മിനിമം മാർക്ക് പാദവാർഷിക പരീക്ഷ മുതൽ -മന്ത്രി; ‘അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഉടൻ പൊളിക്കും’
text_fieldsവി. ശിവൻകുട്ടി
തൃശൂർ: സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള മുഴുവൻ സ്കൂൾ കെട്ടിടങ്ങളും ഉടൻ പൊളിക്കുമെന്നും അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളിൽ മിനിമം യോഗ്യതാമാർക്ക് നിർബന്ധമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വായനാശീലത്തിന് ഗ്രേസ് മാർക്ക് നൽകുന്നതിനൊപ്പം ഹയർ സെക്കൻഡറി പാഠ്യപദ്ധതിയും പരിഷ്കരിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പൂർണ പട്ടിക ഒരാഴ്ചക്കകം തയാറാക്കും. കെട്ടിടങ്ങൾ നഷ്ടമാകുന്ന സ്കൂളുകളിൽ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ ബദൽസൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നിയോഗിക്കപ്പെട്ട സ്കൂൾ കൗൺസിലർമാരുമായി സംവദിക്കാൻ മൂന്നു മേഖലാതല യോഗങ്ങൾ സംഘടിപ്പിക്കും.
എട്ടാം ക്ലാസിൽ നടപ്പാക്കിയ, എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. ഒന്നാം പാദവാർഷികപരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരും. എല്ലാ എഴുത്തുപരീക്ഷകൾക്കും വിദ്യാർഥികൾ 30 ശതമാനം മാർക്ക് നേടണം. പരീക്ഷാഫലം ഏഴു ദിവസത്തിനകം പ്രസിദ്ധീകരിച്ച് അറിയിക്കണം. മിനിമം മാർക്ക് നേടാത്തവർക്ക് സെപ്റ്റംബറിൽ രണ്ടാഴ്ചത്തെ പ്രത്യേക പഠനപിന്തുണ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കും. അടുത്ത അധ്യയനവർഷം മുതൽ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രായത്തിനനുയോജ്യമായ വായനാപ്രവർത്തനങ്ങൾക്കും അഞ്ചു മുതൽ പന്ത്രണ്ടു വരെ പത്രം വായനയും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ആഴ്ചയിൽ ഒരു പീരിയഡ് മാറ്റിവെക്കും. സംസ്ഥാന കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട മത്സരം ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി 300 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന അനുപാതം നടപ്പാക്കും. കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയാണെന്ന കേന്ദ്രസർക്കാറിന്റെ വാദം അടിസ്ഥാനരഹിതമാണ്. ശ്രവണവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഇന്ത്യയിലാദ്യമായി 1 മുതൽ 3 വരെ ക്ലാസുകളിലേക്ക് പ്രത്യേക പാഠപുസ്തകങ്ങൾ കേരളം തയാറാക്കി. കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി 1, 3, 5, 7 ക്ലാസുകളിലെ എല്ലാ പുതിയ പാഠപുസ്തകങ്ങളും അധ്യാപക സഹായികളും പൂർണമായും ബ്രെയിലിൽ ലഭ്യമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.