വിദേശ പഠനം: മലയാളി വിദ്യാർഥികൾ നാല് ശതമാനം മാത്രം, എല്ലാവരും വിദേശത്തേക്ക് എന്ന പ്രചാരണം ശരിയല്ല -മന്ത്രി ആർ. ബിന്ദു
text_fieldsകൊച്ചി: രാജ്യത്തു നിന്ന് വിദേശ വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളിൽ നാല് ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ളവരെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. എല്ലാ കുട്ടികളും വിദേശത്തേക്ക് പോകുന്നുവെന്ന പ്രചാരണം ശരിയല്ല. ആഗോളവത്കരണത്തിന്റെ ഭാഗമായി അതിർത്തിരേഖകൾ അപ്രത്യക്ഷമാകുകയാണ്. വിദേശ വിദ്യാഭ്യാസം മുമ്പത്തേക്കാൾ എളുപ്പത്തിൽ സാധ്യമാകുന്നതും വിദ്യാർഥികളെ ആകർഷിക്കുന്നു.
കുട്ടികൾ പുറത്തുപോയി പഠനം നടത്തരുത് എന്ന് പറയാനല്ല മറിച്ച് അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നൽകുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു.
2000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ചെലവഴിച്ചത്. കേരള, എം.ജി സർവകലാശാലകളിൽ ഒരുക്കിയ ലാബ് കോംപ്ലക്സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതാണ്. കുസാറ്റിലെ ലാബ് സൗകര്യങ്ങൾ ഉന്നത നിലവാരത്തിലാക്കുന്നതിന് 250 കോടി ചെലവഴിച്ചു. പുതിയതായി അവതരിപ്പിച്ച നാലുവർഷ ബിരുദ പ്രോഗ്രാമിനോട് അനുകൂല പ്രതികരണമാണ് ലഭിച്ചുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.