നീറ്റ്-യു.ജി: ആദ്യ സീറ്റ് അലോട്ട്മെന്റ് 31ന്
text_fieldsനീറ്റ്-യു.ജി 2025 റാങ്കുകാർക്ക് ഒന്നാംഘട്ട സീറ്റ് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, ലോക്കിങ് അടക്കമുള്ള നടപടികൾ ജൂലൈ 28 രാത്രി 11.55ന് അവസാനിക്കും. ആദ്യ അലോട്ട്മെന്റ് 31ന് പ്രഖ്യാപിക്കും. നടപടിക്രമങ്ങൾക്ക് വിധേയമായി ആഗസ്റ്റ് ഒന്നിനും ആറിനും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. ചോയിസ് ഫില്ലിങ് രജിസ്ട്രേഷനും അലോട്ട്മെന്റിനും മൂന്ന് റൗണ്ടുകളുണ്ടാകും. ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ടും ഉണ്ട്.
നീറ്റ്-യു.ജി 2025 ഓൺലൈൻ കൗൺസലിങ്, പ്രവേശന നടപടികളടങ്ങിയ വിവരണ പത്രിക www.mcc.nic.in ൽ ലഭ്യമാണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സുകളിലാണ് നീറ്റ് അലോട്ട്മെന്റ്. ആദ്യ റൗണ്ടിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും അടങ്ങിയ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗൺസലിങ് ബുള്ളറ്റിങ്ങിലെ വ്യവസ്ഥകളും മാർഗനിർദേശങ്ങളും മനസ്സിലാക്കിവേണം അലോട്ട്മെന്റ് നടപടികളിൽ പങ്കെടുക്കേണ്ടത്. കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് നിർബന്ധമായും www.mcc.inic.in ൽ രജിസ്റ്റർ ചെയ്ത് ഫീസടച്ചത് ചോയിസ് ഫില്ലിങ് സമയബന്ധിതമായി നടത്തിയിരിക്കണം. ഒറ്റ അപേക്ഷ/രജിസ്ട്രേഷൻ മതി.
എം.സി.സി കൗൺസലിങ് വഴി എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും കൽപിത/കേന്ദ്ര സർവലകലാശാലകൾ (ഡൽഹി, അലീഗഢ് മുസ്ലിം, ബനാസറ് ഹിന്ദു സർവകലാശാലകളിലെ ഇൻസ്റ്റിറ്റ്യൂഷനൽ/ഡൊമിസൈൽ ക്വോട്ട ഉൾപ്പെടെ), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ, വർധമാന മഹാവീർ മെഡിക്കൽ കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ, രാം മനോഹർ ലോഹിയ, ഇ.എസ്.ഐ.സി ഡെന്റൽ, ഡൽഹി (15 ശതമാാനം അഖിലേന്ത്യ ക്വോട്ട + 85 ശതമാനം ഇൻസ്റ്റിറ്റ്യൂഷനൽ ക്വോട്ട), എയിംസുകൾ, ജിപ്മെർ എന്നിവിടങ്ങളിലെ 100 ശതമാനം സീറ്റുകളിലും ബി.എസ്സി നഴ്സിങ് (കേന്ദ്ര സ്ഥാപനങ്ങളിൽമാത്രം) സീറ്റുകളിലുമാണ് പ്രവേശനം. പുണെ സായുധസേന മെഡിക്കൽ കോളജ് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യവും എം.സി.സി കൗൺസലിങ് പോർട്ടിലുണ്ട്.
ഡൊമിസൈൽ ഫ്രീ ഓപൺ സീറ്റ് വിഭാഗത്തിൽ ഇന്ത്യയിലെവിടെയുമുള്ളവർക്ക് മെരിറ്റും ചോയിസും പരിഗണിച്ച് പ്രവേശനം ലഭിക്കാവുന്ന കോഴ്സുകളും സീറ്റുകളും സ്ഥാപനങ്ങളും ഇവയാണ്. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ട, ബനാറസ് ഹിന്ദു വാഴ്സിറ്റിയിലെ മുഴുവൻ സീറ്റുകൾ, എയിംസുകളിലെ എം.ബി.ബി.എസ് ഓപൺ സീറ്റുകൾ 100 ശതമാനം, ജിപ്മെർ പുതുച്ചേരി, അലീഗഢ് മുസ്ലിം വാഴ്സിറ്റി ഓപൺ സീറ്റുകൾ, ഡൽഹി ഇന്ദ്രപ്രസ്ഥ വാഴ്സിറ്റിയുടെ (വി.എം.എം.സി/എ.ബി.വി.ഐ.എം.എസ്/ഇ.എസ്.ഐ.സി ഡെന്റൽ) 15 ശതമാനം അഖിലേന്ത്യ ക്വോട്ട, ജാമിയ മില്ലിയ ഇസ്ലാമിയയുടെ ഡന്റിസിട്രി ഫാക്വൽറ്റി/ജാമിയ ഓപൺ സീറ്റുകൾ, ഇ.എസ്.ഐ.സിയുടെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട. കൽപിത സർവകലാശാല പ്രവേശനത്തിന് ഡൊമിസൈൽ നിയന്ത്രണമില്ല. ഇ.എസ്.ഐ.സി ഇൻഷുറൻസ് ഉപഭോക്താക്കളുടെ ക്വോട്ട പ്രവേശനവും മെഡിക്കൽ കൗൺസലിങ് കമ്മിറ്റി മുഖേനയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രധാനമായും മൂന്ന് റൗണ്ടുകൾ വഴിയാണ് ഓൺലൈൻ കൗൺസലിങ് ചോയിസ് ഫില്ലിങ്, ഫീസ് പേമെന്റ് രജിസ്ട്രേഷൻ നടപടികളും സീറ്റ് അലോട്ട്മെന്റും. ഒഴിവുള്ള സീറ്റുകളിലേക്ക് വേക്കൻസി അലോട്ട്മെന്റും നടത്തും. കൗൺസലിങ്, സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകൾ, പ്രവേശന നടപടികളടങ്ങിയ പുതിയ ‘നീറ്റ്-യു.ജി 2025കൗൺസലിങ് ബുള്ളറ്റിൻ, സംശയങ്ങൾക്കുള്ള മറുപടി എന്നിവ www.mcc.nic.inൽ ലഭ്യമാണ്.
• കൗൺസലിങ് അലോട്ട്മെന്റ് സംബന്ധമായ വിവരങ്ങൾ/അറിയിപ്പുകൾ രജിസ്ട്രേഡ് ഇ-മെയിൽ, എസ്.എം.എസ് വഴിയാവും ലഭിക്കുക.
• ആദ്യറൗണ്ടിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് റിപ്പോർട്ട് ചെയ്യണം. ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ പ്രവേശനം നേടാം. അല്ലാത്തപക്ഷം അടുത്ത റൗണ്ടിലേക്ക് കടക്കുന്നതിന് സമ്മതം അറിയിക്കാം. സീറ്റ് ലഭിക്കാത്തവർക്ക് രണ്ടാം റൗണ്ടിലേക്ക് വീണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
• ഒന്നാം റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യാത്തവർക്ക് മുഴുവൻ ഫീസും അടച്ച് രണ്ടാംറൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ നടത്തണം. ഇതിലേക്ക് ഫ്രഷ് ചോയിസും ലോക്കിങ് ചോയിസും വിനിയോഗിക്കാം. രണ്ടാം റൗണ്ടിൽ ഇവർക്ക് അലോട്ട്മെന്റ് ലഭിക്കാത്തപക്ഷം മൂന്നാം റൗണ്ടിലേക്ക് കടക്കാം. വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
• ഒന്നും രണ്ടും റൗണ്ടുകളിൽ സീറ്റ് ലഭിക്കാത്തവർക്ക് മൂന്നാം റൗണ്ടിൽ പങ്കെടുക്കുന്നതിന് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
• ഒന്നും രണ്ടും റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ മൂന്നാം റൗണ്ടിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷനും സെക്യൂരിറ്റിയും അടക്കം മുഴുവൻ ഫീസും അടച്ച് പുതുതായി രജിസ്റ്റർ ചെയ്യണം.
• ഒന്നും രണ്ടും റൗണ്ടുകളിൽ സീറ്റ് ലഭിച്ചിട്ടും അത് നിരസിച്ചവരോ റിപ്പോർട്ട് ചെയ്യാത്തവരോ മൂന്നാം റൗണ്ടിൽ പങ്കെടുക്കുന്നതിന് മുഴുവൻ ഫീസും അടച്ച് പുതിയ ചോയിസ് രജിസ്റ്റർ ചെയ്യണം.
• മൂന്നാം റൗണ്ടിൽ സീറ്റ് ലഭിച്ചിട്ട് റിപ്പോർട്ട് ചെയ്യാത്തവരുടെ സെക്യൂരിറ്റി തുക നഷ്ടപ്പെടും. തുടർന്നുള്ള റൗണ്ടിൽനിന്ന് ഒഴിവാക്കുകയും ചെയ്യും. അതേസമയം മൂന്നാം റൗണ്ടിൽ സീറ്റ് ലഭിക്കാത്തവർക്ക് സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാവുന്നതാണ്.
• അന്തിമ സ്ട്രേ വേക്കൻസി റൗണ്ടിലക്ക് പുതിയ രജിസ്ട്രേഷൻ നടത്തണം. കൗൺസലിങ്, അലോട്ട്മെന്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾ കൗൺസലിങ് ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
• നീറ്റ്-യു.ജി റാങ്കുകാർക്ക് കോളജുകളും കോഴ്സുകളും അടങ്ങിയ ചോയിസുകൾ മുൻഗണനാ ക്രമത്തിൽ എത്രവേണമെങ്കിലും നൽകാവുന്നതാണ്. ചോയിസ് ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
• കൽപിത സർവകലാശാലകളിലെ സ്ട്രേ വേക്കൻസി റൗണ്ടിലെ ഒഴിവുള്ള മുഴുവൻ സീറ്റുകളിലേക്കും എം.സി.സി തന്നെയാണ് അലോട്ട്മെന്റ് നടത്തുന്നത്.
പ്രവേശനത്തിന് വേണ്ട രേഖകൾ
അലോട്ട്മെന്റ് ലഭിക്കുന്നവർ പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യുമ്പോൾ ഇനിപറയുന്ന രേഖകൾ കൈവശം കരുതണം. അലോട്ട്മെന്റ് ലെറ്റർ, പരീക്ഷയുടെ (നീറ്റ്-യു.ജി) അഡ്മിറ്റ് കാർഡ്, റാങ്ക് ലറ്റർ, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പത്താംക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, അപേക്ഷയിൽ പതിച്ചിട്ടുള്ള അതേപോലുള്ള എട്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ (ആധാർ/പാൻ/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്), പ്രവാസി ഭാരതീയർ/വിദേശ വിദ്യാർഥികൾ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ്, സംവരണ വിഭാഗക്കാർ അത് തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ് എന്നിവയാണ് ഹാജരാക്കേണ്ടത്.
രജിസ്ട്രേഷൻ സമയത്ത് നൽകേണ്ട ഫീസ്: കൽപിത സർവകലാശാലകൾക്ക് രജിസ്ട്രേഷൻ ഫീസ് -5000 രൂപ, സെക്യൂരിറ്റി ഡിപ്പോസിറ്റ് -രണ്ടു ലക്ഷം രൂപ. 15 ശതമാനം അഖിലേന്ത്യ ക്വോട്ട/കേന്ദ്ര വാഴ്സിറ്റികൾ, എ.എഫ്.എം.സി,ഇ.എസ്.ഐ, എയിംസുകൾ/ജിപ്മർ/ബി.എസ്.സി നഴ്സിങ്- രജിസ്ട്രേഷൻ ഫീസ് -1000 രൂപ (എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി 5000 രൂപ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.