‘സന്മാർഗ പഠനം’; സ്കൂളുകളിൽ ഒരു മണിക്കൂർ മാത്രം, ഹയർ സെക്കൻഡറിയിൽ രണ്ടു മണിക്കൂർ
text_fieldsതിരുവനന്തപുരം: സ്കൂൾ അധ്യയന വർഷാരംഭത്തിൽ ആദ്യ രണ്ടാഴ്ച പൂർണമായും നടത്താനിരുന്ന സന്മാർഗ പഠനം ദിവസവും ഒരു മണിക്കൂറാക്കി ചുരുക്കി. വിദ്യാഭ്യാസ, മനഃശാസ്ത്ര മേഖലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ആലോചനയുടെ അടിസ്ഥാനത്തിലാണ് എല്ലാ ക്ലാസുകളിലും തെരഞ്ഞെടുത്ത പ്രമേയം അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകളോ അവതരണങ്ങളോ നടത്താൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാരോപദേശങ്ങൾ നൽകുക എന്നതല്ല, ഈ പ്രവർത്തനങ്ങളിലൂടെ വിഭാവനം ചെയ്യുന്നതെന്നും കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പഠന പ്രവർത്തനങ്ങളായാണ് ഇവ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി ക്ലാസുകളിൽ ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പേരിൽ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത വ്യക്തിത്വ വികസന പരിപാടി രണ്ടു മണിക്കൂർ വരെ നീളും.
ജൂൺ മൂന്ന് മുതലായിരിക്കും ക്ലാസുകൾ. മൂന്നിന് രണ്ടു മുതൽ നാലു വരെ ക്ലാസുകൾക്ക് പൊതുകാര്യങ്ങളായിരിക്കും ചർച്ച ചെയ്യുക. ഇതേ ദിവസം അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണം.
ജൂൺ നാലിന് രണ്ടു മുതൽ 10 വരെ ക്ലാസുകൾക്ക് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ചായിരിക്കും ക്ലാസ്.
ജൂൺ അഞ്ചിന് വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിത കാമ്പസ്, സ്കൂൾ സൗന്ദര്യവത്കരണം എന്നിവ. ജൂൺ ഒമ്പതിന് ആരോഗ്യം, വ്യായാമം, കായിക ക്ഷമത. ജൂൺ 10ന് ഡിജിറ്റൽ അച്ചടക്കം, 11ന് പൊതുമുതൽ സംരക്ഷണം, 12ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വിഷയങ്ങളിലും ക്ലാസുകൾ നടക്കും. 13ന് പൊതുക്രോഡീകരണത്തോടെ അവസാനിക്കും.
മൊബൈൽ ഫോൺ വിവേകത്തോടെയും വിവേചനബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച സംവാദങ്ങൾ ക്ലാസുമുറികളിൽ നടത്തണം. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചെന്നുപെടാവുന്ന ചതിക്കുഴികളും കുട്ടികളുടെ പ്രായം കൂടി പരിഗണിച്ച് അവതരിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി ക്ലാസുകളിൽ ജൂൺ മൂന്നു മുതൽ അഞ്ചു വരെ റാഗിങ് നിയമങ്ങൾ നിയന്ത്രണങ്ങൾ, ഒമ്പത് മുതൽ 11 വരെ പോസിറ്റിവ് മനോഭാവവും സൗഖ്യവും കൗമാരകാലത്ത്, 12 മുതൽ 17 വരെ തീയതികളിൽ കൗമാര പെരുമാറ്റങ്ങൾ; പ്രശ്നങ്ങളും കരുതലുകളും എന്നിവ സംബന്ധിച്ചായിരിക്കും ക്ലാസും പരിശീലനവും. 21ന് ലോക ലഹരിവിരുദ്ധ ദിനാചരണത്തോടെ പരിപാടി സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.