എൻ.എം.എം.എസ് സ്കോളർഷിപ് വിവേചനം; ജില്ല തിരിച്ചുള്ള കട്ട് ഓഫ് മാർക്ക് കേന്ദ്രം പറയാത്ത മാനദണ്ഡം
text_fieldsതിരുവനന്തപുരം: മികവ് പുലർത്തുന്ന എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ.എം.എം.എസ്) പരീക്ഷയിൽ വിജയിക്കാൻ ജില്ലകൾക്ക് വ്യത്യസ്ത കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തിയത് കേന്ദ്രം നിർദേശിക്കാത്ത മാനദണ്ഡം ഉൾപ്പെടുത്തിയാണെന്ന് വ്യക്തമാകുന്നു.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് 2020 നവംബർ 29നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുവഴിയാണ് കേന്ദ്രം അനുവദിച്ച 3473 സ്കോളർഷിപ്പുകൾ എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നവിധം ജില്ലകൾക്ക് േക്വാട്ട നിശ്ചയിച്ച് യോഗ്യരായവരെ കണ്ടെത്താൻ മാനദണ്ഡം ഏർപ്പെടുത്തിയത്.
ഓരോ ജില്ലകളിലും ഏഴ്, എട്ട് ക്ലാസുകളിൽ പ്രവേശനം നേടുന്നവരുടെ അനുപാതത്തിൽ ഓരോ ജില്ലക്കും ആകെ അനുവദിക്കാവുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗം േക്വാട്ട നിശ്ചയിക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. 10 മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തിന്റെ അനുപാതത്തിൽ ജില്ലകളുടെ േക്വാട്ടയുടെ മൂന്നിൽ ഒരു ഭാഗവും നിശ്ചയിക്കണം. ഈ നിർദേശം നടപ്പാക്കിയതോടെ ജില്ലകൾക്ക് അനുവദിക്കുന്ന സ്കോളർഷിപ്പിന് േക്വാട്ട നിലവിൽവന്നു.
ഇതോടെ എണ്ണം നിയന്ത്രിച്ചുനിർത്താൻ ജില്ലകൾക്ക് വ്യത്യസ്ത കട്ട് ഓഫ് മാർക്കും നിലവിൽവന്നു. മുൻ വർഷങ്ങളിൽ പ്രസിദ്ധീകരിക്കാതിരുന്ന കട്ട് ഓഫ് മാർക്ക് ഇത്തവണ പ്രസിദ്ധീകരിച്ചതോടെയാണ് വ്യത്യസ്ത കട്ട് ഓഫ് മാർക്ക് പുറത്തുവരുന്നത്. ഒരേ ചോദ്യപേപ്പർ ഉപയോഗിച്ച് നടത്തിയ പരീക്ഷയിൽ യോഗ്യത നേടാൻ വ്യത്യസ്ത മാർക്ക് നിശ്ചയിക്കുന്ന വിചിത്ര നടപടി വിശദീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല.
180ൽ 115 മാർക്ക് നേടിയ കുട്ടിക്ക് പത്തനംതിട്ടയിൽ സ്കോളർഷിപ് ലഭിക്കുമ്പോൾ 139 മാർക്ക് നേടിയാലും കുട്ടി പഠിക്കുന്നത് മലപ്പുറത്തായി എന്ന കാരണത്താൽ സ്കോളർഷിപ്പിന് അർഹനല്ലാതായി മാറുന്നു. ഇടുക്കിയിൽ 119ഉം കോട്ടയത്ത് ഇത് 121ഉം മാർക്കാണ് കട്ട്ഓഫ്. 14 ജില്ലകളിൽ ഏറ്റവും ഉയർന്ന മാർക്ക് (140) നേടേണ്ടത് മലപ്പുറം ജില്ലയിലെ കുട്ടികളാണ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിലും ഓരോ ജില്ലക്കും വ്യത്യസ്ത കട്ട് ഓഫാണ്.
സംസ്ഥാനത്തെ ഒറ്റ യൂനിറ്റായി പരിഗണിച്ച് ഒരു കട്ട് ഓഫ് നിശ്ചയിക്കുന്നതിന് പകരം ജില്ലകൾക്ക് കട്ട് ഓഫ് നിശ്ചയിച്ചതിനെ നീതീകരിക്കാൻ ആവശ്യമായ രേഖകളുമില്ല. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുമ്പോഴും ജില്ലകൾക്ക് േക്വാട്ട നിശ്ചയിക്കാനോ അതിനായി വ്യത്യസ്ത കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്താനോ കേന്ദ്ര മാർഗരേഖയിൽ നിർദേശമില്ല. സംസ്ഥാനങ്ങളിൽ നിലവിലുള്ള സംവരണരീതി സ്കോളർഷിപ് വിതരണത്തിൽ പിന്തുടരാമെന്ന് കേന്ദ്ര മാർഗരേഖയിൽ പറയുന്നുണ്ട്.
എന്നാൽ കേരളത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ സംവരണമുള്ളത് എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് മാത്രമാണ്. എസ്.ഇ.ബി.സി ഉൾപ്പെടെ മറ്റ് സംവരണ വിഭാഗങ്ങളെല്ലാം ജനറൽ കാറ്റഗറിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.