മെഡിക്കൽ അധ്യാപക ചട്ടങ്ങളില്‍ ഇളവ്; ലക്ഷ്യം യോഗ്യരായ ഡോക്ടര്‍മാരുടെ എണ്ണം വർധിപ്പിക്കൽ
text_fieldsന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളില്‍ 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള അനധ്യാപക സ്പെഷലിസ്റ്റുകളെയോ കണ്‍സള്‍ട്ടന്റുമാരെയോ ഇനി മുതല്‍ അസോസിയേറ്റ് പ്രഫസര്‍മാരായി നിയമിക്കാം. രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ള അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്ക് സീനിയര്‍ റെസിഡന്‍സി നിര്‍ബന്ധമെന്ന നിബന്ധനയും ഒഴിവാക്കി.
220 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രികളെ പഠന കേന്ദ്രങ്ങളാക്കാമെന്നും നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ (എൻ.എം.സി) പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. 2022ലെ ചട്ടപ്രകാരം അനധ്യാപക ഡോക്ടര്‍മാര്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആകണമെങ്കില്‍ 330 കിടക്കകളുള്ള പഠനേതര ആശുപത്രികളിലെ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമായിരുന്നു. മാത്രമല്ല ഇത്തരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളായി മാറുകയും വേണം.
പുതിയ ചട്ടപ്രകാരം, 220 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ച ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് അസിസ്റ്റന്റ് പ്രഫസറാകാം. സീനിയര്‍ റെസിഡന്റായി സേവനമനുഷ്ഠിക്കണമെന്ന് നിര്‍ബന്ധമില്ല. ബയോമെഡിക്കല്‍ ഗവേഷണത്തില്‍ നിയമനം നേടി രണ്ടു വര്‍ഷത്തിനകം അടിസ്ഥാന കോഴ്സ് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയുണ്ട്.
യോഗ്യരായ അധ്യാപകരുടെ എണ്ണം വർധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എൻ.എം.സിയുടെ കീഴിലുള്ള ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത്. എം.ബി.ബി.എസ്, എം.ഡി, എം.എസ് സീറ്റുകള്‍ വർധിപ്പിക്കാനും ലക്ഷ്യമിടുന്നതായി കൗൺസിൽ വ്യക്തമാക്കി.
അടുത്ത അഞ്ച് കൊല്ലംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂടി വർധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മെഡിക്കൽ വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരുടെ ക്ഷാമം രൂക്ഷമായിരുന്നു. അതു പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. രണ്ട് അധ്യാപകരും രണ്ട് സീറ്റുകളുമുണ്ടെങ്കില്‍ ഇപ്പോള്‍ ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങാം. നേരത്തേ മൂന്ന് അധ്യാപകരും ഒരു സീനിയര്‍ റെസിഡന്റും എന്നതായിരുന്നു മാനദണ്ഡം. നിരവധി സ്പെഷലൈസ്ഡ് സീറ്റുകളിലേക്കും കിടക്കകളുടെ എണ്ണം സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
ദേശീയ വൈദ്യ സേവന പരീക്ഷാ ബോര്‍ഡ് (എൻ.ബി.ഇ.എം.എസ്) അംഗീകാരമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൂന്നു വര്‍ഷത്തെ അധ്യാപന പ്രവൃത്തി പരിചയമുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍ക്ക് പ്രഫസര്‍മാരാകാം. ഡിപ്ലോമ ഉള്ള സ്പെഷലിസ്റ്റ് അല്ലെങ്കില്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആറു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരാകാം. എൻ.എം.സിയിലോ സര്‍വകലാശാലയിലോ മെഡിക്കല്‍ കൗണ്‍സിലിലോ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലോ സര്‍ക്കാറുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഗവേഷണ രംഗത്തോ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കണക്കാക്കാമെന്നും പുതിയ ചട്ടത്തില്‍ പറയുന്നു.
പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് യു.ജി, പി.ജി കോഴ്സുകള്‍ ഒരേസമയം തുടങ്ങാനും അനുമതിയുണ്ട്. സീനിയര്‍ റെസിഡന്റാകാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സായി പുനര്‍നിശ്ചയിച്ചു. പ്രീ ക്ലിനിക്കല്‍, പാരാ ക്ലിനിക്കല്‍ വിഷയങ്ങളായ അനാട്ടമി, സൈക്കോളജി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, പാതോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന് തുടങ്ങിയവക്കാണ് ഇതു ബാധകം.
ബിരുദാനന്തര ബിരുദമുള്ളവരുടെ ട്യൂട്ടര്‍മാരായോ ഡെമോണ്‍സ്ട്രേറ്റര്‍മാരായോ ഉള്ള പ്രവൃത്തിപരിചയം അസിസ്റ്റന്റ് പ്രഫസര്‍മാരായി പരിഗണിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കും. ഗുണമേന്മയുള്ള മെഡിക്കല്‍ വിദ്യാഭ്യാസം താൽപര്യമുള്ള എല്ലാവര്ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.