വിദേശത്ത് മെഡിക്കൽ പഠിച്ചവർക്ക് ആശ്വാസം: നാട്ടിൽ ഇന്‍റേൺഷിപ്പിന് ഫീസ് ഈടാക്കരുത്, സ്റ്റൈപ്പന്റിന് അർഹരെന്ന് ഹൈകോടതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി ഇന്‍റേൺഷിപ് ചെയ്യുന്നവർക്ക് രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കെന്ന പോലെ സ്റ്റൈപ്പന്റിന് അർഹതയുണ്ടെന്ന് ഹൈകോടതി. ഇവരിൽനിന്ന് ഇന്‍റേൺഷിപ്പിനായി ഫീസ് ഈടാക്കാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
റഷ്യയിലെ യൂനിവേഴ്സിറ്റിയിൽ പഠിച്ച ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇന്‍റേൺഷിപ് ചെയ്തെങ്കിലും ഫീസ് നൽകാത്തതിന്‍റെ പേരിൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി എസ്. മുരുകൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഇന്‍റേൺഷിപ് കാലയളവിൽ സ്റ്റൈപ്പൻഡ് നൽകിയിരുന്നില്ലെന്നും സർട്ടിഫിക്കറ്റിന് സമീപിച്ചപ്പോൾ ആശുപത്രി സൂപ്രണ്ട് ഫീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. നാഷനൽ മെഡിക്കൽ കമീഷന്‍റെ 2022 മേയ് 19ലെ സർക്കുലർ പ്രകാരം ഇന്‍റേൺഷിപ്പിന് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്ന് ബിരുദം നേടിയവർക്കും (എഫ്.എം.ജി) നിർബന്ധിത റോട്ടറി മെഡിക്കൽ ഇന്‍റേൺഷിപ് (സി.ആർ.എം.ഐ) കാലയളവിൽ സ്റ്റൈപ്പൻഡ് നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. അതിനാൽ, ഹരജിക്കാരനിൽനിന്ന് ഫീസ് ഈടാക്കാതെ ഇന്‍റേൺഷിപ് സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്നും നിയമപരമായ അപേക്ഷ ലഭിച്ചാൽ മൂന്ന് മാസത്തിനകം സ്റ്റൈപ്പന്റിനത്തിൽ കുടിശ്ശികയായ തുക മുഴുവൻ അധികൃതർ നൽകണമെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

