പണി പഠിക്കാം റെയിൽവേക്കൊപ്പം; 2,865 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2,865 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ. ആകെയുള്ള 2,865 ഒഴിവുകളിൽ 1,150 എണ്ണം പൊതുവിഭാഗത്തിലും (യു.ആർ), പട്ടികജാതി (എസ്.സി)-433, പട്ടികവർഗം (എസ്.ടി)-215, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി)-778, സാമ്പത്തികമായി ദുർബലമായ വിഭാഗം (ഇ.ഡബ്ല്യു.എസ്)-289, ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ബി.ഡി)-101, വിമുക്ത ഭടന്മാർ -85, എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി
15 നും 24 നും ഇടയിൽ പ്രായമുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം തരം പൂർത്തിയാക്കിയവരുമായിരിക്കണം അപേക്ഷകർ. തസ്തികയിലേക്ക് യോഗ്യത നേടുന്നതിന് എൻ.സി.വി.ടി / എസ്.സി.വി.ടിയിൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി) കൈവശം ഉണ്ടായിരിക്കണം.
പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് ഇങ്ങനെ
പത്താം തരം/ തത്തുല്യ ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ നേടിയ മാർക്കിന്റെയും ഐ.ടി.ഐ/ ട്രേഡ് പരീക്ഷയിൽ നേടിയ മാർക്കിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.
മെറിറ്റ് ലിസ്റ്റിൽ രണ്ട് പേർക്ക് ഒരേ സ്കോർ ലഭിച്ചാൽ, പ്രായത്തിൽ കൂടുതലുള്ള ആൾക്ക് മുൻഗണന നൽകും. ട്രേഡ്, ജാതി, വിഭാഗം എന്നിവയും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരിഗണിക്കും.
അപേക്ഷ സമർപ്പിക്കാം
റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ wcr.indianrailways.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. 10, 12 ക്ലാസ്, ഐ.ടി.ഐ / ട്രേഡ് സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നീ രേഖകൾ അപ് ലോഡ് ചെയ്ത് നൽകണം.
വിശദമായ അപേക്ഷാ സമർപ്പണ രീതി:
- സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - wcr.indianrailways.gov.in.
- ‘About us’ വിഭാഗത്തിന് കീഴിൽ, ‘recruitment’ ക്ലിക്കുചെയ്യുക.
- തുടർന്ന് , 'Railway Recruitment Cell' ക്ലിക്കുചെയ്യുക, തുടർന്ന് ‘Engagement of Act Apprentices’ ക്ലിക്കുചെയ്യുക.
- ‘Link’ ക്ലിക്കുചെയ്യുക, തുടർന്ന് ‘New Registration’ ക്ലിക്കുചെയ്യുക.
- ട്രേഡ് തിരഞ്ഞെടുത്ത് നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.
- രജിസ്ട്രേഷൻ പൂർത്തിയാക്കുക
അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 29 (രാത്രി 11:59) ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.