പ്ലസ് വൺ: മുന്നാക്ക സംവരണത്തിന് ഒഴിച്ചിട്ട സീറ്റുകളിൽ പകുതിയിലധികം ഒഴിഞ്ഞുകിടക്കുന്നു
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് രണ്ട് അലോട്ട്മെന്റ് പൂർത്തിയായിട്ടും മുന്നാക്ക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്) സർക്കാർ സ്കൂളുകളിൽ നീക്കിവെച്ച 18449 സീറ്റുകളിൽ 9432 സീറ്റുകളിലേക്കും ആളില്ല. അഥവാ, 51.12 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. കൂടുതൽ മുന്നാക്ക സീറ്റുകൾ ഒഴിവുള്ളത് സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിലാണ്. ഇവിടെ 3240 സീറ്റുകളിൽ 2796 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു.
കണ്ണൂരിൽ ആകെയുള്ള 2045 സീറ്റുകളിൽ 1424 എണ്ണവും പാലക്കാട് 1845 സീറ്റുകളിൽ 1117 എണ്ണവും കോഴിക്കോട് 1887ൽ 929 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.
രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്ന ജില്ലകളിലാണ് പകുതിയിലധികം മുന്നാക്ക സംവരണ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. ഇവ ഉൾപ്പെടെ ഒഴിവുള്ള മുഴുവൻ സംവരണ സീറ്റുകൾ മൂന്നാം അലോട്ട്മെന്റിൽ ഓപൺ മെറിറ്റിലേക്ക് മാറ്റി അലോട്ട്മെന്റ് നടത്തും. ഇതോടെ പ്രവേശനം കാത്തുനിൽക്കുന്ന കൂടുതൽ കുട്ടികൾക്ക് പ്രവേശനത്തിന് വഴിയൊരുങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.