നീറ്റ് യു.ജി കൗൺസലിങ്: രണ്ടാംഘട്ട രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ് ഷെഡ്യൂളായി
text_fieldsഎം.ബി.ബി.എസ് സീറ്റ് വർധന നടപടികളുമായി ബന്ധപ്പെട്ട് നിർത്തിവെച്ചിരുന്ന രണ്ടാംഘട്ട നീറ്റ്-യു.ജി-എം.സി.സി കൗൺസലിങ് നടപടികൾ സെപ്റ്റംബർ മൂന്നിന് പുനരാരംഭിക്കും. അഖിലേന്ത്യാ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വാട്ട/എയിംസുകൾ/ജിപ്മെർ/കൽപിത/കേന്ദ്ര സർവകലാശാലകളിലേക്കുള്ള രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് നീറ്റ്-യു.ജി റാങ്ക് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ നാലു മുതൽ ഒമ്പതുവരെ രജിസ്ട്രേഷൻ ഫീസ് അടക്കൽ, ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികൾ പൂർത്തിയാക്കാം. 12ന് സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 13-19 വരെ അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
ഇതിനെതുടർന്നുള്ള കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നാംഘട്ട കൗൺസലിങ് നടപടികൾ സെപ്റ്റംബർ 23ന് തുടങ്ങും. രജിസ്ട്രേഷൻ, ഫീസടവ്, കോഴ്സ്, കോളജുകൾ അടങ്ങിയ ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികൾ സെപ്റ്റംബർ 24നും 29നും മധ്യേ പൂർത്തിയാക്കാം. ഒക്ടോബർ മൂന്നിന് സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. നാലുമുതൽ 10 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.
ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിങ് നടപടികൾ ഒക്ടോബർ 13ന് ആരംഭിക്കും. രജിസ്ട്രേഷൻ/ഫീസ്, ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികൾ ഒക്ടോബർ 14നും 17നും മധ്യേ പൂർത്തിയാക്കണം. 18ന് അലോട്ട്മെന്റ്. 19-25 വരെ പ്രവേശനം നേടാം.
പുതുക്കിയ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.in ൽ ലഭ്യമാണ്.
സംസ്ഥാനതലത്തിലും മാറ്റം
എം.സി.സി-നീറ്റ്-യു.ജി രണ്ടാംഘട്ട കൗൺസലിങ്, അലോട്ട്മെന്റ് വൈകിയ സാഹചര്യത്തിൽ സംസ്ഥാനതല കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളിലും മാറ്റംവരുത്തി. രണ്ടാംഘട്ട സംസ്ഥാന കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബർ 10ന് തുടങ്ങി 19ന് അവസാനിപ്പിക്കും. 25നകം പ്രവേശനം നേടണമെന്ന് എം.സി.സി അറിയിച്ചു.
മൂന്നാംഘട്ട കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബർ 30നും ഒക്ടോബർ 10നും മധ്യേ പൂർത്തിയാക്കി ഒക്ടോബർ 14നകം പ്രവേശനം നേടുന്നവിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിട്ടുള്ളത്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി റൗണ്ട് നടപടികൾ ഒക്ടോബർ 16നും 18നും മധ്യേ പൂർത്തിയാക്കണം. 25നകം പ്രവേശനം നേടണം.
സെപ്റ്റംബർ 22ന് കോഴ്സുകൾ തുടങ്ങാനും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.അതേസമയം എം.ബി.ബി.എസ്/ബി.ഡി.എസ് രണ്ടാം റൗണ്ട് സംസ്ഥാന അലോട്ട്മെന്റ് ഷെഡ്യൂൾ കേന്ദ്ര ഷെഡ്യൂളിന് അനുസൃതമായി ഉടൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. പുതുക്കിയ ഷെഡ്യൂൾ www.cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.