നീറ്റ് പി.ജി പരീക്ഷ; കണ്ണൂരിന് അഭിമാനമായി ഡോ. ഗ്രീഷ്മ
text_fieldsമാതാപിതാക്കൾക്കൊപ്പം ഗ്രീഷ്മ ഗൗതമൻ
കണ്ണൂർ: ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയിൽ (നീറ്റ്-പി.ജി) കണ്ണൂർ സ്വദേശിനിക്ക് രണ്ടാം റാങ്ക്. താഴെചൊവ്വയിലെ ഗൗതമന്റെയും കെ.സി. ഷൈമയുടെയും മകൾ ഡോ. ഗ്രീഷ്മ ഗൗതമനാണ് അഭിമാനകരമായ നേട്ടം കൊയ്തത്.
705 മാർക്ക് നേടി ഗ്രീഷ്മ രാജ്യത്ത് രണ്ടാമതെത്തിയപ്പോൾ രണ്ട് മാർക്കിന്റെ വ്യത്യാസത്തിലാണ് ഒന്നാം റാങ്ക് നഷ്ടമായത്. തോട്ടട സെന്റ് ഫ്രാൻസിസ് കോൺവെൻറ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഗ്രീഷ്മ എൻട്രൻസ് പരീക്ഷയിൽ കേരളയിൽ 530 റാങ്കും നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേർന്നത്.
രണ്ടര ലക്ഷത്തോളം പരീക്ഷാർഥികളിൽനിന്ന് രണ്ടാം റാങ്ക് സ്വന്തമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. ഒമ്പത് മാസം ചിട്ടയായ പഠനവും നിരന്തര പരിശീലനവുമാണ് വിജയത്തിലേക്ക് നയിച്ചത്. പരീക്ഷയോട് അടുത്തുള്ള ദിവസങ്ങളിൽ പഠനം 12 മണിക്കൂർ വരെ നീണ്ടു. ചോദ്യോത്തരങ്ങൾ പരിശീലിക്കലിലാണ് ശ്രദ്ധ പതിപ്പിച്ചതെന്നും ഗ്രീഷ്മ പറയുന്നു. എം.ബി.ബി.എസ് പൂർത്തിയാക്കി ഒരുവർഷം കോഴിക്കോട് ഡാംസിലെ പരിശീലനത്തിനുശേഷം ആഗസ്റ്റ് മൂന്നിനായിരുന്നു പി.ജി നീറ്റ് പരീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.