എൻട്രൻസ് യോഗ്യതയില്ലാത്തവരുടെ എൻജി. പ്രവേശനത്തിലും സംവരണം പാലിക്കണമെന്ന് ഉത്തരവ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും സ്വകാര്യ സ്വാശ്രയ കോളജുകളിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് നൽകുന്ന പ്രവേശനത്തിലും നിയമാനുസൃത സംവരണം ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതിനുള്ള നടപടി പ്രവേശന പരീക്ഷ കമീഷണറും എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല രജിസ്ട്രാറും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതിന് പുറമെ അർഹമായ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കണം.
ചില സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിൽ നിയമാനുസൃത സംവരണം പാലിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഈ വർഷവും എൻട്രൻസ് യോഗ്യത നേടാത്തവർക്ക് പ്രവേശനം നൽകാൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് സംവരണം ഉറപ്പാക്കാനും നിർദേശിച്ചത്. രണ്ട് വർഷം മുമ്പാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ പാസാകാത്തവർക്കും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ കോളജുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അനുമതി നൽകിയത്.
അനുമതി ഓരോ വർഷത്തേക്ക് മാത്രമാണ് നൽകാറുള്ളത്. സ്ഥിരം അനുമതി നൽകണമെന്ന സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം സർക്കാർ തള്ളി. പകരം 2025-26 വർഷത്തേക്ക് മാത്രമാണ് ഉത്തരവിൽ അനുമതി നൽകിയത്. പ്രവേശനം നൽകുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ നിബന്ധന പ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം. പ്രവേശനം നൽകുന്ന വിദ്യാർഥികളുടെ പട്ടിക സർവകലാശാലയുടെ അംഗീകാരത്തിന് വിധേയമായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.