Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

text_fields
bookmark_border
വിവാദമായതോടെ മന്ത്രിയുടെ ഇടപെടലിലാണ് നടപടി
അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു
cancel

തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് പാസാകാത്തവരെ പിരിച്ചുവിടാനും സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്താനും നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിച്ചു. വ്യാപക പ്രതിഷേധം ഉയർന്നതോടെ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടാണ് സർക്കുലർ പിൻവലിക്കാൻ നിർദേശം നൽകിയത്. പുതുക്കിയ സർക്കുലർ പിന്നീട് പുറപ്പെടുവിക്കുമെന്ന് ഇതുസംബന്ധിച്ച അറിയിപ്പിൽ പറഞ്ഞു.

കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മന്ത്രിതല യോഗം നടത്തിയിരുന്നു. എന്നാൽ, യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉത്തരവായും ഇതിനെ അടിസ്ഥാനപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറായും പുറപ്പെടുവിച്ചത്. കെ-ടെറ്റ് യോഗ്യത നേടാത്തവരെ പിരിച്ചുവിടണമെന്നോ നിലവിൽ സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തണമെന്നോ മന്ത്രിതല യോഗത്തിൽ തീരുമാനമുണ്ടായിരുന്നില്ല.

ഒക്ടോബർ 31ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിന് ആധാരമായ ഒക്ടോബർ 29ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിലും പിരിച്ചുവിടാനും തരംതാഴ്ത്താനും നിർദേശമില്ലായിരുന്നു. എന്നാൽ, 2025 സെപ്റ്റംബർ ഒന്നിനോ ശേഷമോ ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ചവരെ മാനേജർമാർ പറഞ്ഞുവിടണമെന്നും ഈ തീയതിക്ക് ശേഷം ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം ലഭിച്ചവരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദേശിക്കുകയായിരുന്നു. ഒട്ടേറെ പേർക്ക് ഇതിനകം സ്ഥാനക്കയറ്റം നൽകിയതിനാൽ ഇവരെ തരംതാഴ്ത്താനുള്ള നിർദേശം സ്കൂളുകളുടെ പ്രവർത്തനങ്ങളെ പോലും പ്രതികൂലമായി ബാധിക്കും. സ്ഥാനക്കയറ്റം നൽകിയതുവഴിയുണ്ടായ ഒഴിവുകളിലേക്ക് പകരം നിയമനം നൽകുകയും ചെയ്തിട്ടുണ്ട്.

സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തുന്നതുവഴി പുതുതായി നിയമനം ലഭിച്ചവർ കൂട്ടത്തോടെ പുറത്തുപോകുന്ന സാഹചര്യവുമുണ്ടാകും. സർവിസിലുള്ളവർക്ക് ടെറ്റ് യോഗ്യത നേടാൻ സുപ്രീംകോടതി രണ്ടുവർഷം സമയം അനുവദിച്ചിട്ടും ലഭിച്ച പ്രൊമോഷനും നിയമനാംഗീകാരവും റദ്ദാക്കാനുള്ള സർക്കുലർ നിയപരമല്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

2025 സെപ്റ്റംബർ ഒന്നിനാണ് കെ-ടെറ്റ് നിർബന്ധമാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഈ തീയതിക്കോ ശേഷമോ യോഗ്യതയില്ലാതെ നിയമിക്കപ്പെട്ടവരെങ്കിൽ അവരെ മാനേജർമാർ പിരിച്ചുവിടണമെന്നാണ് വിവാദ ഉത്തരവിൽ പറഞ്ഞിരുന്നത്. മാതൃതസ്തികക്ക് ആവശ്യമായ കെ-ടെറ്റ് യോഗ്യത നേടാതെ 2025 സെപ്റ്റംബർ ഒന്നിനോ ശേഷമോ സ്ഥാനക്കയറ്റം നൽകപ്പെട്ട്, സ്ഥാനക്കയറ്റ തസ്തികയിൽ നിയമനാംഗീകാരം ലഭിക്കാതെ തുടരുന്നവരുണ്ടെങ്കിൽ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണം. കെ-ടെറ്റ് യോഗ്യത നേടാത്തതും എന്നാൽ, പി.എസ്.സിയിൽനിന്ന് നിയമന ശിപാർശ ലഭിച്ചതുമായ ഉദ്യോഗാർഥികളുണ്ടെങ്കിൽ താൽക്കാലിക നിയമനം നൽകാം.

ഇവർ അതത് തസ്തികക്ക് നിർദേശിച്ച യോഗ്യത നേടുന്ന മുറക്ക് അവരുടെ ശിപാർശ സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കാം. ഇപ്രകാരം കെ-ടെറ്റ് യോഗ്യത നേടാൻ സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ച പരിധിക്കപ്പുറം സമയം അനുവദിക്കില്ല. 2025 സെപ്റ്റംബർ ഒന്നിനു മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തതും കെ-ടെറ്റിന് പകരമായി അന്ന് പരിഗണിക്കാവുന്ന സമാന യോഗ്യതകളുണ്ടായിരുന്നിട്ടും കെ- ടെറ്റ് നേടിയില്ലെന്ന കാരണത്താൽ ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് ദിവസവേതനം അനുവദിക്കാം.

2025 സെപ്റ്റംബർ ഒന്നിനു മുമ്പ് നിയമനാംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂൾ അധ്യാപകർക്കും സർക്കാർ സ്കൂൾ അധ്യാപകർക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗ്രേഡ്, ഇൻക്രിമെന്‍റ് ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തിയെങ്കിൽ അത് കാലതാമസമില്ലാതെ അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Relief for Teachers: The Order to Dismiss Teachers Without K-TET Has Been Withdrawn
Next Story