പി.എസ്.സി റാങ്ക് പട്ടിക കാലാവധി നീട്ടൽ സർക്കാറിന് നിയമക്കുരുക്കാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പി.എസ്.സി അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയ തീരുമാനം ഉദ്യോഗാർഥികൾക്ക് ആശ്വാസമാണെങ്കിലും സർക്കാറിന് നിയമക്കുരുക്കാകാൻ സാധ്യത. തെരഞ്ഞെടുത്ത പ്രത്യേക തസ്തികകളുടെ കാലാവധി നീട്ടാൻ നിയമ വ്യവസ്ഥയില്ലെന്നാണ് പി.എസ്.സി നിലപാട്.
കാലാവധി കഴിയാറായ റാങ്ക് പട്ടികകൾ ഒന്നിച്ച് പരിഗണിക്കുകയാണ് പതിവ്. ആദ്യമായാണ് പ്രത്യേക തസ്തികകളുടെ കാലാവധി നീട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപകേതര തസ്തികകളിലെ റാങ്ക് പട്ടികയിലുള്ളവർ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സർക്കാർ ശിപാർശ ലഭിച്ചശേഷം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചേ പി.എസ്.സി തീരുമാനമെടുക്കൂ. നിയമം വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ സർക്കാർ ശിപാർശ പി.എസ്.സി മടക്കിയേക്കും.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിന് തയാറാക്കിയ 18 റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനാണ് കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടാം തവണയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത്. ആഗസ്റ്റ് 31 വരെ കാലാവധിയുണ്ടായിരുന്ന മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ മൂന്നുമാസത്തേക്ക് നീട്ടുകയാണ് ഭരണമേറ്റയുടൻ ചെയ്തത്.
ഒഴിവുകളില്ലാത്തതിനാൽ റാങ്ക് പട്ടിക കാലാവധി നീട്ടൽ ഉദ്യോഗാർഥികൾക്ക് കാര്യമായ പ്രയോജനം ചെയ്യാൻ വഴിയില്ല. തസ്തിക നിർണയത്തിലാണ് കൂടുതൽ അധ്യാപക ഒഴിവ് വരാൻ സാധ്യത. എന്നാൽ, പുനർവിന്യാസത്തിലൂടെ ഇതിലെ ഭൂരിഭാഗം ഒഴിവുകളും നികത്തപ്പെടും. ബാക്കി നാമമാത്ര ഒഴിവുകളായിരിക്കും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. വിരമിക്കൽ, ഹെഡ്മാസ്റ്റർ പ്രമോഷൻ എന്നിവയിലൂടെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെങ്കിലും ജൂൺ, ജൂലൈ വരെ കാക്കണം. നിലവിൽ നീട്ടിയ റാങ്ക്ലിസ്റ്റുകൾക്ക് അടുത്ത മേയ് വരെയേ കാലാവധിയുണ്ടാവൂ.
ഇതിനിടയിൽ വരുന്ന വിരലിലെണ്ണാവുന്ന ഒഴിവുകളിലും നിയമനം ലഭിച്ചേക്കാം. മാത്രമല്ല പുതിയ റാങ്ക് ലിസ്റ്റിലുള്ളവർക്കും വിജ്ഞാപനം കാത്തിരിക്കുന്നവർക്കും റാങ്ക് പട്ടിക കാലാവധി നീട്ടൽ നല്ല വാർത്തയല്ല.
സർക്കാർ തീരുമാനത്തിനെതിരെ പി.എസ്.സി എംപ്ലോയീസ് യൂനിയൻ
തിരുവനന്തപുരം: അധ്യാപക തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ രംഗത്ത്. സർക്കാർ നീക്കം നിയമന നിരോധനം ലക്ഷ്യംവെച്ചാണെന്നാണ് യൂനിയന്റെ ആരോപണം.
വരുംമാസങ്ങളിൽ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന തസ്തികകളിൽ ഒഴിവുണ്ടെങ്കിൽ അവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ മതിയായ സമയമുണ്ട്. അതിന് തയാറാകാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നത് കാരണം പല തസ്തികകളിലേക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
ഇതിനുപകരം ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാകുന്ന രീതിയിൽ മുഴുവൻ ഒഴിവുകളും യഥാസമയം കണ്ടെത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് യൂനിയന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

