പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് 3.15 ലക്ഷം പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനോത്സവത്തോടെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായി. മൂന്ന് അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ചൊവ്വാഴ്ച പൂർത്തിയാക്കിയാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ക്ലാസുകൾ തുടങ്ങിയത്. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അധ്യയന വർഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിക്കും തുടക്കമാകുകയാണ്. ചരിത്രദൗത്യമായ ഈ ബൃഹത്തായ പദ്ധതിയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മെറിറ്റിൽ 2,72,657, സ്പോർട്സ് ക്വോട്ടയിൽ 4,517, മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 1,124, കമ്യൂണിറ്റി ക്വോട്ടയിൽ 16,945, മാനേജ്മെന്റ് ക്വോട്ടയിൽ 14,701, അൺ എയ്ഡഡ് സ്കൂളുകളിൽ 6,042 ഉൾപ്പെടെ 3,15,986 വിദ്യാർഥികളാണ് ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയത്.
അടുത്ത ഘട്ട അലോട്ട്മെന്റുകൾ കഴിയുന്നതോടെ, എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. മന്ത്രി അഡ്വ. ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയായി.
മെറിറ്റിൽ പ്രവേശനം നേടിയത് 2,72,129 പേർ; ശേഷിക്കുന്നത് 43,644 സീറ്റ്
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ മെറിറ്റ് സീറ്റുകളിൽ പ്രവേശനം നേടിയത് 2,72,129 പേർ. 38,525 പേർ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. 431 പേർക്ക് വിവിധ കാരണങ്ങളാൽ പ്രവേശനം നിഷേധിച്ചു.
മൂന്നാം അലോട്ട്മെന്റിൽ ബാക്കി വന്ന 4688 സീറ്റും ചേർത്ത് മെറിറ്റിൽ ഇനി ശേഷിക്കുന്നത് 43,644 സീറ്റുകളാണ്. ഇതിനു പുറമെ സ്പോർട്സ്, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ അവശേഷിക്കുന്നവ കൂടി ചേർത്തായിരിക്കും ജൂൺ 28 മുതൽ സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുക.
മൂന്നാം അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 50610 പേർ പ്രവേശനം നേടി. ജില്ലയിൽ ഇനി അവശേഷിക്കുന്നത് മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം നേടാത്ത 6267ഉം പ്രവേശനം നിരസിച്ച 46ഉം നേരത്തെ ബാക്കി വന്ന 95ഉം ചേർത്ത് 6408 സീറ്റുകളാണ്. ഇതിനു പുറമെ കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ടകളിൽ അവശേഷിക്കുന്ന സീറ്റുകളും മെറിറ്റ് സീറ്റാക്കി മാറ്റും. ഇവ ചേർത്തായിരിക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവ് പ്രസിദ്ധീകരിക്കുക. സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂൺ 28ന് ശേഷം അപേക്ഷ സ്വീകരിക്കൽ പൂർത്തിയായാൽ സീറ്റ് ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തിലും വ്യക്തത വരും.
ജില്ലകളിൽ മെറിറ്റിൽ പ്രവേശനം നേടിയവരും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരും ക്രമത്തിൽ:
- തിരുവനന്തപുരം-23113, 2804
- കൊല്ലം-19142, 2780
- പത്തനംതിട്ട- 7556, 1409
- ആലപ്പുഴ-14013, 2431
- കോട്ടയം-11039, 2393
- ഇടുക്കി-6040, 1313
- എറണാകുളം-20489, 3464
- തൃശൂർ-22404, 3499
- പാലക്കാട്-24109, 2788
- മലപ്പുറം-50610, 6267
- കോഴിക്കോട്-26877, 4190
- വയനാട്-7789, 973
- കണ്ണൂർ-25033, 2811
- കാസർകോട്-13915, 1403

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.