പുണെ സായുധസേന മെഡി. കോളജിൽ സൗജന്യ എം.ബി.ബി.എസ് പഠനവും കമീഷൻഡ് ഓഫിസർ ജോലിയും
text_fieldsനീറ്റ്-യു.ജി 2025 റാങ്ക് ജേതാക്കൾക്ക് രാജ്യത്തെ പ്രമുഖ സ്ഥാപനമായ പുണെ സായുധസേന മെഡിക്കൽ കോളജിൽ (എ.എഫ്.എം.സി) സൗജന്യമായി എം.ബി.ബി.എസ് പഠനം നടത്തി ലഫ്റ്റനന്റ് പദവിയിൽ കമീഷൻഡ് ഓഫിസറായി ജോലി നേടാൻ മികച്ച അവസരം. വൈദ്യശാസ്ത്ര ഉന്നത വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ മികവിന്റെ കേന്ദ്രം കൂടിയാണിത്. 1948ലാണ് കോളജ് സ്ഥാപിതമായത്. തുടക്കത്തിൽ ബിരുദാനന്തര കോഴ്സുകൾ മാത്രം.
1962 ൽ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ചു. സായുധസേന മെഡിക്കൽ സർവിസസിലേക്കാവശ്യമായ മെഡിക്കൽ ഓഫിസർമാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇന്നിപ്പോൾ വൈദ്യശാസ്ത്ര ബിരുദ, ബിരുദാനന്തര-ഗവേഷണ പഠനസൗകര്യങ്ങളുമായി എ.എഫ്.എം.സി മുന്നേറുകയാണ്. നാസിക്കിലെ മഹാരാഷ്ട്ര യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സുകൾ നടത്തുന്നത്. പ്രഗല്ഭ അധ്യാപകരും മികച്ച പഠനസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.
എം.ബി.ബി.എസ്: കോഴ്സ് കാലാവധി നാലര വർഷം. തുടർന്ന് ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ് പരിശീലനം. ഈ വർഷം ആകെ 150 സീറ്റുകളാണുള്ളത്. 115 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും.
ഓപ്ഷൻ രജിസ്ട്രേഷൻ: നീറ്റ്-യു.ജി 2025 റാങ്കടക്കം യോഗ്യതയുള്ളവർക്ക് എ.എഫ്.എം.സി എം.ബി.ബി.എസ് പ്രവേശനമാഗ്രഹിക്കുന്നപക്ഷം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന ഓൺലൈൻ കൗൺസലിങ്ങിൽ www.mcc.nic.in ൽ യഥാസമയം (ജൂലൈ 21-28 വരെ) ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. കൗൺസലിങ്/രജിസ്ട്രേഷൻ ഷെഡ്യൂളുകൾ ഇതേ വെബ്സൈറ്റിലുണ്ട്. 1600 ആൺകുട്ടികളും 400 പെൺകുട്ടികളുമടക്കം 2000 പേരുടെ ലിസ്റ്റ് രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സ്ക്രീനിങ്ങിനായി ഷോർട്ട്ലിസ്റ്റ് ചെയ്യും.
സെലക്ഷൻ: സ്ക്രീനിങ് പട്ടികയിലുള്ളരെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് റീസണിങ് , സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവ നടത്തി മെറിറ്റ്ലിസ്റ്റും വെയിറ്റ് ലിസ്റ്റും തയാറാക്കും.
ടെസ്റ്റ് സ്കോറും ഇന്റർവ്യൂ മാർക്കും നീറ്റ് സ്കോറിനൊപ്പം ചേർത്താണ് അന്തിമ മെറിറ്റ്ലിസ്റ്റ് തയാറാക്കുക. സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ് സ്കോർ ഫൈനൽ മെറിറ്റിലേക്ക് പരിഗണിക്കുന്നതല്ല. പ്രവേശന വിവരങ്ങളടങ്ങിയ ബ്രോഷർ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രവേശന യോഗ്യത: അവിവാഹിതർക്കാണ് പ്രവേശനം. കോഴ്സ് കാലയളവിൽ വിവാഹം അനുവദിക്കില്ല. വിവരണ പത്രികയിൽ നിഷ്കർഷിച്ചിട്ടുള്ള മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ്, ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. 2025 ഡിസംബർ 31ന് 17 വയസ്സ് തികയണം. 24 കവിയാനും പാടില്ല.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും ഈ ശാസ്ത്രവിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയും ആദ്യതവണ പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പത്താം ക്ലാസ് പരീക്ഷയിൽ മാത്തമാറ്റിക്സ് വിജയിക്കുകയും വേണം.
പ്രവേശനസമയത്ത് രക്ഷിതാക്കൾ 69 ലക്ഷം രൂപയുടെ ബോണ്ട് ഉൾപ്പെടുന്ന സമ്മതപത്രം നൽകണം. പ്രവേശനം നേടി ഏഴുദിവസത്തിനുശേഷം കോഴ്സ് നിർത്തി പോകുന്ന പക്ഷം ബോണ്ട് തുക (69 ലക്ഷം) കോളജിന് നൽകേണ്ടിവരും. ട്യൂഷൻഫീസും മറ്റ് ഫീസുകളുമടക്കമുള്ള കോഴ്സ് ഫീസാണ് ഈടാക്കുക. പഠനം പൂർത്തിയാക്കുന്നവർ സായുധസേന മെഡിക്കൽ സർവിസസിൽ സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥമാണ്.
ആനുകൂല്യങ്ങൾ: പ്രവേശനം ലഭിക്കുന്നവർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. ട്യൂഷൻ ഫീസടക്കമുള്ള ചെലവുകൾ സർക്കാർ വഹിക്കും. അവധിക്കാലം വീട്ടിൽ വന്ന് പോകുന്നതിന് എ.സി 3 ടിയർ റെയിൽവേ വാറന്റ്, 60,000 രൂപ വാർഷിക ബുക്ക് അലവൻസ്, വാർഷിക സ്റ്റേഷനറി അലവൻസ് 1680 രൂപ, ആദ്യവർഷം 6000 രൂപ യൂനിഫോം അലവൻസ് തുടർന്നുള്ള ഓരോവർഷവും 1250 രൂപ വീതം മെയിന്റനൻസ് അലവൻസ്, പ്രതിമാസ വാഷിങ് അലവൻസ് 840 രൂപ, ചികിത്സാ സഹായം മുതലായ ആനുകൂല്യങ്ങളുമുണ്ട്. പഠനശേഷം സായുധസേന മെഡിക്കൽ സർവിസിൽ സേവനമുനഷ്ഠിക്കാൻ ബാധ്യസ്ഥരാണ്.
എം.ബി.ബി.എസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനന്റ് പദവിയിൽ കമീഷൻഡ് ഓഫിസറായി ആകർഷകമായ ശമ്പളത്തിൽ ജോലി ലഭിക്കുന്നതാണ്. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.