽ അരങ്ങേറിയ മാധ്യമം എജുകഫേ. വിവര-വിജ്ഞാനങ്ങളുടെ മഹാമേളയെ അക്ഷരാർഥത്തിൽ നെഞ്ചേറ്റിയാണ് രണ്ടു ദിവസമായി ഒഴുകിയെത്തിയ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും മടങ്ങിയത്.
തീവ്രവാദികളുടെ ആക്രമണത്തിൽ സ്വന്തം മുഖം തകർന്നിട്ടും നിശ്ചയദാർഢ്യം കൈവിടാതെ പൊരുതിയ ഫിയർലെസ് മാൻ ഓഫ് ഇന്ത്യ ലഫ്.കേണൽ ഋഷി രാജലക്ഷ്മിയുടെ പ്രചോദനം പകരുന്ന വാക്കുകളായിരുന്നു സമാപനദിനത്തിലെ ആകർഷണം. കൂടാതെ, പരിമിതികളെ കരുത്താക്കി ജീവിതവിജയം കണ്ടെത്തിയവർ അനുഭവങ്ങൾ പങ്കുവെച്ച സക്സസ് ചാറ്റ്, പുതുകാലത്തെ സോഷ്യൽമീഡിയ, ഗെയിമിങ് അഡിക്ഷനെ കുറിച്ച് ചർച്ച ചെയ്ത മെൻറൽ വെൽനസ് ചാറ്റ് തുടങ്ങിയവയും കൈയടി നേടി. സൈബർ നിയമങ്ങളെ കുറിച്ചുള്ള അഡ്വ.ജിയാസ് ജമാലിന്റെ രണ്ടാംദിനത്തിലെ ആദ്യ സെഷൻ വിജ്ഞാനപ്രദമായപ്പോൾ വ്യക്തിത്വ രൂപവത്കരണത്തെ കുറിച്ചുള്ള സൂസൻ അബ്രഹാമിന്റെ സെഷനിൽ കളിചിരികൾ നിറഞ്ഞു.
കളമശ്ശേരി ചാക്കോളാസ് പവലിയനിലെ എജു കഫേ ഫോട്ടോ ബൂത്തിൽ ചിത്രമെടുക്കുന്ന കുട്ടികൾ
സദസ്സിനെ കോരിത്തരിപ്പിച്ച് ആവേശമായി ‘ഫിയർലെസ് മാൻ’
ബ്രിഡ്ജിയോൺ സ്ഥാപകനും സി.ഇ.ഒയുമായ ജാബിർ ഇസ്മായിൽ, സായ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എ.ഐ വൈസ് ചാൻസലറും ഡീനുമായ ഡോ.അജിത് അബ്രഹാം, യുണീക് വേൾഡ് റോബോട്ടിക്സ് ഫൗണ്ടറും സി.ഇ.ഒയുമായ ബൻസൻ തോമസ് ജോർജ്, കുസാറ്റ് അസി. പ്രഫസർ ഡോ.ദേവി സൗമ്യജ തുടങ്ങിയവരുടെ സെഷനുകളും വിഷയാധിഷ്ഠിത ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി. എജുകഫേ നടന്ന രണ്ടു ദിവസങ്ങളിലും നീണ്ട നിരയാണ് രജിസ്ട്രേഷൻ കൗണ്ടറിന് മുന്നിലും സ്റ്റാളുകളിലും ഉണ്ടായിരുന്നത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാൽ ഓഡിറ്റോറിയവും പരിസരവും നിറഞ്ഞിരുന്നു.
ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി
കൊച്ചി: ‘സൈനികർക്കു വേണ്ടി എല്ലാവരും പ്രാർഥിക്കുന്ന ഒരു സർവമത സ്ഥലമുണ്ട്. രാമായണവും ബൈബിളും ഖുർആനും ഭഗവത്ഗീതയും ഗുരുഗ്രന്ഥ സാഹിബുമെല്ലാം അവിടെയുണ്ട്. ശ്രീകൃഷ്ണനും ശ്രീരാമനും യേശുക്രിസ്തുവും അല്ലാഹുവുമെല്ലാം ഒരുപോലെയാണ്. എല്ലാവരും ഇങ്ങനെ ചിന്തിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം തീരും. മാനവികതയായിരിക്കണം നമ്മുടെ മതം. മതസാഹോദര്യത്തിലും സഹിഷ്ണുതയിലും ഊന്നിയായിരിക്കണം നമ്മുടെ ജീവിതം’. ഇന്ത്യയുടെ ഏറ്റവും ധൈര്യവാനായ മനുഷ്യൻ(ദി മോസ്റ്റ് ഫിയർലെസ് മാൻ ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്ന ലഫ്. കേണൽ ഋഷി രാജലക്ഷ്മിയുടെ വാക്കുകൾ കേട്ട് മുന്നിലുണ്ടായിരുന്ന സദസ്സിൽ നിന്ന് നിലക്കാത്ത കൈയടികളുയർന്നു. മാധ്യമം എജുകഫേ രണ്ടാം ദിനത്തിൽ ഗേറ്റ് വേ ടു ഡിഫൻസ് സർവിസ് എന്ന സെഷനിലാണ് അദ്ദേഹം രാജ്യത്തെ പ്രതിരോധ സേനകളുടെ ത്യാഗപൂർണമായ കർമനിരതയെയും മതസൗഹാർദത്തെയും കുറിച്ച് ആവേശ്വോജ്വലമായ വാക്കുകളിലൂടെ ഓർമിപ്പിച്ചത്. പിറന്ന മണ്ണിനെ സംരക്ഷിക്കാൻ സ്വന്തം മുഖം ബലി കൊടുത്ത ധീരജവാനാണ് ഋഷി രാജലക്ഷ്മി. പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മുഖം തകർന്ന അദ്ദേഹത്തെ ഇന്ത്യയുടെ മുൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്താണ് ഫിയർലെസ് മാൻ എന്ന് വിശേഷിപ്പിച്ചത്.
ആ സംഭവത്തിനു ശേഷം പൂർണമായും മുഖാവരണം ധരിച്ചാണ് ലഫ്. കേണൽ ഋഷി അതിജീവനത്തിലേക്ക് നടന്നടുത്തത്. ഓരോ സൈനികനും രാജ്യത്തിനായി സ്വന്തം ജീവൻ തന്നെ ബലിയർപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഈ രംഗത്തേക്കിറങ്ങുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ജോലിയല്ല, ജീവിതത്തിന്റെ പ്രകാശമാണ്. ഒരു ജോലിക്കു വേണ്ടി ആരും ഡിഫൻസിലേക്ക് വരേണ്ടതില്ല. ഒരു പട്ടാളക്കാരന്റെ കൈത്തണ്ട മുറിച്ചാൽ ഭാരതം എന്നായിരിക്കണം ചോരയിൽ വരുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനെത്തുന്നവരാണ് തീവ്രവാദികൾ. പഹൽഗാമിലും ഇതുതന്നെയാണ് സംഭവിച്ചത്.
നമ്മുടെ കൈയിൽ ലഹരിയുമായി എത്തുന്നവരും തീവ്രവാദികളാണ്. നാർക്കോടെററിസത്തിൽ നിന്ന് കിട്ടുന്ന പണവും തീവ്രവാദത്തിനായാണ് ഉപയോഗിക്കുന്നത്. അത്തരം ലഹരിസാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ തീവ്രവാദത്തെ പിന്തുണക്കുകയാണെന്നും രാജ്യദ്രോഹം ചെയ്യണോ എന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൂമിയുടെ ദി എക്കോ ഓഫ് സൈലൻസ് എന്ന കവിത ചൊല്ലിയാണ് അദ്ദേഹം ആവേശകരമായ സെഷൻ അവസാനിപ്പിച്ചത്. തുടർന്ന് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അദ്ദേഹത്തിന് ഉപഹാരം കൈമാറി.
ഭാവിയുടെ ഊർജസ്രോതസ്സായി സക്സസ് ചാറ്റ്
കൊച്ചി: കരഘോഷത്തോടെ വരവേറ്റു, ശ്രദ്ധയോടെ കാതോർത്തു, പകർന്ന അറിവുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു... സദസ്സ് ആ നിമിഷങ്ങളിൽ കടന്നുപോയത് അറിവും ആത്മവിശ്വാസവും ഒരുപോലെ കൈമാറ്റം ചെയ്യപ്പെട്ട നിമിഷങ്ങളിലൂടെയായിരുന്നു. വിജയത്തിലേക്ക് വന്ന പാതയും പ്രതിബന്ധങ്ങളും വിജയികൾ വിശദീകരിക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും നിശ്ശബ്ദമായി വാക്കുകളെ സ്വീകരിക്കുകയായിരുന്നു. മാധ്യമം ‘എജുകഫേ’യിലെ സക്സസ് ചാറ്റ് വേദിയാണ് മികച്ച ഭാവിക്കുള്ള ഊർജസ്രോതസ്സായി മാറിയത്.
കോമൺവെൽത്ത് ഫെലോഷിപ്, ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വുമൺ സയൻസ് ഫെലോഷിപ്, ഫാസ്റ്റ് ട്രാക്ക് സ്കീം ഫോർ യങ് സയന്റിസ്റ്റ് തുടങ്ങിയവ നേടിയ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് അക്വാട്ടിക് എൻവയൺമെന്റ് മാനേജ്മെന്റ് വിഭാഗം ഹെഡ് ഡോ. അനു ഗോപിനാഥ്, ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ 165 ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് നേടിയ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി പ്രഫസർ ആൻഡ് ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റ് ഡോ. എ. പാർവതി, അസി. പ്രഫസർ ഡോ. കെ.പി. സായൂജ്, ആദ്യ കെ.എ.എസ് ബാച്ചിൽ നിയമനം നേടിയ ഒറ്റപ്പാലം ഡിസ്ട്രിക്ട് എജുക്കേഷൻ ഓഫിസർ സിജു തോമസ്, മികച്ച സേവനത്തിനുള്ള 2025ലെ ഡയറക്ടർ ജനറൽ കേരള ഫയർ ആൻഡ് റെസ്ക്യു സർവിസസ് ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം നേടിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനിൽ മോഹൻ, ഇത്തവണ സിവിൽ സർവിസ് റാങ്ക് നേടിയ നാദിയ അബ്ദുൽ റഷീദ്, സി.ആർ. വൈശാഖ് എന്നിവരാണ് സക്സസ് ചാറ്റിൽ സംവദിച്ചത്. മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബിൻ മെഹബൂബ് മോഡറേറ്ററായി.
സക്സസ് ചാറ്റിൽ ഷെബീൻ മെഹബൂബ്, അനിൽ മോഹൻ, സിജു തോമസ്, ഡോ. കെ.പി. സായൂജ്, ഡോ. എ. പാർവതി, ഡോ. അനു ഗോപിനാഥ് എന്നിവർ
‘സ്കിൽ ഫസ്റ്റ്’ സമീപനം ഏറ്റവും പ്രധാനം
ഐ.ടി മേഖലയിലെ കരിയർ ഏറ്റവും ശോഭനമാകുന്നത് ഏത് വിധത്തിൽ സമീപിക്കുമ്പോഴാണെന്ന് വ്യക്തമാക്കി ബ്രിഡ്ജിയോൺ സ്ഥാപകനും സി.ഇ.ഒയുമായ ജാബിർ ഇസ്മായിൽ. ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾക്കപ്പുറം അവരുടെ സ്കിൽ ആണ് തൊഴിലുടമകൾ തേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും സ്കിൽ ഇല്ലെങ്കിൽ മുന്നോട്ടുപോകാൻ കഴിയില്ല. മറ്റേത് തൊഴിൽ മേഖലയെക്കാളും ഐ.ടിക്ക് ഒരുപാട് മേന്മകളുണ്ട്. സ്കിൽഡ് ജീവനക്കാരനാണെങ്കിൽ നാട്ടിൽ ഉയർന്ന ശമ്പളത്തിൽ ഏറ്റവും കൂടതൽ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്. സ്വയംസംരംഭകനാകാനുള്ള അവസരവും നിരവധിയാണ്. സമയം, പണം, സാധ്യത, തൊഴിൽ അന്തരീക്ഷം, വളർച്ച എന്നിവയൊക്കെയാണ് കരിയർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. സ്കിൽ ഫസ്റ്റ് എന്ന സമീപനം ഏറ്റവും മികച്ചതാണെന്ന് തിരിച്ചറിയണം. കരിയർ സാധാരണയേക്കാളും നേരത്തേ തന്നെ ആരംഭിക്കാനാകുമെന്നതാണ് പ്രത്യേകതയെന്നും അദ്ദേഹം വിശദീകരിച്ചു.
ജാബിർ ഇസ്മായിൽ
നേതൃപാടവവും സാമൂഹിക സേവനവും പ്രധാനം -ഡോ. ദേവി സൗമ്യജ
ഫുള്ളി ഫണ്ടഡ് സ്കോളർഷിപ്പുകളിൽ മുൻഗണന ലഭിക്കുക പുസ്തകപ്പുഴുക്കൾക്കാണെന്ന് കരുതരുതെന്ന് കുസാറ്റ് അസിസ്റ്റന്റ് പ്രഫസർ ഡോ. ദേവി സൗമ്യജ. പാഠപുസ്തകങ്ങൾക്കപ്പുറം നേതൃപാടവം, സാമൂഹിക സേവനം എന്നിവയിലൊക്കെ വ്യാപൃതരായിരിക്കുകയെന്നതും പല സ്കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കും പ്രധാനമാണ്. സമൂഹത്തിന് വേണ്ടി തങ്ങളുടെ അറിവ് എങ്ങനെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കപ്പെടും.
ബിരുദതലത്തിലെ മികച്ച പ്രോജക്ട് വർക്ക്, കോൺഫറൻസുകളിലെ പേപ്പർ പ്രസന്റേഷൻ എന്നിവയൊക്കെ മുൻഗണന ലഭിക്കാൻ വഴിയൊരുക്കും. യാത്രച്ചെലവ്, പഠനച്ചെലവ്, ദൈനംദിന ആവശ്യങ്ങൾക്കുള്ള തുക തുടങ്ങി ആരോഗ്യ ഇൻഷുറൻസ് വരെ നീളുന്ന സൗകര്യങ്ങൾ വിദേശത്തുനിന്നുള്ള ഫെലോഷിപ്പുകളിലൂടെ ലഭിക്കാറുണ്ട്.
ഡോ. ദേവി സൗമ്യജ
നിർമിത ബുദ്ധി ലോകത്തെ മാറ്റിമറിക്കുന്നു -അജിത് എബ്രഹാം
നിർമിത ബുദ്ധി ലോകത്തെ മാറ്റിമറിക്കുകയാണെന്ന് സായ് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് എ.ഐ വൈസ് ചാൻസലറും ഡീനുമായ ഡോ. അജിത് എബ്രഹാം. എഴുതാനും വായിക്കാനും കാണാനും കേൾക്കാനും മനസ്സിലാക്കാനും മനസ്സ് വായിക്കാനും വരെ എ.ഐ സാങ്കേതികവിദ്യക്ക് കഴിയുന്ന കാലമാണ്.
കണ്ടന്റ് ക്രിയേഷൻ, ചാറ്റ് ബോട്ടുകൾ, കോഡ് ജനറേഷൻ, ഡേറ്റ ഓഗ്മന്റേഷൻ, മ്യൂസിക് കോമ്പോസിഷൻ, ഫാഷൻ ഡിസൈനിങ്, ഹെൽത്ത് കെയർ എന്നിങ്ങനെ വിവിധ മേഖലകൾക്കായി എ.ഐ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ബിസിനസ് മാനേജ്മന്റെ്, നിയമ മേഖല, കാലാവസ്ഥ നിരീക്ഷണം, ബയോടെക്നോളജി എന്നിങ്ങനെ എല്ലാ മേഖലകളിലും നിർമിത ബുദ്ധിയുടെ സാന്നിധ്യമെത്തുന്നു.
ഡോ.അജിത് എബ്രഹാം
എ.ഐ ടൂളിനെ അന്ധമായി വിശ്വസിക്കരുത് -ബൻസൺ തോമസ് (ജോർജ്യുണീക് വേൾഡ് റോബോട്ടിക്സ് സ്ഥാപകൻ, സി.ഇ.ഒ)
ചാറ്റ് ജി.പി.ടി പോലുള്ള സൗജന്യ എ.ഐ ടൂളുകളാണ് മലയാളികൾ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം ടൂളുകളെ പൂർണമായും വിശ്വസിക്കരുത്. വസ്തുതയേക്കാൾ കൃത്രിമ വിവരങ്ങളായിരിക്കും പലപ്പോഴും അതിൽനിന്ന് ലഭ്യമാകുന്നത്.
അന്താരാഷ്ട്രതലത്തിലെ പല സ്ഥാപനങ്ങളെയും സംരംഭങ്ങളെയും കുറിച്ച് നമുക്ക് കൃത്യമായ അറിവുണ്ടാകാമെങ്കിലും നമ്മുടെ തൊട്ടടുത്ത് കേരളത്തിൽ തന്നെയുള്ള സ്റ്റാർട്ടപ്പുകളെക്കുറിച്ചും സംരംഭകരെക്കുറിച്ചും പലപ്പോഴും ധാരണ ഉണ്ടാവാറില്ല. മാൻഹോൾ വൃത്തിയാക്കാൻ മനുഷ്യരെ ഇറക്കുന്നതിനു പകരം റോബോട്ടിക്സ് ഉപയോഗിക്കുന്ന ജെൻ റോബോട്ടിക്സ് എന്ന സംരംഭത്തിനു പിന്നിൽ മലയാളികളായ നാല് യുവാക്കളാണ്. ഇത് പുറത്താരെങ്കിലും ചെയ്തിരുന്നെങ്കിൽ നമ്മൾ അഭിനന്ദിക്കുമായിരുന്നു.
ബൻസൺ തോമസ്
സൈബർ തട്ടിപ്പ്: സ്വയം സുരക്ഷ പ്രധാനം -ജിയാസ് ജമാൽ
ഏതുസമയത്തും ആരും സൈബർ തട്ടിപ്പിന് ഇരയാക്കപ്പെടാമെന്നതാണ് നിലവിലെ സാഹചര്യമെന്ന് നിയമജ്ഞനും സൈബർ ലോ സ്പെഷലിസ്റ്റും ഇ-കോമേഴ്സ് വിദഗ്ധനുമായ ജിയാസ് ജമാൽ. സ്വയം സുരക്ഷിതരാവുക എന്നതാണ് പ്രധാനം. നൂറ് ശതമാനം സൈബർ സുരക്ഷയുള്ള ആരുമില്ല. സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ഒരേ പാസ്വേഡ് ഉപയോഗിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തും.
ജിയാസ് ജമാൽ
ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൽനിന്ന് പാസ്വേഡ് ലീക്കായാൽ എല്ലാ അക്കൗണ്ടുകളും തട്ടിപ്പുകാരിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകും. സുരക്ഷിതമെന്ന് കരുതുന്ന ഒരു ആപ്ലിക്കേഷനും അങ്ങനെയല്ല എന്നറിയണം. ഹാക്ക് ചെയ്യപ്പെട്ട ശേഷം അത് തിരിച്ചുപിടിക്കുക എന്നത് അത്ര എളുപ്പമല്ല. നമുക്ക് ചുറ്റും നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മനസ്സിലാക്കാൻ പത്ര വായനയിലൂടെ സാധിക്കും. തട്ടിപ്പിന് ഇരയാക്കപ്പെട്ടവരെ സഹായിക്കാൻ കഴിയണമെങ്കിൽ ചുറ്റും നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വഭാവം മോശമെങ്കിൽ പ്രതിഭകൊണ്ട് അർഥമില്ല -സൂസൻ എബ്രഹാം
ഉയർന്ന പ്രതിഭയുള്ള ആളായിട്ടും സ്വഭാവം നന്നായില്ലെങ്കിൽ കാര്യമില്ല. നന്നായി പാടുന്നവരും മികച്ച അഭിനേതാക്കളും ചിലപ്പോൾ വ്യക്തിജീവിതത്തിൽ വൻ പരാജയമാവാറുണ്ട്. സ്വന്തം പ്രതിഭയെപ്പോലെത്തന്നെ വളർത്തിയെടുക്കേണ്ടതാണ് മികച്ച സ്വഭാവവും. ഇത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ വൃത്തിയുള്ള ജീവിതം നയിക്കുക, മറ്റുള്ളവർക്കു മുന്നിൽ സ്വയം നല്ലരീതിയിൽ അവതരിപ്പിക്കുക, നിങ്ങളാരാണെന്ന് സ്വയം തിരിച്ചറിയുക, തങ്ങളുടെ ഇല്ലായ്മകളും ദാരിദ്യ്രവും പറഞ്ഞു നടക്കാതിരിക്കുക, വലിയ സ്വപ്നങ്ങൾ കാണുക എന്നിവയും പേഴ്സണൽ വാലറ്റിൽ സൂക്ഷിക്കേണ്ട ഗുണങ്ങളാണ്.
സൂസൻ എബ്രഹാം (ഡിജിറ്റൽ ക്രിയേറ്റർ, വ്ലോഗർ)
മക്കൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും വേണം സ്ക്രീൻ നിയന്ത്രണം...
കൊച്ചി: 24 മണിക്കൂറും വിഡിയോ ഗെയിം കളിക്കുന്നു, റീൽസിന് അഡിക്ടായി എന്നിങ്ങനെ മക്കളെക്കുറിച്ച് പരാതി പറയുന്ന മാതാപിതാക്കൾക്കു വേണ്ടിയുള്ളതായിരുന്നു എജുകഫേയിലെ അവസാന സെഷനായ ഗെയിമിങ്, സോഷ്യൽമീഡിയ ആൻഡ് ടീൻ അഡിക്ഷൻ എന്ന തലക്കെട്ടിലുള്ള മെന്റൽ വെൽനസ് ചാറ്റ്. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും ട്രോമ ട്രെയിൻഡ് തെറപ്പിസ്റ്റുമായ ഡോ. ഇന്ദുലേഖ പോൾ, കേരള പൊലീസ് അക്കാദമി ട്രെയിനറും സൈക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മി, സൈക്കോളജിസ്റ്റും സെക്ഷ്വാലിറ്റി ഹെൽത്ത് എജുക്കേറ്ററുമായ സ്വാതി ജഗദീഷ് എന്നിവരാണ് മാതാപിതാക്കളുടെ ആശങ്കകൾക്ക് മറുപടി പറഞ്ഞത്.
ഓൺലൈൻ അഡിക്ഷൻ കുട്ടികളിൽ മാത്രമാണെന്നത് മിഥ്യാധാരണയാണെന്നും കുട്ടികളിൽ അത് പ്രകടമായി കാണുന്നുവെന്നു മാത്രമാണെന്നും ഡോ. ഇന്ദുലേഖ വ്യക്തമാക്കി. അമിതോപയോഗം, അഡിക്ഷൻ എന്നിവ രണ്ടും രണ്ടാണ്. കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് കാണുമ്പോൾ അവർ അഡിക്ടഡ് ആണെന്ന് കരുതുകയാണ്. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായാൽ ഏറെക്കുറെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
പലപ്പോഴും നമ്മൾ നോ എന്ന് പറയുമ്പോൾ പകരം എന്തു ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാറില്ലെന്ന് ഡോ. ലക്ഷ്മി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് സ്ക്രീൻ ടൈമിനു പകരം ക്രിയാത്മകമായി എന്തു ചെയ്യണമെന്ന് നമ്മൾ കാണിച്ചുകൊടുക്കേണ്ടതുണ്ട്. കേരള പൊലീസ് ഡി ഡാഡ് എന്ന പദ്ധതിയിലൂടെ നിരവധി കുട്ടികളെയാണ് ഓൺലൈൻ അഡിക്ഷനിൽനിന്ന് മോചിപ്പിച്ചത്. ഓൺലൈൻ ഗെയിമുകളുടെ ഉയർന്ന ലെവലിൽ എത്തുന്നതിനു ശേഷം അത് കുട്ടികൾ വിറ്റ് പൈസയാക്കുന്നുവെന്ന വസ്തുതയും അവർ പങ്കുവെച്ചു. സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയിലെല്ലാം പലതരത്തിലുള്ള ഉള്ളടക്കമാണ് നമ്മൾ കാണുന്നത് എന്നതിനാൽ മുതിർന്നവർക്കു മാത്രമായുള്ള ഉള്ളടക്കം യാദൃച്ഛികമായി കുട്ടികളും കാണുന്ന സാഹചര്യമുണ്ടെന്ന് സ്വാതി ജഗദീഷ് വ്യക്തമാക്കി.
മൊബൈലുൾപ്പെടെ കുട്ടികൾക്ക് കൊടുക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങളും കാണാൻ സാധ്യതയുണ്ടെന്നും എന്തു ചെയ്യണമെന്നും അവർക്ക് പറഞ്ഞുകൊടുക്കണം. രക്ഷിതാക്കൾ തന്നെ പരമാവധി കുട്ടികളുടെ ഗൂഗിൾ ആവണം. കുട്ടികൾക്ക് സ്ക്രീൻടൈം എന്ന പോലെത്തന്നെ മാതാപിതാക്കൾക്കും അതു വേണമെന്നും അവർ കൂട്ടിച്ചേർത്തു. അഭിനേത്രിയും അവതാരകയും ലൈഫ് കോച്ചുമായ, ബിക്കമിങ് വെൽനസ് സ്ഥാപക അശ്വതി ശ്രീകാന്ത് മോഡറേറ്ററായി.
എജു കഫേയിലെ മെന്റൽ വെൽനെസ്സ് ചാറ്റിൽ സംവദിക്കുന്ന അശ്വതി ശ്രീകാന്ത്, സ്വാതി ജഗദീഷ്, ഡോ.ലക്ഷ്മി, ഡോ. ഇന്ദുലേഖ പോൾ എന്നിവർ
സിവിൽ സർവിസ് ബുദ്ധിമുട്ടല്ല’
സിവിൽ സർവിസ് അത്ര എളുപ്പവും വലിയ ബുദ്ധിമുട്ടുമല്ലെന്നതാണ് അനുഭവമെന്ന് സിവിൽ സർവിസ് റാങ്ക് ജേതാവ് നാദിയ അബ്ദുൽ റഷീദ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമടക്കമുള്ള പിന്തുണയും പരിശ്രമവും പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച വരെ പി.എച്ച്.സിയിൽ അറ്റൻഡറായി ജോലി ചെയ്തിരുന്നയാളാണ് താനെന്ന് റാങ്ക് ജേതാവായ സി.ആർ. വൈശാഖ് പറഞ്ഞു. പരിശ്രമം തുടരുകയെന്നത് അതിപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖ്, നാദിയ അബ്ദുൽ റഷീദ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.