ശാസ്ത്രോത്സവത്തിൽ മലപ്പുറം പെരുമ; പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്
text_fieldsപാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ടീം
പാലക്കാട്: പാലക്കാടിന്റെ മണ്ണിൽ നാലുദിവസമായി നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയക്കൊടി പാറിച്ച് മലപ്പുറം. 1548 പോയൻറ് നേടിയാണ് മലപ്പുറം ഹാട്രിക്ക് നേട്ടം കൈവരിച്ചത്. 1487 പോയന്റ് വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പാലക്കാടിന് കൂടുതൽ ഒന്നാം സ്ഥാനം ഉള്ളതിനാൽ രണ്ടാം സ്ഥാനത്തിന് അർഹരായി. കണ്ണൂർ മൂന്നാമതുമായി.
1477 പോയന്റ് നേടിയ തൃശൂരാണ് നാലാം സ്ഥാനത്ത്. ശാസ്ത്രമേളയിൽ തൃശൂർ, ഗണിത മേളയിൽ മലപ്പുറം, സാമൂഹ്യ ശാസ്ത്രമേളയിൽ കോഴിക്കോട്, ഐ.ടി മേളയിൽ തിരുവനന്തപുരം എന്നിവരാണ് ചാമ്പ്യന്മാരായത്. സ്കൂളുകളിൽ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് 164 പോയന്റുമായി ഓവറോൾ ചാമ്പ്യന്മാരായി.
140 പോയന്റുള്ള കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് രണ്ടാമതും 135 പോയന്റോടെ ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. എ.ഡി.പി.ഐ സി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. എ.ഡി.പി.ഐ ആർ.എസ്. ഷിബു, ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുല്ല, പൊതു വിദ്യാഭ്യാസ വകുപ്പ് ചീഫ് പ്ലാനിങ് ഓഫിസർ ദീപ മാർട്ടിൻ, പാലക്കാട് ഡി.ഡി.ഇ സലീന ബീവി, പാലക്കാട് ഡി.ഇ.ഒ ആസിഫ് അലിയാർ എന്നിവർ സംസാരിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ അബൂബക്കർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിജു വിജയൻ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനചടങ്ങിന് മുന്നേ ആശംസകളർപ്പിച്ച് വി.കെ. ശ്രീകണ്ഠൻ എം.പി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

