മികവുള്ളവർക്ക് നേരത്തെ ബിരുദം നേടാം; മാർഗരേഖയായി; രണ്ടര വർഷം കൊണ്ട് ത്രിവത്സര ബിരുദവും മൂന്നര വർഷം കൊണ്ട് നാലുവർഷ ബിരുദവും നേടാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ കഴിഞ്ഞവർഷം ആരംഭിച്ച നാലു വർഷ ബിരുദ കോഴ്സ് മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് വേഗത്തിൽ പൂർത്തിയാക്കാൻ മാർഗരേഖ പുറത്തിറങ്ങി. എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്സ് ഏഴ് സെമസ്റ്റർ കാലയളവിൽ പൂർത്തിയാക്കാവുന്ന രീതിയിലാണ് മാർഗരേഖ. ആറ് സെമസ്റ്റർ അടങ്ങിയ മൂന്നു വർഷ ബിരുദ കോഴ്സ് ഇതേ മാതൃകയിൽ അഞ്ച് സെമസ്റ്റർ കാലയളവിലും പൂർത്തിയാക്കാം. ത്വരിതഗതിയിലുള്ള ബിരുദപഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർ രണ്ടാം സെമസ്റ്ററിന്‍റെ അവസാനത്തിൽ ഇതിനായി അപേക്ഷിക്കണം. വിദ്യാർഥി ഓരോ സെമസ്റ്ററിലും 85 ശതമാനത്തിൽ കൂടുതൽ ഗ്രേഡ് പോയന്‍റ് ആവറേജിൽ മാർക്ക് നേടിയിരിക്കണം.
വിദ്യാർഥി നാലു വർഷ ബിരുദ കോഴ്സിന്റെ മാനദണ്ഡപ്രകാരമുള്ള 42 ക്രെഡിറ്റുകൾ ആദ്യ രണ്ട് സെമസ്റ്ററിലുമായി ആർജിച്ചിരിക്കണം. അധിക പഠനഭാരം വഹിക്കാനുള്ള ശേഷിയും വിദ്യാർഥി തെളിയിച്ചിരിക്കണം. നേരത്തെ പൂർത്തിയാക്കുന്ന ബിരുദ കോഴ്സ് എന്ന നിലയിൽ ഇവ ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം (എ.ഡി.പി) എന്ന പേരിലായിരിക്കും അറിയപ്പെടുക. കോഴ്സ് നിശ്ചയിച്ചതിലും ഒരു സെമസ്റ്റർ നേരത്തെ പൂർത്തിയാക്കുന്നതിനാൽ ‘എൻ-1 സെമസ്റ്റർ’ എന്ന പേരിലും ഈ രീതി അറിയപ്പെടും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവും സർവകലാശാല പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് മാർഗരേഖ അംഗീകരിച്ചത്.
അധിക ക്രെഡിറ്റ് ഓൺലൈൻ ക്ലാസ് വഴി
ത്വരിത ബിരുദ പഠനത്തിനായി നേടേണ്ട അധിക ക്രെഡിറ്റുകൾ ആർജിക്കാൻ ഓൺലൈൻ ക്ലാസുകളിൽ ഹാജരായി നേടാം. കോളജുകളിൽ ഇതിന് മതിയായ അധ്യാപകരില്ലെങ്കിൽ പഠന ബോർഡുകളുടെ സഹായത്തോടെ സർവകലാശാലകൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താം. സ്വയം സന്നദ്ധരാകുന്ന അധ്യാപകർക്ക് ഇത്തരം വിഷയങ്ങളിൽ ക്ലാസുകൾ നടത്താം. യു.ജി.സിയുടെ ‘സ്വയം’ പ്ലാറ്റ്ഫോം വഴിയുള്ള ഓൺലൈൻ കോഴ്സുകൾ വഴിയും അധിക ക്രെഡിറ്റ് നേടാം. ഈ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾക്ക് കോളജുകൾ മാർഗദർശിയെ നിശ്ചയിച്ചുനൽകണം.
അഞ്ച് സെമസ്റ്ററിൽ 133 ക്രെഡിറ്റ്; ഏഴ് സെമസ്റ്ററിൽ 177 ക്രെഡിറ്റ്
മൂന്നു വർഷ ബിരുദ കോഴ്സ് രണ്ടര വർഷം കൊണ്ട് അഞ്ച് സെമസ്റ്റർ കാലയളവിൽ പൂർത്തിയാക്കാൻ വിദ്യാർഥി മൂന്നു മുതൽ അഞ്ചു വരെ സെമസ്റ്ററുകളിൽ അധികമായി എട്ടു വീതം ക്രെഡിറ്റുകൾ നേടേണ്ടിവരും. അഞ്ച് സെമസ്റ്റർ കാലയളവിൽ മൊത്തം 133 ക്രെഡിറ്റ് ആർജിച്ചാൽ വിദ്യാർഥിക്ക് ത്രിവത്സര ബിരുദം ലഭിക്കും. നാലു വർഷ ബിരുദ കോഴ്സിന് ആവശ്യമായ 177 ക്രെഡിറ്റ് മൂന്നരവർഷം കൊണ്ട് ഏഴ് സെമസ്റ്റർ കാലയളവിൽ പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം/ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കും.
ഈ വിദ്യാർഥികളും മൂന്നു മുതൽ ഏഴുവരെ സെമസ്റ്ററുകളിൽ അധികമായി ശരാശരി എട്ടു സെമസ്റ്ററുകൾ വീതം അധികമായി നേടേണ്ടിവരും. എ.ഡി.പി ബിരുദ കോഴ്സിനുള്ള അപേക്ഷ കോളജ് പ്രിൻസിപ്പൽ ചെയർപേഴ്സണും പഠനവകുപ്പ് മേധാവി കൺവീനറുമായ അഞ്ചംഗ എ.ഡി.പി കമ്മിറ്റി പരിശോധിച്ച് യോഗ്യതയുള്ളവരെ രേഖാമൂലം അനുമതി അറിയിക്കണം. പ്രതീക്ഷിച്ച അക്കാദമിക മികവ് പുലർത്താൻ കഴിയാത്തവർക്ക് ത്വരിത ബിരുദ പഠനത്തിൽ പുറത്തുപോകാൻ അവസരമുണ്ടായിരിക്കും. മതിയായ കാരണത്തോടെ സ്വയം പിന്മാറാനും അവസരമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.