പ്ലസ് വൺ സീറ്റുകൾ 4,39,184 ആയി വർധിക്കും; സീറ്റ് വർധനക്കും താൽക്കാലിക ബാച്ചിനും ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനംവരെ ആനുപാതിക സീറ്റ് വർധന അനുവദിച്ചും കഴിഞ്ഞവർഷം വരെ തുടർന്ന താൽക്കാലിക ബാച്ചുകൾ ഈ വർഷം തുടരാനും അനുമതി നൽകി സർക്കാർ ഉത്തരവ്.
കഴിഞ്ഞ വർഷം വരെ അനുവദിച്ച 314 താൽക്കാലിക ബാച്ചുകളിൽ 313 എണ്ണം തുടരാനാണ് ഉത്തരവ്. ഇതിനുപുറമെ ഷിഫ്റ്റ് ചെയ്ത 38 ബാച്ചുകളും തുടരും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റാണ് വർധിപ്പിക്കാൻ ഉത്തരവായത്. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവും അനുവദിച്ചു.
കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധനവും അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ ഒഴികെ അഞ്ച് താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചു.
30 ശതമാനം സീറ്റ് വർധന വരുന്ന ബാച്ചുകളിൽ 65 കുട്ടികൾക്കും 20 ശതമാനം വരുന്നവയിൽ 60 കുട്ടികൾക്കും പ്രവേശനം നൽകും. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും വഴി അൺ എയ്ഡഡ് സ്കൂളുകളിലേത് ഉൾപ്പെടെ 4,39,184 സീറ്റുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

