പ്രിൻസിപ്പൽ ക്ലർക്കിന്‍റെ പണിയെടുക്കണമെന്ന ഉത്തരവ്: വെട്ടിലായി വിദ്യാഭ്യാസ വകുപ്പ്, പ്രതിഷേധവുമായി സി.പി.എം സംഘടനയും
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ ക്ലർക്കിന്‍റെ പണിയും ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം.
ഇതിന് പുറമെ ഹയർസെക്കൻഡറി അധ്യാപകർ ദിവസം രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നവരാണെന്ന വസ്തുതുതാവിരുദ്ധ പരാമർശവും അടങ്ങിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പിനെയും വെട്ടിലാക്കിയിട്ടുണ്ട്. ലൈബ്രേറിയന്‍റെ പണി ഹയർസെക്കൻഡറി അധ്യാപകർ ചെയ്യണമെന്നതടക്കമുള്ള വിചിത്ര നിർദേശമുള്ള ഉത്തരവിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും ആക്ഷേപമുയർന്നു.
അധ്യാപക സമൂഹത്തെ ഒന്നടങ്കം അപഹസിക്കുന്നതിന് തുല്യമാണ് ഉത്തരവെന്നും വസ്തുതാവിരുദ്ധമായ ഉത്തരവ് പിൻവലിക്കണമെന്നും വിവിധ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് തള്ളി സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും രംഗത്ത് വന്നു.
അധ്യാപകരെ അപഹസിക്കുന്ന വിധമുള്ള ഉത്തരവിലെ പരാമർശങ്ങൾ അപലപനീയമാണെന്നും പിൻവലിക്കണമെന്നും കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി ആവശ്യപ്പെട്ടു. ഇടത് സർക്കാറിന്‍റെ കാഴ്ചപ്പാടിന് വിരുദ്ധമായ സമീപനമാണിത്. ഉദ്യോഗസ്ഥർ ബോധപൂർവം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിന് വേണ്ടി തയാറാക്കിയ പരാമർശങ്ങൾ വസ്തുതക്ക് നിരക്കുന്നതല്ലെന്നും കെ.എസ്.ടി.എ കുറ്റപ്പെടുത്തി.
അധ്യാപകരെയും പ്രിൻസിപ്പൽമാരെയും അപകീർത്തിപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് ആർ. അരുൺകുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു. അധ്യാപകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സർക്കാറിന്‍റെ നയം അംഗീകരിക്കാനാകില്ലെന്നും ഇരുവരും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.