കണ്ണൂർ സർവകലാശാലയിൽ ഇനി ഒരേസമയം രണ്ടു കോഴ്സുകൾ പഠിക്കാം
text_fieldsകണ്ണൂർ: ഒരേസമയത്ത് രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകാൻ സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം തീരുമാനിച്ചു. പുതുതലമുറ കോഴ്സുകൾക്ക് തുല്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
മംഗലാപുരം സർവകലാശാല, അമൃത വിശ്വവിദ്യാപീഠം, ഡക്കാൻ കോളജ് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പുണെ, സർക്കത്തുള്ള വിശ്വവിദ്യാലയ (ഭോപാൽ) എന്നിവിടങ്ങളിലെ വിവിധ കോഴ്സുകൾ കണ്ണൂർ സർവകലാശാലയുടെ സമാന കോഴ്സുകൾക്ക് തത്തുല്യമായി അംഗീകരിച്ചു.
ബിരുദതല കരിക്കുലം പരിഷ്കരണ വേളയിൽ ഇന്റേൺഷിപ്/അപ്രന്റിസ്ഷിപ് എന്നിവ ഉൾപ്പെടുത്തും. പുതിയ കരിക്കുലം പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിരുദതലത്തിൽ വൃദ്ധജന പരിപാലനം പഠനത്തിന്റെ ഭാഗമാക്കും. മറ്റു സർവകലാശാലകളുടെ ബിരുദങ്ങൾ അംഗീകരിക്കും. പുതുതലമുറ കോഴ്സുകൾക്ക് പി.എസ്.സി അംഗീകാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് വിവിധ സർവകലാശാലകൾ വ്യത്യസ്ത ശതമാനം ഗ്രേസ് മാർക്ക് നൽകുന്ന രീതി പുനഃപരിശോധിക്കാനും യോഗം തീരുമാനിച്ചു.
ജോലിക്കായുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയെയും യുക്തിബോധത്തെയും വർഗീയവത്കരിക്കുന്നതിനിടയാക്കുംവിധം ചരിത്രനിരാസം നടത്തുന്നതിൽനിന്ന് കേന്ദ്ര ഭരണാധികാരികളും യു.ജി.സി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളും പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, പ്രോ. വൈസ് ചാൻസലർ, രജിസ്ട്രാർ ഇൻ ചാർജ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.